വാഷിങ്ടൺ:അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കാലിഫോർണിയയിലെ 20,000ത്തിലധികം വോട്ടർമാരുമായി ബന്ധപ്പെട്ട ബാലറ്റുകൾ പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ആവശ്യം യു.എസ്. സുപ്രീംകോടതി തള്ളി.
നവംബർ രണ്ടിനാണ് സുപ്രീംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പൗരത്വ യോഗ്യത സംബന്ധിച്ച് സംശയമുള്ളതായി ഫെഡറൽ ഭരണകൂടം ചൂണ്ടിക്കാട്ടിയ വോട്ടർമാരുടെ ബാലറ്റുകൾ പരിശോധിക്കുന്നതുവരെ മറ്റു വോട്ടുകളിൽനിന്ന് വേർതിരിച്ചു സൂക്ഷിക്കണമെന്നായിരുന്നു ആവശ്യം.
അമേരിക്കൻ പൗരന്മാരല്ലാത്ത ചിലർ കാലിഫോർണിയയിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയമാണ് ഫെഡറൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് മുന്നോട്ടുവച്ചത്.
എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് അധികൃതർ ഈ വാദത്തെ ശക്തമായി എതിർത്തു. ഫെഡറൽ ഭരണകൂടത്തിന്റെ പട്ടികയിൽ നിരവധി യഥാർഥ അമേരിക്കൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്നും ചില പേരുകൾ നിലവിലെ സജീവ വോട്ടർപട്ടികയിൽ ഇല്ലെന്നും അധികൃതർ അറിയിച്ചു.
അടിയന്തര നടപടികൾ ആയിരക്കണക്കിന് യോഗ്യരായ വോട്ടർമാരുടെ വോട്ടവകാശത്തെ ബാധിക്കുമെന്നും തിരഞ്ഞെടുപ്പ് നടപടികളിൽ അനാവശ്യമായ ആശയക്കുഴപ്പം
സൃഷ്ടിക്കുമെന്നും കാലിഫോർണിയ സർക്കാർ കോടതിയിൽ വാദിച്ചു. നേരത്തെ ഫെഡറൽ ജില്ലാ കോടതിയും അപ്പീൽ കോടതിയും ഭരണകൂടത്തിന്റെ ആവശ്യം നിരസിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.
സുപ്രീംകോടതി അടിയന്തര ഇടപെടൽ നടത്താൻ വിസമ്മതിച്ചതോടെ ബാലറ്റുകൾ മാറ്റിവയ്ക്കാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നില്ല. ഉത്തരവിന് വിശദമായ കാരണം കോടതി നൽകിയിട്ടില്ല. ഇതിനിടെ പൗരത്വ യോഗ്യതയില്ലാത്തവർ വോട്ടർ രജിസ്ട്രേഷൻ നടത്തിയെന്നോ വോട്ട് ചെയ്തെന്നോ ആരോപിച്ച് ഫെഡറൽ അധികൃതർ ചിലർക്കെതിരെ ക്രിമിനൽ നടപടികളും ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ആരോപണവിധേയമായ ചില വ്യക്തിഗത സംഭവങ്ങൾ സംസ്ഥാനത്ത് വ്യാപകമായ തിരഞ്ഞെടുപ്പ് ക്രക്കേട് നടന്നുവെന്ന് തെളിയിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് അധികൃതരും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം അമേരിക്കൻ പൗരന്മാർക്കാണ്.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
