ഇ. ജീന്‍ കരോള്‍ മാനനഷ്ടക്കേസ്: 83 ദശലക്ഷം ഡോളറിന്റെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സുപ്രീം കോടതിയില്‍

JULY 28, 2026, 7:43 PM

വാഷിംഗ്ടണ്‍: എഴുത്തുകാരി ഇ. ജീന്‍ കരോളിന് 83.3 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പ്രസിഡന്റായിരിക്കെ നടത്തുന്ന ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പ്രസിഡന്‍ഷ്യല്‍ ഇമ്മ്യൂണിറ്റി തനിക്ക് ബാധകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഒരു യു.എസ് പ്രസിഡന്റിന് ഔദ്യോഗിക പദവിയിലിരിക്കെ നടത്തിയ പ്രതികരണങ്ങളുടെ പേരില്‍ സാമ്പത്തിക ബാധ്യത ചുമത്തുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണെന്ന് ഹര്‍ജിയില്‍ അഭിഭാഷകര്‍ വാദിക്കുന്നു. 2019 ല്‍ പ്രസിഡന്റായിരിക്കെ, വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ട്രംപ് ആരോപണങ്ങള്‍ നിഷേധിച്ച് സംസാരിച്ചത്. തന്റെ വ്യക്തിപരമായ പെരുമാറ്റത്തെയും പദവിക്ക് അനുയോജ്യനായ വ്യക്തിയാണോ എന്നതിനെയും ചോദ്യം ചെയ്തുള്ള ആരോപണങ്ങളോടാണ് ട്രംപ് അന്ന് പ്രതികരിച്ചതെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

2024 ല്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക ചുമതലകള്‍ക്ക് സംരക്ഷണം നല്‍കുന്ന സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി നിലനില്‍ക്കെ, സെക്കന്‍ഡ് സര്‍ക്യൂട്ട് അപ്പീല്‍ കോടതി ഇത് പരിഗണിക്കാന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. പ്രസിഡന്റുമാര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് കേസ് ഭീഷണി നേരിടേണ്ടി വന്നാല്‍ അത് ഭരണസംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് ട്രംപിന്റെ അഭിഭാഷകരായ റോബര്‍ട്ട് ജെ. ഗിയുഫ്രയും മൈക്കല്‍ സി. മാര്‍ട്ടിനിച്ച്-സൗട്ടറും വാദിക്കുന്നത്.

1990 കളുടെ മധ്യത്തില്‍ ന്യൂയോര്‍ക്കിലെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ജീന്‍ കരോളിന്റെ ആരോപണം. ഈ ആരോപണം വ്യാജമാണെന്ന് 2019 ല്‍ ട്രംപ് പരസ്യമായി പറഞ്ഞതിനെ തുടര്‍ന്നാണ് കരോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് 2023 ല്‍ നടന്ന വിചാരണയില്‍ ട്രംപ് ബലാത്സംഗം ചെയ്തുവെന്ന ആരോപണം കോടതി തള്ളിയെങ്കിലും ലൈംഗികതിക്രമത്തിനും മാനനഷ്ടത്തിനും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2024 ജനുവരിയില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജൂറി കരോളിന് 83.3 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെടുകയായിരുന്നു.

ഏപ്രില്‍ മാസത്തില്‍ സെക്കന്‍ഡ് സര്‍ക്യൂട്ട് അപ്പീല്‍ കോടതി ട്രംപിന്റെ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. എന്നാല്‍ അപ്പീല്‍ കോടതി വിധി ചൂണ്ടിക്കാട്ടി കരോളിന്റെ നിയമ സംഘം വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam