ലിവർമോർ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഏറ്റവും പുതിയ പഞ്ചാരി മേളം ടീം 2024 ഓഗസ്റ്റ് 31 ശനിയാഴ്ച ലിവർമോറിൽ അരങ്ങേറ്റം കുറിച്ചു. മേള കലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ്, ശ്രീ കലാക്ഷേത്ര രാജേഷ് നായർ എന്നിവരുടെ ശിക്ഷണത്തിലാണ് ഈ ടീം കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പഞ്ചാരി മേളം പരിശീലനം നടത്തിയത്.
കേരളത്തിലെ മേള പ്രമാണിമാരിൽ പ്രമുഖനാണ് ശ്രീ കലാമണ്ഡലം ശിവദാസ്. കേരളത്തിന്റെ തനത് കലകളായ പഞ്ചാരി മേളത്തിലും, പാണ്ടിമേളത്തിലും കഥകളി ചെണ്ടയിലും വിശിഷ്ടമായ സ്ഥാനം അദ്ദേഹത്തിനുണ്ട്. പ്രശസ്തമായ ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രധാന അധ്യാപകനും കേരള കലാമണ്ഡലം യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് വിദഗ്ദ്ധ സമിതി അംഗവുമാണ് ശ്രീ കലാമണ്ഡലം ശിവദാസ്.
ശ്രീ കലാമണ്ഡലം ശിവദാസനിൽ നിന്നും തായമ്പക അഭ്യസിച്ചു, സ്വാമീ ചിന്മയാനന്ദ സരസ്വതിയുടെ തിരുമുമ്പിൽ 11 വയസ്സിൽ അരങ്ങേറ്റം കുറിച്ച കലാകാരനാണ് ശ്രീ കലാക്ഷേത്ര രാജേഷ് നായർ. മിഷിഗൺ കലാക്ഷേത്ര എന്ന സ്ഥാപനത്തിലൂടെ നിരവധി പുതിയ കലാകാരന്മാരെ വാർത്തെടുക്കകയും , വിവിധ ഭാഗങ്ങളിൽ വാദ്യകലാപരിപാടികൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. ഭാരതീയ കലകൾ ജനകീയമാക്കാൻ ഈ സ്ഥാപനത്തിലുടെ ശ്രീ രാജേഷ് അതുല്യമായ സംഭാവനകൾ നൽകിവരുന്നു.
ഈ അധ്യാപകരുടെ നേതൃത്വത്തിൽ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ മൂന്നാമത്തെ പഞ്ചാരി മേളം സംഘമാണ് അരങ്ങേറ്റം നടത്തുന്നത്. അരങ്ങേറ്റത്തിൽ 9 ബേ ഏരിയ കലാകാരന്മാർ, ബിനോജ് എം എൻ, ജാസ്മിൻ പരോൾ, ജോൺ ജേക്കബ്, മനോജ് നാരായണൻ, പത്മപ്രിയ പാലോട്ട്, പ്രദീപ് പിള്ള, രേവതി നാരായണൻ, റോഷ് രാംദാസ്, ശ്രീജിത്ത് കറുത്തോടി എന്നിവരും, സിയാറ്റിലിൽ നിന്നെത്തിയ അജിത് കെ, പ്രകാശ് മേനോൻ എന്നിവരും പങ്കെടുത്തു. ശ്രീ കലാമണ്ഡലം ശിവദാസ് ആയിരുന്നു മേളപ്രമാണി, ശ്രീ രാജേഷ് നായർ പിന്തുണച്ചു.