ന്യൂയോര്‍ക്ക്: സായുധ സംഘര്‍ഷങ്ങള്‍ക്കിടയിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രയേല്‍, റഷ്യന്‍ സുരക്ഷാ സേനകളെ ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തടവിലാക്കപ്പെട്ടവരോടും സാധാരണക്കാരോടും ഇരു രാജ്യങ്ങളുടെയും സുരക്ഷാ സേനകള്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ കാട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സുരക്ഷാ കൗണ്‍സിലില്‍ സമര്‍പ്പിക്കാനിരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് പുറത്തുവിട്ടത്. ഈ പ്രത്യേക റിപ്പോര്‍ട്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇസ്രയേല്‍, റഷ്യന്‍ സുരക്ഷാസേനകള്‍ കരിമ്പട്ടികയില്‍ ഇടംപിടിക്കുന്നത്.
ഗാസയിലും വെസ്റ്റ് ബാങ്കിലും തടവിലാക്കപ്പെട്ട പലസ്തീന്‍ സ്വദേശികളായ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെ ഇസ്രയേല്‍ പ്രതിരോധ സേനയും പ്രിസണ്‍ സര്‍വീസും ക്രൂരമായ ലൈംഗിക പീഡനങ്ങളും നഗ്‌നരാക്കി അപമാനിക്കലും നടത്തിയതായി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. അതേപോലെ ഉക്രെയ്ന്‍ അധിനിവേശ പ്രദേശങ്ങളിലും തടങ്കല്‍ പാളയങ്ങളിലും ഉക്രെയ്ന്‍ യുദ്ധത്തടവുകാര്‍ക്കും സാധാരണക്കാര്‍ക്കും നേരെ റഷ്യന്‍ സൈന്യം വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതായി യുഎന്‍ കണ്ടെത്തി. ഇതില്‍ ഇരയാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇരുരാജ്യങ്ങള്‍ക്കും സെക്രട്ടറി ജനറല്‍ കരിമ്പട്ടികയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഉക്രെയ്‌നിലും പലസ്തീനിലും അതിക്രമങ്ങള്‍ തുടര്‍ന്ന പശ്ചാത്തലത്തിലാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎന്‍ തീരുമാനിച്ചത്. പീഡന വിവരങ്ങള്‍ നേരിട്ട് അന്വേഷിക്കാന്‍ എത്തിയ യുഎന്‍ പ്രതിനിധികള്‍ക്ക് ഇരുരാജ്യങ്ങളും പ്രവേശനം നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ കരിമ്പട്ടികയില്‍ ആകെ 12 രാജ്യങ്ങളില്‍ നിന്നുള്ള 77 ഓളം സര്‍ക്കാര്‍-ഇതര സായുധ ഗ്രൂപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരരെ കഴിഞ്ഞ വര്‍ഷം തന്നെ യുഎന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുഎന്‍ നടപടിക്ക് പിന്നാലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഓഫീസുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചു. ഹമാസ്, ഐസിസ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കൊപ്പം ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കിയത് യുഎന്നിന്റെ ധാര്‍മ്മിക തകര്‍ച്ചയാണെന്ന് യുഎന്നിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനന്‍ കുറ്റപ്പെടുത്തി. യുഎന്നിന്റേത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് റഷ്യയും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
