ന്യൂയോര്‍ക്ക്: മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രലോകം. പുതിയ കണ്ടെത്തലിലൂടെ ആയുസ് 200 വര്‍ഷം വരെ നീട്ടാന്‍ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 'നേച്ചര്‍' ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന സസ്തനികളായ ബൊഹെഡ് തിമിംഗലങ്ങളില്‍ (Bowhead Whales) കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനാണ് ഈ മാറ്റത്തിന് പിന്നിലെ രഹസ്യം. യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്ററിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ബൊഹെഡ് തിമിംഗലങ്ങളില്‍ CIRBP എന്ന ഡിഎന്‍എ റിപ്പയര്‍ പ്രോട്ടീന്‍ മനുഷ്യരേക്കാള്‍ 100 മടങ്ങ് അധികമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ജനിതക തകരാറുകള്‍ പരിഹരിക്കാനും കോശങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കാനും ഈ പ്രോട്ടീന്‍ സഹായിക്കുന്നുവെന്നും പഠനം പറയുന്നു. ശാസ്ത്രജ്ഞര്‍ ലാബില്‍ മനുഷ്യ കോശങ്ങളിലും ഈച്ചകളിലും ഈ പ്രോട്ടീന്‍ പരീക്ഷിച്ചു. രണ്ട് സാഹചര്യങ്ങളിലും ഡിഎന്‍എ റിപ്പയര്‍ മികച്ച രീതിയില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈച്ചകളുടെ ആയുസ് വര്‍ദ്ധിപ്പിക്കാനും ഈ പ്രോട്ടീന് സാധിച്ചുവെന്ന് പഠനം പറയുന്നു.
അതിശൈത്യമുള്ള ആര്‍ട്ടിക് കടലിലാണ് ഈ തിമിംഗലങ്ങള്‍ ജീവിക്കുന്നത്. കുറഞ്ഞ താപനില ശരീരത്തില്‍ CIRBP പ്രോട്ടീന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരില്‍ ഈ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചാണ് ശാസ്ത്രജ്ഞരുടെര്‍ ഇപ്പോഴത്തെ ആലോചന. തണുത്ത വെള്ളത്തിലുള്ള കുളി പോലുള്ള ജീവിതശൈലീ മാറ്റങ്ങള്‍ ഇതിന് സഹായിച്ചേക്കാമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്.
മനുഷ്യന് 200 വര്‍ഷത്തെ ആയുസ് എന്നതൊക്കെ സ്വപ്നമാണെങ്കിലും, ഡിഎന്‍എയിലെ കേടുപാടുകള്‍ പരിഹരിച്ച് വാര്‍ദ്ധക്യത്തെ തടയാനുള്ള ശാസ്ത്രത്തിന്റെ ശ്രമങ്ങളില്‍ ഈ കണ്ടെത്തല്‍ ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
