ഇസ്ലാമാബാദിലെ രണ്ടാം ഘട്ട യുഎസ്-ഇറാന്‍ ചര്‍ച്ച: ജെ.ഡി വാന്‍സ് തന്നെ നേതൃത്വം നല്‍കുമെന്ന് വൈറ്റ് ഹൗസ്

APRIL 19, 2026, 6:47 PM

വാഷിങ്ടണ്‍: ഇസ്ലാമാബാദില്‍ നടക്കുന്ന രണ്ടാം ഘട്ട യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നേതൃത്വം നല്‍കുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ വാന്‍സ് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവസാന നിമിഷം ഈ തീരുമാനം മാറ്റിയെന്നാണ് വിവരം.

ബുധനാഴ്ച നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തില്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാക്കാനാണ് വൈസ് പ്രസിഡന്റ് തന്നെ നേരിട്ട് എത്തുന്നത്. വാന്‍സിനൊപ്പം ഏപ്രില്‍ 11, 12 തീയതികളില്‍ ഇസ്ലാമാബാദില്‍ വെച്ചുതന്നെ നടന്ന ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്ത ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരും യുഎസിന്റെ നയതന്ത്ര സംഘത്തിലുണ്ടാകും. ആദ്യ ചര്‍ച്ച തീരുമാനമില്ലാതെ അവസാനിച്ചതിനാല്‍ ഇത്തവണത്തെ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.

അതേസമയം ഇറാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നാവിക ഉപരോധം അവസാനിപ്പിക്കാതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് ഇറാനെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ തെസ്നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി പ്രസിഡന്റ് ട്രംപ് വീണ്ടും രംഗത്തെത്തിയത് ചര്‍ച്ചകളുടെ അന്തരീക്ഷത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍, ഇറാന്‍ ന്യായമായ ഒരു കരാറിന് തയ്യാറാകുന്നില്ലെങ്കില്‍ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ വൈദ്യുതി നിലയങ്ങള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഹോര്‍മുസിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. തന്ത്രപ്രധാനമായ ഈ കപ്പല്‍പ്പാത ഇറാന്‍ വീണ്ടും അടച്ചിരുന്നു. കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam