ഓസ്ലോ, നോർവേ: നോർവീജിയൻ ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ഔഡൻ ഗ്രോൺവോൾഡ് (49) ഇടിമിന്നലേറ്റ് മരിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ സംഭവിച്ച അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മരണം നോർവീജിയൻ സ്‌കീ അസോസിയേഷൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂലൈ 12ന് കുടുംബത്തിന്റെ കാബിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രോൺവോൾഡിന് ഇടിമിന്നലേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. 'മികച്ച അത്‌ലറ്റ്' എന്നാണ് നോർവീജിയൻ സ്‌കീ അസോസിയേഷൻ ഗ്രോൺവോൾഡിനെ വിശേഷിപ്പിച്ചത്.
ഗ്രോൺവോൾഡിന്റെ വിയോഗം സ്‌കീയിംഗ് സമൂഹത്തിൽ 'ഒരു വലിയ ശൂന്യത' സൃഷ്ടിക്കുമെന്ന് നോർവീജിയൻ സ്‌കീ അസോസിയേഷൻ പ്രസിഡന്റ് ടോവ് മോ ഡൈർഹോഗ് പ്രസ്താവനയിൽ പറഞ്ഞു.
കരിയറിന്റെ തുടക്കത്തിൽ ആൽപൈൻ സ്‌കീയിംഗിൽ ശ്രദ്ധേയനായിരുന്നു ഗ്രോൺവോൾഡ്. പിന്നീട് അദ്ദേഹം ഫ്രീസ്‌റ്റൈൽ സ്‌കീയിംഗിലേക്ക് മാറി. 2005ൽ നടന്ന എഫ്.ഐ.എസ്. ഫ്രീസ്‌റ്റൈൽ വേൾഡ് സ്‌കീ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി. ഈ കായികരംഗത്തെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് 2010ലെ വാൻകൂവർ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം നൽകിയത്. അവിടെ പുരുഷന്മാരുടെ സ്‌കീ ക്രോസ് ഫ്രീസ്‌റ്റൈൽ ഇവന്റിൽ വെങ്കല മെഡൽ നേടി ഗ്രോൺവോൾഡ് നോർവേയുടെ അഭിമാനമായി മാറി.
ഒളിമ്പിക്‌സ് കരിയറിന് ശേഷം, നോർവീജിയൻ ദേശീയ ടീമിന്റെ പരിശീലകനായും നോർവീജിയൻ സ്‌കീ അസോസിയേഷൻ ബോർഡിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കായിക രംഗത്ത് ടിവി കമന്റേറ്ററായും ഔഡൻ ഗ്രോൺവോൾഡ് പ്രവർത്തിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്