വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രീയ വിജയം സമ്മാനിച്ചുകൊണ്ട്, കുടിയേറ്റ വിരുദ്ധ നടപടികള്‍ കര്‍ശനമാക്കുന്നതിനുള്ള 70 ബില്യണ്‍ ഡോളറിന്റെ പ്രത്യേക ഫണ്ട് ബില്‍ യുഎസ് സെനറ്റ് പാസാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് (ഉഒട) കീഴിലുള്ള ഐസ് (ICE - Immigration and Customs Enforcement) ഏജന്‍സിക്കാണ് ഈ തുക അനുവദിക്കുക. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന വോട്ടെടുപ്പില്‍ 47-നെതിരെ 52 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ പാസാക്കിയത്.
ബില്‍ ഇനി അന്തിമ അനുമതിക്കായി ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് അയക്കും. ഡെമോക്രാറ്റുകള്‍ ഒന്നടങ്കം ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ അംഗമായ സെനറ്റര്‍ ലിസ മുര്‍കോവ്‌സ്‌കി മാത്രമാണ് ട്രംപിന്റെ പാര്‍ട്ടിയില്‍ നിന്ന് ബില്ലിനെതിരെ വോട്ട് ചെയ്തത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ട്രംപ് ലക്ഷ്യമിടുന്ന വിവാദപരമായ കൂട്ട നാടുകടത്തല്‍ നടപടികള്‍ക്ക് വേഗത കൂട്ടാന്‍ ഈ വന്‍ തുക സഹായിക്കും.
ട്രംപിന്റെ രാഷ്ട്രീയ സഖ്യകക്ഷികള്‍ക്കെതിരെ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി മാറ്റിവെച്ചിരിക്കുന്ന 1.8 ബില്യണ്‍ ഡോളറിന്റെ വിവാദ ആന്റി-വെപ്പണൈസേഷന്‍ ഫണ്ട് നിരോധിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം സെനറ്റ് തള്ളി. ഈ ഫണ്ടിനെ ഡെമോക്രാറ്റിക് ലീഡര്‍ ചക്ക് ഷൂമര്‍ ട്രംപിന്റെ കൂട്ടാളികള്‍ക്കായുള്ള അഴിമതിപ്പണം എന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍, നിര്‍ദ്ദിഷ്ട അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് ഈ ഫണ്ടുമായി മുന്നോട്ട് പോകില്ലെന്ന് ഹൗസ് കമ്മിറ്റിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് റിപ്പബ്ലിക്കന്‍ സെനറ്റ് ലീഡര്‍ ജോണ്‍ ത്യൂന്‍ വ്യക്തമാക്കി. അതേസമയം ഈ ഫണ്ട് രൂപീകരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ബുധനാഴ്ചയും ട്രംപ് ആവര്‍ത്തിച്ചിരുന്നു. ടോഡ് ബ്ലാഞ്ചിനെ നീതിന്യായ വകുപ്പിന്റെ തലവനായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്‌തേക്കുമെന്നാണ് സൂചന.
വോട്ടിംഗിനിടയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും പരസ്യമായി. ഈ ഫണ്ട് നിരോധിക്കണമെന്ന ചക്ക് ഷൂമറുടെ ആദ്യ പ്രമേയത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ സൂസന്‍ കോളിന്‍സ്, ജോണ്‍ ഹസ്റ്റഡ്, ഡാന്‍ സള്ളിവന്‍ എന്നിവര്‍ പിന്തുണച്ചു. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നേരിടുന്നവരാണ് ഈ നേതാക്കള്‍. എന്നിരുന്നാലും, 49 നെതിരെ 50 വോട്ടുകള്‍ക്ക് ഡെമോക്രാറ്റുകളുടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
സാധാരണ ബജറ്റ് നടപടിക്രമങ്ങള്‍ ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നതെന്നും വിവാദ ഫണ്ട് ഒഴിവാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ചാണ് സെനറ്റര്‍ ലിസ മുര്‍കോവ്‌സ്‌കി ബില്ലിനെതിരെ വോട്ട് ചെയ്തത്. അടുത്ത ആഴ്ചയോടെ മാത്രമേ ജനപ്രതിനിധി സഭ ഈ ബില്ലിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രവാസികളെയും യുഎസിലെ കുടിയേറ്റക്കാരെയും വന്‍തോതില്‍ ബാധിക്കുന്നതാണ് പുതിയ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
