സൗത്ത് ഫ്ളോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈ വർഷത്തെ ചെസ് ടൂർണമെന്റും ചീട്ടുകളി മത്സരവും വൈവിധ്യമാർന്ന കലാ പരിപാടികളുമായി അക്ഷരാർത്ഥത്തിൽ ഒരു 'FULL DAY ആഘോഷം' ആയി മാറി. ജൂൺ 6ന് ശനിയാഴ്ച രാവിലെ 9.30ന് ആരംഭിച്ച പരിപാടികൾ രാത്രി 9.30 വരെ നീണ്ടുനിന്നു. ടൗൺ ഓഫ് ഡേവിയിലെ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ചെസ് മത്സരവും, വൈകിട്ട് 3.30 മുതൽ 6.30 വരെ ചീട്ടുകളി മത്സരവും നടന്നു. തുടർന്ന് സംഗീതനൃത്ത പരിപാടികളും യുവജനങ്ങൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും അരങ്ങേറി. വൈവിധ്യമാർന്ന പരിപാടികളിലൂടെ സമൂഹത്തിന് ഒരു സമ്പൂർണ ആഘോഷം സമ്മാനിക്കാൻ സംഘാടകർക്കായി.
ഡേവി മേയറായ ജൂഡി പോൾ മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും കേരളസമാജം നന്ദി രേഖപ്പെടുത്തി.
കേരളസമാജത്തിന്റെ മെഗാ സ്പോൺസർമാരായ ജോൺ ടൈറ്റസും ജോസ് തോമസ്, സി.പി.എയും പരിപാടിയിൽ സജീവമായി പങ്കെടുത്തത് ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. ചീട്ടുകളി മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജോൺ ടൈറ്റസ് നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കേരളസമാജത്തിന്റെ 2026ലെ ഓണാഘോഷ പരിപാടിയുടെ ഔദ്യോഗിക നാമമായ 'കലഞ്ചിയം 2026' മെഗാ സ്പോൺസറായ ജോസ് തോമസ്, സി.പി.എ പ്രഖ്യാപിച്ചു.
ഈ പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്നു ജെറെമി കരേടൻ. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയെയും സമൂഹത്തോടുള്ള പിന്തുണയെയും കേരളസമാജം പ്രത്യേകം അനുസ്മരിച്ചു.
തന്ത്രചിന്ത, പ്രതിഭ, കായികമര്യാദ, സാമൂഹിക ഐക്യം എന്നിവ ഉയർത്തിക്കാട്ടിയ ചെസ്ചീട്ടുകളി മത്സരങ്ങൾ പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയ അനുഭവമായി. രണ്ടുതവണ കേരള സംസ്ഥാന ചാമ്പ്യനും കാനഡയിലെ പ്രമുഖ ചെസ് താരങ്ങളിലൊരാളും ഫിഡ റെയ്റ്റഡ് ചെസ് ചാമ്പ്യനുമായ നികുൽ സനൽ പങ്കെടുത്തത് പരിപാടിക്ക് വലിയ പ്രാധാന്യവും അഭിമാനകരമായ അംഗീകാരവും നൽകി.
നികുൽ സനൽ നടത്തിയ Simultaneous Chess Session — ഒരേസമയം പത്ത് മത്സരാർഥികളുമായി മത്സരിച്ച് വിജയിക്കുന്ന അപൂർവ പ്രകടനം, ടൂർണമെന്റിന്റെ ഏറ്റവും ശ്രദ്ധേയവും ആവേശകരവുമായ ആകർഷണങ്ങളിലൊന്നായി മാറി. പത്ത് വയസ്സിൽ താഴെയുള്ളവരുടെ മത്സരവിഭാഗത്തിൽ സിദ്ധാർത്ഥ് നികുൽ ചാമ്പ്യനായപ്പോൾ, പത്ത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ശിവ ദീപക് ഒന്നാം സമ്മാനം നേടി.
വിജയികളായ ഇരുവർക്കും ട്രോഫിയും സർട്ടിഫിക്കറ്റും ജോൺ ടൈറ്റസ് സമ്മാനിച്ചു. ചീട്ടുകളി മത്സരത്തിൽ ടീം ക്നാനായ (മനോജ് താനത്ത്, കുഞ്ഞമോൻ മാത്യു) ഒന്നാം സമ്മാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വൈസ് പ്രസിഡന്റ് ചെറിയാൻ എബ്രഹാം, സെക്രട്ടറി സഞ്ജയ് നടുപ്പറമ്പിൽ, ടെസി ആൻ തോമസ് (കമ്മിറ്റി അംഗം) എന്നിവർ ചേർന്ന് വിതരണം ചെയ്തു.
സെക്രട്ടറി സഞ്ജയ് നടുപ്പറമ്പിൽ സ്വാഗതപ്രസംഗം നിർവഹിക്കുകയും പ്രസിഡന്റ് നോയൽ മാത്യു നന്ദിപ്രസംഗം നടത്തുകയും ചെയ്തു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനും ഫലപ്രദവും സമയബന്ധിതവുമായി അവ പൂർത്തിയാക്കുന്നതിനുമായി വിവിധ കമ്മിറ്റി അംഗങ്ങൾ പ്രത്യേക ചുമതലകൾ ഏറ്റെടുത്ത് വിലപ്പെട്ട നേതൃത്വവും സേവനവും നൽകി.
ലൈവ് ഫുഡ് കൗണ്ടർ എന്ന വേറിട്ട ആശയവും പങ്കെടുത്തവർക്ക് പുതുമയാർന്ന അനുഭവമായി. രുചികരമായ ഭക്ഷണവും കുടുംബസൗഹൃദ അന്തരീക്ഷവും ആഘോഷത്തിന്റെ ഭാഗമായി മാറി.
ഈ പരിപാടി വൻ വിജയമാക്കാൻ സഹായിച്ച എല്ലാ മത്സരാർത്ഥികൾക്കും, കുടുംബാംഗങ്ങൾക്കും, സന്നദ്ധപ്രവർത്തകർക്കും, സ്പോൺസർമാർക്കും, അഭ്യുദയകാംക്ഷികൾക്കും കേരളസമാജം ഓഫ് സൗത്ത് ഫ്ളോറിഡ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സാമൂഹിക ഐക്യവും കൂട്ടായ്മയും ആഘോഷിച്ച ഈ ദിനം പങ്കെടുത്തവരുടെ മനസ്സിൽ മായാതെ മനോഹരമായ ഓർമ്മയായി നിലനിൽക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
