അമേരിക്കൻ സംസ്ഥാനമായ മിനസോട്ട ടിക്‌ടോക്കിനെതിരെ നിയമനടപടി ആരംഭിച്ചതായി റിപ്പോർട്ട്. ടിക്‌ടോക്ക് കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് അവരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ആൽഗോറിതം (addictive algorithm) ഉപയോഗിക്കുന്നു എന്നും ഇത് മൂലം കുട്ടികൾ മണിക്കൂറുകളോളം ചെറിയ വീഡിയോകളിൽ ലയിച്ചിരിക്കുന്ന അവസ്ഥയിലാകുന്നു എന്നുമാണ് ആരോപണം.
ടിക്‌ടോക്ക് വഞ്ചനാപരമായ വ്യാപാര രീതികൾ (deceptive trade practices) ഉപയോഗിക്കുന്നു എന്നും ഉപഭോക്തൃ തട്ടിപ്പ് (consumer fraud) നടത്തുന്നു എന്നുമാണ് സംസ്ഥാനം കോടതിയിൽ ഫയൽ ചെയ്ത കേസിൽ പറയുന്നത്. “ഇത് സ്വതന്ത്ര പ്രസംഗത്തെക്കുറിച്ച് അല്ല. ഇത് വഞ്ചനയും കൃത്രിമത്വത്തെയും സംബന്ധിച്ചതാണ്. കമ്പനി അപകടങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയില്ല” എന്ന് മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ പറഞ്ഞു.
അതേസമയം മിനസോട്ട ഉൾപ്പെടെ ഇപ്പോൾ 24 സംസ്ഥാനങ്ങൾ ടിക്‌ടോക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. 2022-ൽ 14 സംസ്ഥാനങ്ങൾ ചേർന്ന് ടിക്‌ടോക്ക് ഉപയോഗിക്കുന്ന കുട്ടികളിൽ വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ അന്വേഷിച്ച് ദേശവ്യാപക അന്വേഷണവും ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം തന്നെ നിരവധി സംസ്ഥാനങ്ങൾ ടിക്‌ടോക്ക് കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കുന്നു എന്നാരോപിച്ച് കേസുകൾ ഫയൽ ചെയ്തിരുന്നു.
അതേസമയം “കുട്ടികളിൽ വിഷാദം, ആശങ്ക, ആത്മവിശ്വാസക്കുറവ്, കോപം, ശ്രദ്ധ കുറയുക എന്നിവ വർധിച്ചുവരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇതിന് ടിക്‌ടോക്ക് വലിയ കാരണമാണ്” എന്നാണ് മിനസോട്ടയിലെ സ്കൂൾ അധ്യാപകൻ ഷോൺ പാഡൻ വ്യക്തമാക്കുന്നത്.
അതേസമയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടിക്‌ടോക്ക് അമേരിക്കൻ ഉടമസ്ഥതയിൽ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. ടിക്‌ടോക്കിന്റെ 170 ദശലക്ഷം അമേരിക്കൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്പനി കൈകാര്യം ചെയ്യുന്നതിൽ വലിയ ആശങ്കയുണ്ട്. ട്രംപ് ആദ്യം ടിക്‌ടോക്ക് നിരോധിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും, പിന്നീട് അദ്ദേഹം തന്നെ ആപ്പിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത് 15 ദശലക്ഷത്തിലധികം ഫോളോവേഴ്സ് നേടി.
എന്നാൽ ടിക്‌ടോക്ക് ആരോപണങ്ങൾ നിഷേധിച്ചു. കേസിലെ ആരോപണങ്ങൾ തെറ്റായവയാണ് എന്നും യുവാക്കളെ സംരക്ഷിക്കാൻ ടിക്‌ടോക്ക് ഇതിനകം തന്നെ 50-ത്തിലധികം സുരക്ഷാ ഫീച്ചറുകൾ നടപ്പിലാക്കിയിട്ടുണ്ട് എന്നും കമ്പനി വക്താവ് നാഥാനിയേൽ ബ്രൗൺ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്