വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലേറിയ ശേഷം ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ആയിരക്കണക്കിന് പേരെ മാതൃരാജ്യത്തേക്ക് നാടുകടത്തിയിരുന്നു. ഈ നാടുകടത്തല്‍ നടപടി ഇനിയും അവസാനിക്കില്ലെന്ന സൂചനയാണ് ഭരണകൂടം നല്‍കുന്നത്.
ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് താല്‍ക്കാലികമായി അനുവദിച്ചിരുന്ന നിയമപരമായ സംരക്ഷണമാണിപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലേക്ക് വന്ന, ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 5,32,000 പേര്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. ഇവരെ ഒരു മാസത്തിനുള്ളില്‍ നാടുകടത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇവരുടെ നിയമപരമായ എല്ലാ പരിരക്ഷകളും റദ്ദാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
സ്‌പോണ്‍സര്‍ഷിപ്പോടെയാണ് ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ എത്തിയത്. യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് ഇവര്‍ക്ക് അനുവദിച്ചിരുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഈ പ്രത്യേക സ്‌പോണ്‍സര്‍ഷിപ്പ് പരിപാടി ആവിഷ്‌കരിച്ചത്. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യുഎസില്‍ പ്രവേശിക്കാനും താല്‍ക്കാലികമായി ജോലി ചെയ്ത് താമസിക്കാനും അനുവദിച്ചിരുന്ന പദ്ധതിയാണിത്.
ഹ്യുമാനിറ്റേറിയന്‍ പരോള്‍ ഫോര്‍ ക്യൂബന്‍സ്, ഹെയ്തിയന്‍സ്, നിക്കരാഗ്വന്‍സ്, വെനിസ്വേലന്‍സ് എന്നാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. ഈ നാല് രാജ്യങ്ങളില്‍ നിന്ന് പ്രതിമാസം 30,000 പേര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് അമേരിക്കയില്‍ താമസിക്കാന്‍ മുന്‍ ബൈഡന്‍ ഭരണകൂടം അനുവദിച്ചിരുന്നു. ഇനി ഈ പദ്ധതിയിലൂടെ അന്യരാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഏപ്രില്‍ 24 നകം ഇവരുടെ നിയമപരമായ സംരക്ഷണം അവസാനിക്കും. അതിന് മുന്‍പ് രാജ്യം വിടണമെന്നാണ് നിര്‍ദേശം.
യുഎസില്‍ നിയമവിരുദ്ധമായി കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍തന്നെ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്