ഹെറിറ്റേജ് ഡേ ആഘോഷം നവംബർ 8 ന്
ഫിലഡൽഫിയ: മികവുറ്റ സാമൂഹിക, സാംസ്കാരിക, കാരുണ്യ, പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികൾക്ക്, പ്രത്യേകിച്ച് മലയാളികത്തോലിക്കർക്ക് മാതൃകയായി സേവനത്തിന്റെ 47 വർഷം പൂർത്തിയാക്കുന്ന വിശാലഫിലാഡൽഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായ്ക്ക് (ഐ.എ.സി.എ.) 20252026 ലേക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
അസോസിയേഷന്റെ വാർഷികപൊതുയോഗം പുതിയ ഭാരവാഹികളായി തോമസ് സൈമൺ (പ്രസിഡന്റ്), ജോഷ്വ ജേക്കബ് (വൈസ് പ്രസിഡന്റ്), ചാർലി ചിറയത്ത് (ജനറൽ സെക്രട്ടറി), മെർലിൻ മേരി അഗസ്റ്റിൻ (ജോയിന്റ് സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റ്യൻ (ട്രഷറർ), ഫിലിപ് (ബിജു), ജോൺ (ജോയിന്റ് ട്രഷറർ), അനീഷ് ജയിംസ് (മുൻ പ്രസിഡന്റ് എക്സ് ഒഫീഷ്യോ) എന്നിവരെ തെരഞ്ഞെടുത്തു.
ഫിലാഡൽഫിയ സീറോമലബാർഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെ. ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, തോമസ് നെടുമാക്കൽ, അലക്സ് ജോൺ, ഓസ്റ്റിൻ ജോൺ, ജോസഫ് തോമസ് എന്നിവർ ഡയറക്ടർമാരായി ഐ.എ.സി.എ. ഡയറക്ടർ ബോർഡും പുനസംഘടിപ്പിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് മാളേയ്ക്കൽ, സണ്ണി പടയാറ്റിൽ, ജോസഫ് മാണി, ഫിലിപ്പ് എടത്തിൽ, ജസ്റ്റിൻ തോമസ്, റോമിയോ ഡാൽഫി, ബിജു സക്കറിയ, കുരുവിള ജെയിംസ് (ജെറി), സേവ്യർ മൂഴിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
നവംബർ 8 ശനിയാഴ്ച്ച 'ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരു കുടക്കീഴിൽ' എന്ന ആപ്തവാക്യത്തിലൂന്നി ഇൻഡ്യൻ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങൾ സംഘടിപ്പിക്കും. ഇൻഡ്യൻ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, വിശ്വാസപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കത്തോലിക്കർ ഒരേ കുടക്കീഴിൽ അണിനിരന്ന് ഒന്നിച്ചർപ്പിക്കുന്ന ദിവ്യബലി, പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയായിരിക്കും ഹെറിറ്റേജ് ഡേ ആഘോഷപരിപാടികൾ.
ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധപ്രവർത്തനങ്ങളുടെ സമാപനമായാണ് പൈതൃക ദിനാഘോഷം സംഘടിപ്പിക്കുന്നത്. കാരുണ്യപ്രവർത്തിയിലൂന്നിയ വസ്ത്രശേഖരണവും, ആവശ്യക്കാർക്കുള്ള വിതരണവും, വർഷിക പിക്നിക്, ക്രിസ്മസ്/പുതുവർഷ ആഘോഷങ്ങൾ, സാമൂഹ്യപ്രസക്തിയുള്ള വിവിധ സെമിനാറുകൾ, ബൈബിൾ ക്വിസ്, രോഗീ സന്ദർശനം എന്നിവ പ്രവർത്തനപരിപാടികളിൽ ചിലതു മാത്രം.
1970 കളുടെ ആദ്യപകുതിമുതൽ അമേരിക്കയിൽ കുടിയേറി ഫിലാഡൽഫിയാ റീജിയണിൽ താമസമുറപ്പിച്ച കേരളീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാ വിശ്വാസികൾ 1978 ൽ ഒത്തുകൂടി ചെറിയ ഒരു അത്മായ സംഘടനയായി തുടക്കമിട്ട ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ (ഐ.എ.സി.എ.) വളർച്ചയുടെ പടവുകൾ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു സ്നേഹകൂട്ടായ്മയായി ഇന്ന് തലയുയർത്തി നിൽക്കുന്നു.
ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി അമേരിക്കയിലെത്തിയ ആദ്യതലമുറയിൽപെട്ട സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കുടുംബങ്ങൾ സമൂഹവളർച്ചക്ക് നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. പ്രവാസജീവിതത്തിൽ മാതൃഭാഷയിൽ ബലിയർപ്പിക്കാൻ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് അഞ്ചുദശാബ്ദക്കാലം സ്വന്തംകുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവർക്ക് നല്ലൊരു ഭാവിയുണ്ടാക്കിക്കൊടുക്കുന്നതിൽ ഇവർ വിജയം കണ്ടെത്തി.
രണ്ടാം തലമുറയിൽനിന്നും വൈദികരെയും, കന്യാസ്ത്രികളെയും, ഔദ്യോഗികതലത്തിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിനു പ്രദാനം ചെയ്ത് അമേരിക്കൻ സമ്പത് വ്യവസ്ഥക്ക് മുതൽക്കൂട്ടായിട്ടുണ്ട്.
പുതിയതലമുറയെ ചേർത്തുനിർത്തി തങ്ങളുടെ മഹത്തായ പൈതൃകവും, ഓരോ സമൂഹത്തിന്റെയും തനതായ പാരമ്പര്യങ്ങളും പുതുതലമുറക്ക് കൈമാറുന്നതിനും, സ്നേഹകൂട്ടായ്മയിലൂടെ നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നതിനും ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ എന്ന അംബ്രല്ലാ ഓർഗനൈസേഷൻ ലക്ഷ്യമിടുന്നു.
ജോസ് മാളേയ്ക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്