കെഎച്ച്.എൻ.എയുടെ നവ നേതൃനിരയിലേക്ക് ഒരു പിടി പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമായി ടീം ശക്തി ഫോർ ഐക്യം അവരുടെ സ്ഥാനാർത്ഥികളെ സമൂഹത്തിനു പരിചയപ്പെടുത്തുന്ന 'അനുഗ്രഹ' സദസ്സ് ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തുകയുണ്ടായി. 25 വർഷം എന്ന വെള്ളി വെളിച്ചത്തിന്റെ ശോഭയിൽ നിന്ന് സുവർണ്ണ ശോഭയിലേക്കുള്ള സംഘടനയുടെ യാത്ര ആരംഭിക്കുന്ന ഈ വേളയിൽ ടീം ശക്തി ഫോർ ഐക്യം പാരമ്പര്യത്തിന്റെ കാവൽക്കാരായും, കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാനും അതോടൊപ്പം വരും തലമുറക്കായി ഹൈന്ദവ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാനപരമായ ആശയങ്ങൾ മുന്നോട്ടു വച്ചു കൊണ്ടുമാണ് ഹിന്ദു സമൂഹത്തിനു മുമ്പിൽ ശക്തമായ നേതൃനിരയെ പരിചയപ്പെടുത്തിയത്.
സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു പാനൽ തന്നെയാണ് ടീം ശക്തി ഫോർ ഐക്യം എന്ന ഈ കൂട്ടായ്മയുടെ മുതൽക്കൂട്ട്. ആചാര്യന്മാരുടെയും, സംഘടനയുടെ തുടക്കം മുതലുള്ള നേതാക്കളുടേയും കെ.എച്ച്.എൻ.എ കുടുംബാംങ്ങളുടെയും അനുഗ്രഹാശ്ശിസ്സുകളോടെയും, മന്ത്രോച്ചാരണങ്ങളുടെ നിറവിലും നില വിളക്ക് തെളിയിച്ചാണ് അനുഗ്രഹ സദസ്സിനു തുടക്കം കുറിച്ചത്. സ്വാമി ചിതാനന്ദ പുരി, സ്വാമി സച്ചിതാനന്ദ, മഹർഷി ശാന്താനന്ദ സരസ്വതി, ആറ്റുകാൽ തന്ത്രി പരമേശ്വരൻ വാസുദേവൻ, സൂര്യകാലടി സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ, ബി.ജെ.പി യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, അജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഏറെ നാളുകളായി കെ.എച്ച്.എൻ.എയുടെ വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുത്ത കാലിഫോണിയയിൽ നിന്നുള്ള ആതിര സുരേഷിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന കൂട്ടായ്മക്ക് പകരം വെക്കാൻ മറ്റൊന്നുണ്ടോ എന്ന് സംശയമാണ്. കെ.എച്ച്.എൻ.എ മൈഥിലി മാ, ലോലിപോപ് പരിപാടികൾക്ക് നേതൃത്വം നൽകുന്ന ആതിര സുരേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും, സനാതന ധർമ്മ വിശ്വാസങ്ങൾക്ക് വേണ്ടി അടിയുറച്ചു പ്രവർത്തിച്ച ന്യൂയോർക്കുകാർക്ക് സുപരിചിതയായ ഡോ. പദ്മജ പ്രേം സെക്രട്ടറി സ്ഥാനാർഥിയായും, അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിനു മുഖവുര ആവശ്യം ഇല്ലാത്ത രവി വെള്ളത്തേരി ട്രഷറർ സ്ഥാനത്തേക്കും, കെ.എച്ച്.എൻ.എയുടെ തുടക്കം മുതൽ പ്രവർത്തിക്കുന്ന മഹാദേവ ശർമ്മ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായും, നിലവിലെ ഡയറക്ടർ ബോർഡ് അംഗം ഡോ. ഉമാ അയ്യർ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായും, ഐടി പ്രൊഫഷണലായ ബിനു കമൽ ജോയിന്റ് ട്രഷർ സ്ഥാനത്തേക്കും മത്സരിക്കുന്ന വിവരം ഔദ്യോഗികമായി സദസ്സിനെ അറിയിച്ചപ്പോൾ, കഴിവുറ്റ നേതൃനിരയുടെ നേർസാക്ഷ്യം ആയിരുന്നു അത്.
കെ.എച്ച്.എൻ.എയുടെ ആദ്യകാലം മുതൽ, പല പരിപാടികളും ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കുകയും നിലനിർത്താൻ ക്രിയാത്മകയാ ഇടപെടലുകൾ നടത്തുകയും ചെയ്ത ശശി മേനോനാണ് ടീം ശക്തി ഫോർ ഐക്യം എന്ന കൂട്ടായ്മ അവതരിപ്പിക്കുന്ന ട്രസ്റ്റീ ബോർഡ് ചെയർ സ്ഥാനാർഥി. കാലമേറെയായി കെ.എച്ച്.എൻ.എ എന്ന വലിയ കുടുംബത്തിലെ അംഗമായ ബാഹുലേയൻ രാഘവൻ ട്രസ്റ്റീ സെക്രട്ടറിയായാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഭാവി പരിപാടികളും നടപ്പിലാകാൻ പോവുന്ന ആശയങ്ങളും കൃത്യതയോടെ വിനിമയം നടത്തിയ വേദിയിൽ പല പ്രമുഖരും ടീം ശക്തി ഫോർ ഐക്യം എന്ന കൂട്ടായ്മക്ക് ആശംസകൾ അറിയിച്ചു.
ജാതിമതങ്ങൾക്ക് അതീതമായി, സാമൂഹിക അന്തരങ്ങൾക്കതീതമായി, മറ്റുള്ളവരിലെ നന്മയെ നമിച്ചുകൊണ്ടും കഴിവുകളെ അംഗീകരിച്ചുകൊണ്ടും ഒരു സംഘടനയുടെ മൂല്യങ്ങളെ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി, അധികാര യുദ്ധങ്ങളിലെ കേവല ജയത്തിനു വേണ്ടി അടിയറവു വെക്കാതെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്ത ടീം ശക്തി ഫോർ ഐക്യം എന്ന കൂട്ടായ്മയെ വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹം വലിയ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത് ?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്