ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ലോകത്ത് നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ഒരു രാജ്യത്ത് നിന്ന് രൂപംകൊണ്ടവയാണ്. 26 പേര്‍ക്ക് ജീവന്‍ നഷ്ടമായ പഹല്‍ഗാം ഭീകരാക്രമണത്തെയും അദ്ദേഹം ഉദാഹരണമായി യുഎന്‍ പൊതു സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും രാജ്യം ഭീകരവാദത്തെ അവരുടെ ദേശീയ നയമായി തുറന്ന് പ്രഖ്യാപിക്കുന്നതിനെയും ഭീകരകേന്ദ്രങ്ങള്‍ വ്യവസായമെന്ന പോലെ വളര്‍ത്തുന്നതിനെയും ഭീകരരെ പരസ്യമായി മഹത്വവല്‍ക്കരിക്കുന്നതിനെയും ഒറ്റക്കെട്ടായി അപലപിക്കേണ്ടതുണ്ട്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ അയല്‍ രാജ്യമെന്ന വെല്ലുവിളിയെ സ്വാതന്ത്ര്യം നേടിയത് മുതല്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കയാണ്. ദശാബ്ദങ്ങളായി, രാജ്യാന്തര തലത്തില്‍ നടന്നിട്ടുള്ള വലിയ ഭീകരാക്രമണങ്ങളുടെയെല്ലാം ഉറവിടം ഒരു രാജ്യമാണ്. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ളവര്‍ അവിടെ തദ്ദേശീയര്‍ക്കൊപ്പം കഴിയുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.
ഭീകരതയില്‍ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനായി സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കുകയും ഭീകരര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. മുഴുവന്‍ ഭീകര സംവിധാനങ്ങള്‍ക്കുനേരെയും കടുത്ത സമ്മര്‍ദമുണ്ടാകണം. ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നവര്‍ എന്നെങ്കിലും അത് തങ്ങളെയും തിരിഞ്ഞുകൊത്തുമെന്ന് ഓര്‍ക്കണമെന്നും ജയശങ്കര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
