ക്ലീവ്ലാന്‍ഡ്: ഒഹായോയിലെ സ്‌ട്രോങ്സ്വില്ലില്‍ കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റി കാമുകനടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന മക്കെന്‍സി ഷിറില്ലയുടെ (21) കേസ് വീണ്ടും രാജ്യാന്തര ശ്രദ്ധയിലേക്ക്. നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ 'ദി ക്രാഷ്' എന്ന ഡോക്യുമെന്ററിക്ക് പിന്നാലെയാണ് കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവന്നത്. ഇതിനിടെ തന്റെ അപ്പീല്‍ തള്ളിയ കീഴ്‌ക്കോടതി വിധിക്ക് എതിരെ മക്കെന്‍സി ഒഹായോ സുപ്രീം കോടതിയെ സമീപിച്ചു.
2022 ജൂലൈ 31 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മക്കെന്‍സി ഓടിച്ചിരുന്ന ടൊയോട്ട കാമ്രി കാര്‍ മണിക്കൂറില്‍ 100 മൈലിലധികം വേഗതയില്‍ സ്‌ട്രോങ്സ്വില്ലിലെ ഒരു കെട്ടിടത്തിലേക്ക് മനപൂര്‍വ്വം ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. അപകടത്തില്‍ മക്കെന്‍സിയുടെ കാമുകന്‍ ഡൊമിനിക് റുസ്സോ (20), സുഹൃത്ത് ഡാവിയോണ്‍ ഫ്‌ലാനഗന്‍ (19) എന്നിവര്‍ തല്‍ക്ഷണം മരിച്ചു. കാമുകനുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബന്ധം അവസാനിപ്പിക്കാന്‍ മക്കെന്‍സി ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് കോടതി കണ്ടെത്തുകയും 2023 ല്‍ ഇവര്‍ക്ക് 15 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ വിധിക്കുകയും ചെയ്തു.
'ദി ക്രാഷ്' റിലീസിന് ശേഷം പുറത്തുവന്ന വിവരങ്ങള്‍
മെയ് 15 ന് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി പുറത്തുവന്നതോടെ സ്‌ട്രോങ്സ്വില്ലെ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് കേസ് ഡയറിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. അപകടത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തനിക്ക് പലപ്പോഴും ബോധക്ഷയം ഉണ്ടാകാറുണ്ടെന്ന് മക്കെന്‍സി കാമുകന് അയച്ച സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2022 ജൂലൈ രണ്ടിലെ ഒരു സന്ദേശത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശം ബോധക്ഷയം എന്നാണ് മക്കെന്‍സി ഇതിനെ വിശേഷിപ്പിക്കുന്നത്. അപകട സമയത്തും ഇതേ ആരോഗ്യ പ്രശ്‌നം കാരണമാണ് ബ്രേക്ക് ചവിട്ടാന്‍ കഴിയാതിരുന്നതെന്ന് പ്രതിഭാഗം വാദിക്കുന്നത്.
എന്നാല്‍ ഇതേ ചാറ്റുകളില്‍ പരസ്പരമുള്ള അക്രമങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. 'ഞാന്‍ ആരെയങ്കിലും കൊല്ലും', 'നിനക്കുവേണ്ടി മരിക്കാന്‍ തയാറായ പെണ്‍കുട്ടിയോട് കുറച്ചുകൂടി നന്നായി പെരുമാറിക്കൂടെ' തുടങ്ങിയ സന്ദേശങ്ങള്‍ മക്കെന്‍സി അയച്ചിരുന്നു. കൂടാതെ മക്കെന്‍സി തന്നെ മര്‍ദ്ദിച്ചതായും കല്ലെറിഞ്ഞതായും ഡൊമിനിക് റുസോ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങളും പുറത്തുവന്നു. ഈ ഡോക്യുമെന്ററിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് മക്കെന്‍സിയുടെ പിതാവ് സ്റ്റീവ് ഷിറില്ലയെ അദ്ദേഹം ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു.
സുപ്രീം കോടതിയിലെ അപ്പീലും 'പോട്‌സ്' (POTS) വാദവും
മക്കെന്‍സിയുടെ മുന്‍പത്തെ അപ്പീല്‍ ഹര്‍ജി ഒരു ദിവസത്തെ താമസം കാരണം സാങ്കേതിക കാരണങ്ങളാല്‍ അപ്പീല്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഒഹായോ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്താണ് പോട്‌സ്?
പോസ്റ്ററല്‍ ഓര്‍ത്തോസ്റ്റാറ്റിക് ടാക്കിക്കാര്‍ഡിയ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് മക്കെന്‍സിക്ക് ഉണ്ടായിരുന്നത്. ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് ബോധക്ഷയം വരികയും ചെയ്യുന്ന അവസ്ഥയാണിത്. വിചാരണ സമയത്ത് തന്റെ ആദ്യകാല അഭിഭാഷകര്‍ ഈ മെഡിക്കല്‍ തെളിവ് കോടതിയില്‍ ശക്തമായി വാദിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, അപകട സമയത്ത് കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല എന്ന് തെളിയിക്കാന്‍ മെഡിക്കല്‍ വിദഗ്ദ്ധരുടെ സഹായം തേടിയില്ലെന്നുമാണ് പുതിയ അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ വാദങ്ങളെയെല്ലാം കുയാഹോഗ കൗണ്ടി പ്രോസിക്യൂട്ടര്‍ മൈക്കല്‍ ഒ മാലി പൂര്‍ണമായും തള്ളിക്കളഞ്ഞു. മക്കെന്‍സി ഷിറില്ല കൊലപാതകക്കുറ്റക്കാരിയാണെന്നതില്‍ യാതൊരു സംശയവുമില്ല. കേസ് പരിശോധിക്കുന്ന ഏതൊരു കോടതിയും ഇതേ നിഗമനത്തില്‍ തന്നെയായിരിക്കും എത്തിച്ചേരുക, എന്ന് മെയ് 27 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി.
2023 ലെ വിധിന്യായത്തില്‍ ജഡ്ജി നാന്‍സി മാര്‍ഗരറ്റ് റുസോ വ്യക്തമാക്കിയത്, ഇത് അശ്രദ്ധമായ ഡ്രൈവിംഗ് അല്ലെന്നും കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ കൊലപാതകമാണെന്നുമാണ്. നിലവില്‍ ഒഹായോ ജയിലില്‍ കഴിയുന്ന മക്കെന്‍സിക്ക് 2037 ഒക്ടോബര്‍ വരെ പരോളിന് അര്‍ഹതയുണ്ടായിരിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
