ഡാളസ്: ഡാളസ് കാരോൾട്ടൻ മാർത്തോമ ഇടവകാംഗമായ ജോർജ് പി. ആൻഡ്രൂസ് രചിച്ച 'ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് ആണ് പുസ്തകപ്രകാശനം നടത്തിയത്.
ജൂൺ 6 ശനിയാഴ്ച ഇടവകയിൽ വെച്ച് നടന്ന വിശുദ്ധ കുബാനക് ശേഷം സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ, ഫാർമേഴ്സ് മാർത്തോമാ ഇടവകാംഗമായ മാത്യൂസ് അബ്രഹാമിൽ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി അഭിവന്ദ്യ തിരുമേനി ഏറ്റുവാങ്ങി. ചടങ്ങിൽ പുസ്തകത്തിന്റെ രത്നച്ചുരുക്കം ആമുഖമായി ഗ്രന്ഥ കർത്താവ് ജോർജ് പി. ആൻഡ്രൂസ് (കുട്ടൻ) വിശദീകരിച്ചു.
ഫാർമേഴ്സ് മാർത്തോമാ റവ. എബ്രഹാം വി. സാംസൺ, കാരോൾട്ടൻ ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വികാരി റവ. റോയ് തോമസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വിശ്വാസം, നേതൃപാടവം, യഥാർത്ഥ ജീവിതാനുഭവങ്ങൾ എന്നിവയിൽ നിന്നുള്ള പ്രായോഗിക ജ്ഞാനമാണ് ഈ പുസ്തകത്തിലൂടെ ജോർജ് പി. ആൻഡ്രൂസ് പങ്കുവെക്കുന്നത്. 1951 മേയ് 19ന് കേരളത്തിൽ പരേതരായ പി. കോരയുടെയും ലൂസി ആൻഡ്രൂസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്.
വിദ്യാർത്ഥി നേതാവായി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ചെറുപ്പകാലം മുതൽക്കേ മികച്ച നേതൃപാടവം പുലർത്തിയിരുന്നു. കേരള യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് യൂണിവേഴ്സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് അഡ്മിനിസ്ട്രേഷൻ ശക്തമാക്കുന്നതിലും വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളിലും വലിയ സംഭാവനകൾ നൽകി.
എം.ബി.എ ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ സർവകലാശാലയിൽ ആരംഭിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. എക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും അദ്ദേഹം ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
1977ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, യുടി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിൽ ഓപ്പറേഷൻസ് മാനേജർ ഉൾപ്പെടെയുള്ള പ്രധാന പദവികൾ വഹിച്ചു. പിന്നീട് സ്വന്തമായി സി.പി.എ ഫേം സ്ഥാപിക്കുകയും മികച്ച ധനകാര്യ മാനേജ്മെന്റ് രീതികളിലൂടെ നിരവധി ബിസിനസ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
സാമൂഹികആത്മീയ രംഗം: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അദ്ദേഹം ആത്മീയസാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. മാർത്തോമ സഭയുടെ പ്രാദേശിക, ഡയോസിഷൻ തലങ്ങളിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൂടാതെ വേൾഡ് മലയാളി കൗൺസിലിന്റെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
വരുംതലമുറയ്ക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ്, വിരമിച്ച ശേഷം തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. പുസ്തക പ്രകാശനത്തിനു സഹായിച്ച വി.ടി. എബ്രഹാം, ഷാജി രാമപുരം എന്നിവർക്കു ജോർജ് പി. ആൻഡ്രൂസ് നന്ദി രേഖപ്പെടുത്തി.
റവ. റോയ് തോമസ് അച്ചന്റെ സമാപന പ്രാർഥനക്കും തിരുമേനിയുടെ ആശീർവാദത്തിനും ശേഷം ചടങ്ങു സമാപിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
