പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തടയാന്‍ പുതിയ വാക്‌സിന്‍: ആദ്യ മനുഷ്യ പരീക്ഷണം വന്‍ വിജയം

JULY 22, 2026, 9:16 PM

ന്യൂയോര്‍ക്ക്: പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വരാന്‍ ഉയര്‍ന്ന സാധ്യതയുള്ള വ്യക്തികളില്‍ രോഗം ആരംഭത്തിലേ തടയുന്നതിനായി വികസിപ്പിച്ച പുതിയ വാക്‌സിന്‍ ആദ്യഘട്ട മനുഷ്യ പരീക്ഷണത്തില്‍ മികച്ച ഫലം നല്‍കുന്നു. അമേരിക്കയിലെ ബള്‍ട്ടിമോറിലുള്ള ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് എം.കെ.ആര്‍.എ.എസ്-വാക്‌സ് എന്ന പരീക്ഷണാത്മക വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ പ്രശസ്തമായ കാന്‍സര്‍ ഡിസ്‌കവറി ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാരമ്പര്യമായി പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വരാന്‍ സാധ്യതയുള്ളവരും, സ്‌കാനിംഗിലൂടെ പാന്‍ക്രിയാറ്റിക് സിസ്റ്റുകള്‍ കണ്ടെത്തിയതുമായ 20 പേരിലാണ് ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഇവര്‍ക്ക് മുന്‍പ് ക്യാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല. ഗവേഷണ ഭാഗമായി ഒന്ന്, മൂന്ന്, അഞ്ച് ആഴ്ചകളില്‍ തുടര്‍ച്ചയായ കുത്തിവെപ്പുകളും, പതിമൂന്നാം ആഴ്ചയില്‍ ഒരു ബൂസ്റ്റര്‍ ഡോസുമാണ് പങ്കെടുത്തവര്‍ക്ക് നല്‍കിയത്. പാന്‍ക്രിയാറ്റിക് ക്യാന്‍സറുകളില്‍ 90 ശതമാനത്തിലധികത്തിനും കാരണമാകുന്ന കെ.ആര്‍.എ.എസ് ജീനിലെ ആറ് പ്രധാന മ്യൂട്ടേഷനുകളെ ലക്ഷ്യമിട്ടാണ് ഈ വാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരീക്ഷണത്തില്‍ പങ്കെടുത്ത 20 പേരില്‍ 18 പേരിലും (90%) മികച്ച പ്രതിരോധ ശേഷി സൃഷ്ടിക്കാന്‍ വാക്‌സിന് സാധിച്ചു. ഇതിലൂടെ ശരാശരി 18 മടങ്ങ് കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തന ശേഷി ശരീരത്തില്‍ വര്‍ദ്ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. അസാധാരണ കോശങ്ങളെ നശിപ്പിക്കുന്നവയും ദീര്‍ഘകാല പ്രതിരോധ ഓര്‍മ്മ നല്‍കുന്നവയുമായ രണ്ടുതരം ടി-സെല്ലുകളെ ഉല്‍പ്പാദിപ്പിക്കാന്‍ ഈ വാക്‌സിന് കഴിഞ്ഞു. പരീക്ഷണത്തിന് ശേഷം നടത്തിയ 16.5 മാസത്തെ നിരീക്ഷണത്തില്‍ പങ്കെടുത്ത ആര്‍ക്കും തന്നെ ക്യാന്‍സര്‍ ബാധയുണ്ടായിട്ടില്ല. മാത്രമല്ല വാക്‌സിന്‍ സ്വീകരിച്ച 37.5% ആളുകളില്‍ ക്യാന്‍സറിന് സാധ്യതയുണ്ടാക്കിയിരുന്ന സിസ്റ്റുകള്‍ ചുരുങ്ങുകയോ പൂര്‍ണ്ണമായി ഇല്ലാതാവുകയോ ചെയ്തു.

ഇഞ്ചക്ഷന്‍ എടുത്ത ഭാഗത്തുണ്ടായ ചെറിയ തടിപ്പും താത്കാലികമായ പനി ലക്ഷണങ്ങളും ഒഴിച്ചാല്‍ വാക്‌സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെടുന്നു. ക്യാന്‍സര്‍ വരുന്നതിന് മുന്‍പ് തന്നെ അതിനെ പ്രതിരോധിക്കാന്‍ ദീര്‍ഘകാല പ്രതിരോധ ശേഷി നല്‍കുന്ന ഈ വാക്‌സിന്‍ വഴി സാധിക്കുമെന്ന് പഠനത്തിന്റെ സഹരചയിതാവായ ഡോ. നീഹ സൈദി വ്യക്തമാക്കി. ചെറിയ പഠന ഗ്രൂപ്പിലാണ് പരീക്ഷണം നടത്തിയത് എന്നതിനാല്‍ ഇതിന്റെ പൂര്‍ണ്ണമായ വ്യാപ്തി മനസ്സിലാക്കാന്‍ കൂടുതല്‍ വലിയ ക്ലിനിക്കല്‍ ട്രയലുകള്‍ ആവശ്യമാണെന്ന് ഡോ. മൈക്കല്‍ ജി. ഗോഗിന്‍സ് അഭിപ്രായപ്പെട്ടു.

കൃത്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ ക്യാന്‍സര്‍ വരുന്നത് തടയുന്നത് ജീവന്‍ രക്ഷിക്കാന്‍ ഏറെ നിര്‍ണ്ണായകമാണെന്ന് ഡോ. എലിസബത്ത് ജാഫിയും ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam