കങ്ങഴ: മുണ്ടത്താനം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നാടിനാകെ ലഹരി വിരുദ്ധ സന്ദേശം വിളംബരം ചെയ്തു കൊണ്ട് നടന്ന ബോധവത്കരണ സെമിനാർ ശ്രദ്ധേയമായി. മലയാള മനോരമയുടെയും, മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന്റെയും സഹകരണത്തിൽ ലഹരി, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ 'അരുത് ലഹരി' എന്ന പേരിലാണ് സെമിനാർ സംഘടിപ്പിച്ചത്.
മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട സെമിനാർ കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം ഉദ്ഘാടനം ചെയ്തു. മുണ്ടത്താനം പബ്ലിക് ലൈബ്രറി പ്രസിഡന്റ് സണ്ണി മുക്കാട്ട് അധ്യക്ഷത വഹിച്ചു.
മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് രാജു മാത്യു മുഖ്യപ്രഭാഷണം നടത്തി.
ജീവിതത്തിൽ ഏത് നിലയിൽ എത്തിയാലും സാമൂഹ്യതിന്മകൾക്ക് അടിമപ്പെടാതെ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗവും, മുണ്ടത്താനം പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ സി.വി. തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് അംഗം എ.എം. മാത്യു, കോട്ടയം ജില്ലാ ലൈബ്രറി കമ്മിറ്റി അംഗം ബിജു വെട്ടുവേലി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ അധ്യാപക പ്രതിനിധി സോഫി ജെയിംസ് സ്വാഗതവും, മുണ്ടത്താനം ലൈബ്രറി കമ്മറ്റി അംഗം എം.എം. ഷീബാ മോൾ കൃതജ്ഞതയും പ്രകാശിപ്പിച്ചു.
തുടർന്ന് നടന്ന ബോധവത്കരണ ക്ലാസ്സിന് കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് സബ് ഇൻസ്‌പെക്ടർ പി.എസ്. മുഹമ്മദ് ഷെഫീഖ് നേതൃത്വം നൽകി. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ ആഘോഷങ്ങളിൽ ലഹരി പദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുവാൻ അദ്ദേഹം കുട്ടിളോട് ആഹ്വാനം ചെയ്തു.
അറിവ് നേടുന്നതോടൊപ്പം തിരിച്ചറിവ് കൂടി ഉണ്ടാകുമ്പോൾ തെറ്റായ വഴികളിൽ അകപ്പെടുകയില്ലെന്ന് മുഹമ്മദ് ഷെഫീഖ് ഓർമ്മിപ്പിച്ചു. ഈശ്വരപ്രാർത്ഥനയ്ക്കും, സമൂഹഗാനത്തിനും സ്‌കൂൾ വിദ്യാർത്ഥികൾ നേതൃത്വം നൽകി. സ്‌കൂൾ ലീഡർ മുഹ്‌സിന അഷ്‌റഫ് ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ പങ്കെടുത്തവർ ഏറ്റുചൊല്ലികൊണ്ടാണ് സെമിനാർ സമാപിച്ചത്.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് സണ്ണി മുക്കാട്ട്, സെക്രട്ടറി സി.വി. തോമസുകുട്ടി, ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്