വാഷിംഗ്ടൺ: കാലിഫോർണിയ സംസ്ഥാനത്തിന്റെ കർശനമായ വാഹന പുകമലിനീകരണ ചട്ടങ്ങൾ റദ്ദാക്കാനായി റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള യു.എസ് കോൺഗ്രസിന് അയക്കാനുള്ള പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (EPA) നീക്കം തടഞ്ഞ് വാഷിംഗ്ടൺ ഫെഡറൽ കോടതി. ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഇ.പി.എ കൈക്കൊണ്ട നടപടിയാണ് ഡിസ്ട്രിക്റ്റ് ജഡ്ജ് ബെറിൽ ഹോവൽ ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കിയത്.
കാലിഫോർണിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, കാറുകൾ, ട്രക്കുകൾ, ഗാർഡൻ ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുമായി മുൻ ഡെമോക്രാറ്റിക് ഭരണകൂടങ്ങൾ അനുവദിച്ച പ്രത്യേക ഇളവുകൾ റദ്ദാക്കാനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
ഡെമോക്രാറ്റുകൾക്ക് സ്വാധീനമുള്ള സെനറ്റിൽ 60 വോട്ടുകൾ ആവശ്യമുള്ള സാധാരണ നിയമനിർമ്മാണ പാത ഒഴിവാക്കി, 'കോൺഗ്രഷണൽ റിവ്യൂ ആക്ട്' (CRA) ഉപയോഗിച്ച് കേവല ഭൂരിപക്ഷത്തോടെ ഇത് റദ്ദാക്കാനാണ് ഇ.പി.എ ശ്രമിച്ചത്.
ഇളവുകൾ നിയമങ്ങളോ ചട്ടങ്ങളോ അല്ലെന്നും അതിനാൽ സി.ആർ.എ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാട്ടി കാലിഫോർണിയ നൽകിയ ഹർജിയിലാണ് വിധി. ഇ.പി.എയുടെ ഈ നടപടി നിയമത്തെ കബളിപ്പിക്കുന്നതാണെന്നും, ഇല്ലാത്ത വ്യാഖ്യാനങ്ങൾ നൽകാൻ ഏജൻസി ശ്രമിക്കുകയാണെന്നും ജഡ്ജി നിരീക്ഷിച്ചു.
ജൂണിന് മുൻപുള്ള പഴയ സ്ഥിതി പുനഃസ്ഥാപിക്കാൻ കോടതി ഏജൻസിയോട് നിർദ്ദേശിച്ചു. ഈ വിധി കാലിഫോർണിയയിലെ 4 കോടി ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണെന്ന് പരിസ്ഥിതി പ്രവർത്തകർ സ്വാഗതം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
