ഷിക്കാഗോ : മറ്റൊരു ക്രിസ്തുമസ് കാലം കൂടി ആഗതമാകുമ്പോൾ, പുതിയൊരു ക്രിസ്മസ് കരോൾ ഗാനം ഷിക്കാഗോയിൽ നിന്നും പുറത്തിറങ്ങുന്നു. വോയിസ് ഓഫ് ആഡംസിന്റെ ബാനറിൽ കെ.വി. ടിവിയുടെ സഹകരണത്തോടെ ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോയാണ് ഉണ്ണിയേശുവെ എന്ന ക്രിസ്മസ് കരോൾ ഗാനം നിർമ്മിക്കുന്നത്. ഷിക്കാഗോയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും ഗാനശുശ്രൂഷാ മേഖലയിൽ ചിരപരിചിതനുമായ അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീത സംവിധാനവും ചെയ്യുന്ന ഈ കരോൾ ഗാനം ആലപിച്ചിരിക്കുന്നത് പൂർണ്ണമായും ഷിക്കാഗോയിൽ നിന്ന് തന്നെയുള്ള ഗായകാരാണ്. സിംഫണി മ്യൂസിക്ക് ഷിക്കാഗോയുടെ ബാനറിൽ സജി മാലിത്തുരുത്തേൽ, ജോബി പണയപ്പറമ്പിൽ, മനീഷ് കൈമൂലയിൽ, ജീവൻ തോട്ടിക്കാട്ട്, ലിഡിയ സൈമൺ, അമ്മു തൊട്ടിച്ചിറ, ടെസ്സി തോട്ടിക്കാട്ട്, എലിസബത്ത് തോട്ടിക്കാട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിക്കാഗോ ബെൻ സ്റ്റുഡിയോയിൽ ബെന്നി തോമസ് റിക്കോർഡിങ്ങ് നിർവ്വഹിച്ച്, പ്രദീപ് ടോം ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പകർത്തിയിരിക്കുന്നത് സജി പണയപറമ്പിലാണ്. വളരെയെളുപ്പം ഏവർക്കും ഏറ്റുപാടാൻ സാധിക്കത്തക്കവിധത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഗാനത്തിൽ ഏതാനും കുട്ടികൾക്കും പാടുവാൻ അവസരം നൽകിയിട്ടുണ്ട്.
പൂർണ്ണമായും ഷിക്കാഗോയിലെ ഗായകർക്ക് അവസരം നൽകികൊണ്ട് ഇദംപ്രഥമമായാണ് ഒരു ഗാനം പുറത്തിറങ്ങുന്നത്. അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീതവും നിർവ്വഹിച്ച് പിറവം വിൽസണും അമ്മു തൊട്ടിച്ചിറയും ആലപിച്ച 'അണയാം ദൈവജനമേ' എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം വോയിസ് ഓഫ് ആഡം ഇന്റർനാഷണൽ മ്യൂസിക്ക് പ്രൊഡക്ഷന്റെ ഭാഗമായി ഷിക്കാഗോയിൽ നിന്നും വീണ്ടും ഒരു ഹിറ്റ് ഗാനം കൂടി തയ്യാറാക്കുവാൻ ശക്തി പകർന്ന ദൈവത്തിന് നന്ദി പറയുന്നതായി വോയ്‌സ് ഓഫ് ആഡം കോർഡിനേറ്റർ അജിത് ബേബി അറിയിച്ചു. ഈ ഉദ്യമത്തിൽ സാമ്പത്തിക പിന്തുണയുമായി മുന്നോട്ട് വന്ന ബിനു & ജിഷ പൂത്തുറയിൽ, ബിനോയി & ജിജോ പൂത്തുറയിൽ, ജോണിക്കുട്ടി & ശാലോം പിള്ളവീട്ടിൽ, KVTV എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഈ ഗാനം ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുമെന്നും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു ക്രിസ്മസ് കരോൾ ഗാനമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഷിക്കാഗോയിൽ നിന്നും നിരവധി ഗാനങ്ങൾ കാലാകാലങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട് എങ്കിലും, ഷിക്കാഗോയിലെ കലാകാരന്മാർക്ക് പൂർണ്ണമായും അവസരം നൽകികൊണ്ട് ഒരു ഗാനം പുറത്തിറക്കുവാൻ സാധിക്കുക എന്നത് ഏറെ അഭനന്ദനീയമായ കാര്യമാണ് എന്ന് സിംഫണി മ്യൂസിക്ക് ഷിക്കാഗോയ്ക്ക് നേതൃത്വം നൽകുന്ന സജി മാലിത്തുരുത്തേൽ അറിയിച്ചു. ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും ഈ ഗാനത്തിന് പിന്തുണയും പ്രോത്സാഹനവും നൽകി അനുഗ്രഹിക്കണമെന്നും അദ്ദേഹം അറിയിച്ചു. നവംബർ 15 ശനിയാഴ്ച്ച രാവിലെ പത്തുമണിക്കാണ് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലിൽ ഈ ഗാനം റിലീസ് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
