കാലിഫോർണിയ: എൽ നിനോ പ്രതിഭാസത്തെത്തുടർന്ന് കനത്ത മഴയ്ക്ക് സാധ്യതയേറുന്നതിനിടെ, അമേരിക്കയിലെ കാലിഫോർണിയയിൽ അറ്റകുറ്റപ്പണി ആവശ്യമായ 57 അണക്കെട്ടുകളുണ്ടെന്ന് സംസ്ഥാന ഓഡിറ്ററുടെ റിപ്പോർട്ട്. കാലപ്പഴക്കം ചെന്ന അണക്കെട്ടുകൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശം, സാൻ ഡിയേഗോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആശങ്ക.
തിങ്കളാഴ്ച പുറത്തുവിട്ട പരിശോധനാ റിപ്പോർട്ട് പ്രകാരം, മേയ് മാസത്തിലെ കണക്കനുസരിച്ച് 57 അണക്കെട്ടുകൾ മോശം അല്ലെങ്കിൽ തൃപ്തികരമല്ലാത്ത അവസ്ഥയിലാണ്. പഴക്കമുള്ള കൂടുതൽ അണക്കെട്ടുകളുടെ സുരക്ഷ അധികൃതർ വീണ്ടും വിലയിരുത്തുന്നതിനാൽ ഈ എണ്ണം ഇനിയും ഉയർന്നേക്കാം.
അപകടസാധ്യത കൂടുതലോ അതീവ കൂടുതലോ ഉള്ള വിഭാഗത്തിൽപ്പെടുന്ന 40 അണക്കെട്ടുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ജനസാന്ദ്രതയേറിയ തീരദേശ നഗരങ്ങൾക്ക് സമീപമാണ് ഇവയിൽ പലതും. ഈ അണക്കെട്ടുകൾ തകർന്നാൽ 15 ലക്ഷം വരെ ആളുകളുടെ ജീവൻ അപകടത്തിലാകാനും 26,500 കോടി ഡോളറിലധികം സാമ്പത്തിക നഷ്ടമുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
2017-ൽ ഓറോവിൽ അണക്കെട്ടിന്റെ അധികജലമൊഴുക്കു പാത തകരാറിലായതിനെത്തുടർന്ന് ഏകദേശം രണ്ട് ലക്ഷം പേരെ ഒഴിപ്പിക്കേണ്ടിവന്നിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന അണക്കെട്ടുടമകൾക്കെതിരെ പിഴ ചുമത്താനും മറ്റ് നടപടികൾ സ്വീകരിക്കാനും സംസ്ഥാന ജലവിഭവ വകുപ്പിന് നിയമസഭ അധികാരം നൽകിയത്.
എന്നാൽ, നിയമലംഘനം നടത്തിയ അണക്കെട്ടുടമകൾക്കെതിരെ ഈ അധികാരം ഇതുവരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഉപയോഗിച്ചിട്ടില്ലെന്ന് ഓഡിറ്റ് കണ്ടെത്തി. ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് 44 അണക്കെട്ടുകളുടെ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന എൻജിനീയർമാർ ശുപാർശ ചെയ്തിരുന്നു.
പഴക്കവും സാമ്പത്തിക പ്രതിസന്ധിയും
അണക്കെട്ടുകളുടെ കാലപ്പഴക്കമാണ് പ്രധാന പ്രശ്നം. നിലവിലുള്ളതിനേക്കാൾ കുറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിന്നിരുന്ന കാലത്താണ് പല അണക്കെട്ടുകളും നിർമിച്ചത്. അറ്റകുറ്റപ്പണികൾക്കായി ഉടമകൾ മുൻകൂട്ടി പണം മാറ്റിവയ്ക്കണമെന്ന് നിയമം നിർബന്ധമാക്കിയിരുന്നില്ല.
ഇതോടെ കോൺക്രീറ്റ് തകരുക, അണക്കെട്ടുകളിൽ ചെളിയും മണ്ണും അടിഞ്ഞുകൂടുക, വെള്ളപ്പൊക്കത്തിൽ അധികജലമൊഴുക്കു പാതകൾക്ക് കേടുപാടുകൾ സംഭവിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ പല ഉടമകൾക്കും ആവശ്യമായ പണമില്ലാത്ത സ്ഥിതിയാണ്.
1,220-ലധികം അണക്കെട്ടുകളുടെ സുരക്ഷയാണ് സംസ്ഥാന ജലവിഭവ വകുപ്പ് നിരീക്ഷിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും തൃപ്തികരമായ നിലയിലാണ്. എന്നാൽ, അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടങ്ങൾ, വൈദ്യുതി-ജലവിതരണ സ്ഥാപനങ്ങൾ, ജല ഏജൻസികൾ, സ്വകാര്യ വ്യക്തികൾ, കമ്പനികൾ എന്നിവർക്കാണ്. മോശം അവസ്ഥയിലുള്ള ചില അണക്കെട്ടുകൾ സംസ്ഥാന ഏജൻസികളുടെ ഉടമസ്ഥതയിലുമുണ്ട്.
അണക്കെട്ട് തകർച്ചകൾ അപൂർവമാണെങ്കിലും സംഭവിച്ചാൽ വൻ ദുരന്തമുണ്ടാകാം. ഓറോവിൽ സംഭവത്തിനു പുറമെ, 1928-ൽ ലോസ് ആഞ്ചലസിന് വടക്കുപടിഞ്ഞാറുള്ള സെന്റ് ഫ്രാൻസിസ് അണക്കെട്ട് തകർന്നതും വലിയ ദുരന്തത്തിന് ഉദാഹരണമാണ്.
അണക്കെട്ടുകളുടെ പരിശോധനാ സംവിധാനം മികച്ചതാണെന്ന് ഓഡിറ്റർ വിലയിരുത്തിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളും ആസൂത്രണ ആവശ്യകതകളും പാലിക്കാത്ത ഉടമകൾക്കെതിരെ നടപടിയെടുക്കാത്തതിനെ വിമർശിച്ചു. ഇതുമൂലം ഗുരുതരമായ സുരക്ഷാ വീഴ്ചകൾ തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഒരു അണക്കെട്ടിന്റെ അധികജലമൊഴുക്കു പാതയിൽ 47 അടി വീതിയുള്ള ദ്വാരം 30 വർഷത്തിലേറെയായി അറ്റകുറ്റപ്പണി നടത്താതെ കിടക്കുന്നതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത് തകർച്ചയിലേക്കോ വെള്ളപ്പൊക്കത്തിലേക്കോ നയിച്ചാൽ ഏകദേശം 300 പേരെ ബാധിക്കാനും 8.8 കോടി ഡോളറിലധികം നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. സുരക്ഷാ കാരണങ്ങളാൽ അണക്കെട്ടിന്റെ പേര് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല.
അണക്കെട്ടുടമകൾക്കെതിരായ നടപടികൾക്കുള്ള ചട്ടങ്ങൾ 2022-ൽ അന്തിമമാക്കിയെങ്കിലും, പ്രത്യേക വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും നിയമനടപടികൾ നേരിടാനുള്ള ചെലവ് താങ്ങാനാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ജലവിഭവ വകുപ്പ് ഓഡിറ്ററെ അറിയിച്ചു.
നാല് വർഷം മുമ്പ് വരൾച്ചയെ നേരിടുന്നതിനും ജലലഭ്യത ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികൾക്ക് പ്രാധാന്യം നൽകിയിരുന്നു. എന്നാൽ, 2024-ൽ അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ധനസഹായ പദ്ധതിയുടെ വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു.
പിന്നീട് 2024-ൽ നടന്ന ജനഹിതപരിശോധനയിലൂടെ പദ്ധതിക്ക് 46.4 കോടി ഡോളർ ലഭിച്ചു. ഈ വർഷം സെപ്റ്റംബറിൽ അമേരിക്കൻ ഫെഡറൽ ദുരന്തനിവാരണ ഏജൻസി കാലിഫോർണിയയ്ക്ക് 6,29,198 ഡോളർ കൂടി അനുവദിച്ചതായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ വക്താവ് ജേസൺ ഇൻസ് അറിയിച്ചു.
എന്നാൽ, തൃപ്തികരമല്ലാത്ത അവസ്ഥയിലുള്ള അണക്കെട്ടുകൾ അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കാൻ ഏകദേശം 2,800 കോടി ഡോളർ വേണ്ടിവരുമെന്നാണ് കണക്ക്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ലഭിച്ച ധനസഹായം വളരെ കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അപകടസാധ്യത കൂടുതലോ അതീവ കൂടുതലോ ഉള്ള അണക്കെട്ടുകളുടെ ഉടമകൾ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമുള്ള പദ്ധതികൾ നിശ്ചിത സമയത്തിനകം സമർപ്പിക്കണമെന്ന് നിയമസഭ ഉറപ്പാക്കണം. കൂടാതെ, നിയമലംഘനം നടത്തുന്ന ഉടമകൾക്കെതിരെ നടപടിയെടുക്കാനുള്ള ജലവിഭവ വകുപ്പിന്റെ അധികാരങ്ങൾ വിപുലീകരിക്കുകയും നിലവിലുള്ള അധികാരങ്ങൾ പൂർണമായി പ്രയോഗിക്കുകയും വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
മറ്റ് നടപടികൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അണക്കെട്ടുകൾ അടച്ചുപൂട്ടാനും സ്ഥിരമായി ഉപയോഗത്തിൽനിന്ന് നീക്കാനും ഉത്തരവിടാനുള്ള അധികാരം ജലവിഭവ വകുപ്പിന് നൽകുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
സംസ്ഥാന ഓഡിറ്ററുമായി അടുത്ത് സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് ജലവിഭവ വകുപ്പിലെ വെള്ളപ്പൊക്ക നിയന്ത്രണ-സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലോറ ഹോളണ്ടർ പറഞ്ഞു. എന്നാൽ, റിപ്പോർട്ടിലെ ചില കണ്ടെത്തലുകളോടും ശുപാർശകളോടും വകുപ്പിന് വിയോജിപ്പുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം, ശുപാർശകൾ വിശദമായി പരിശോധിച്ചുവരികയാണെന്നും എൽ നിനോ കാലാവസ്ഥാ പ്രതിഭാസത്തെ തുടർന്ന് ഉണ്ടാകാവുന്ന സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
മഴക്കാലം അടുത്തെത്തിയിട്ടും സംസ്ഥാനത്തുടനീളമുള്ള അണക്കെട്ടുകളുടെ അടിയന്തര ദുരന്തനിവാരണ പദ്ധതികൾ പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അണക്കെട്ട് തകർന്നാൽ ജനങ്ങളെയും സ്വത്തുക്കളെയും എങ്ങനെ സംരക്ഷിക്കുമെന്നത് വ്യക്തമാക്കുന്ന അടിയന്തര പദ്ധതികൾക്ക് 245 അണക്കെട്ടുകൾക്ക് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല.
ആവശ്യമായ തിരുത്തലുകൾ അണക്കെട്ടുടമകൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് അധികൃതർ വിശദീകരിച്ചത്. കൂടാതെ, ഈ പദ്ധതികൾ പൂർത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് നിലവിലെ നിയമം നിർബന്ധിക്കുന്നുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
