ഒരു കുടുംബത്തിന്റെ നട്ടെല്ലാണ് അച്ഛൻ എന്ന് പറയാറുണ്ട്. എന്നാൽ അതിനുമപ്പുറം, പുറത്തുപറയാത്ത ആകുലതകളുടെയും ഒടുങ്ങാത്ത അധ്വാനത്തിന്റെയും മറ്റൊരു പേരാണ് 'അച്ഛൻ'. അമ്മയുടെ സ്‌നേഹം നമ്മൾ എപ്പോഴും തൊട്ടറിയുമ്പോൾ, അച്ഛന്റെ സ്‌നേഹം പലപ്പോഴും ഒരു കാവൽക്കാരനെപ്പോലെ നമുക്ക് ചുറ്റും നിശബ്ദമായി നിലകൊള്ളുന്നു. മറ്റൊരു ഫാദേഴ്‌സ് ഡേ കൂടി കടന്നുവരുമ്പോൾ, ആ തണൽമരങ്ങളെറിച്ചുള്ള ചില ചിന്തകൾ.
കരുത്തിന്റെ മുഖം, ഉള്ളിൽ ഈർപ്പം
നമ്മുടെ സമൂഹത്തിൽ അച്ഛൻ എപ്പോഴും കരുത്തിന്റെ പ്രതീകമാണ്. വികാരങ്ങൾ അധികം പ്രകടിപ്പിക്കാത്ത, വീഴ്ചകളിൽ പതറാത്ത ഒരാൾ. എന്നാൽ ഈ കാഠിന്യത്തിന് പിന്നിൽ മക്കളെക്കുറിച്ചുള്ള വലിയ ആശങ്കകളുണ്ടെന്ന് പലരും തിരിച്ചറിയാറില്ല. സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച്, മക്കളുടെ പഠനത്തിനും അവരുടെ ഭാവിക്കും വേണ്ടി ഓടുന്ന അച്ഛൻമാർ. പുതിയ വസ്ത്രങ്ങളോ ആഡംബരങ്ങളോ അവർ പലപ്പോഴും സ്വന്തം ലിസ്റ്റിൽ ഉൾപ്പെടുത്താറില്ല.
'അമ്മയോട് ചോദിക്ക്' എന്ന് പറയുന്ന അച്ഛന്റെ വാക്കിന് പിന്നിൽ, മക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാനുള്ള തത്രപ്പാടുകളുണ്ടാകും.
കാലം മാറുന്നു, അച്ഛൻമാരും!
പഴയ തലമുറയിലെ അച്ഛൻമാരിൽ നിന്നും ഇന്നത്തെ തലമുറയിലേക്ക് എത്തുമ്പോൾ വലിയ മാറ്റങ്ങളാണ് കാണാൻ കഴിയുന്നത്. ഒരുകാലത്ത് പേടിയോടെ മാത്രം നോക്കിക്കണ്ടിരുന്ന അച്ഛൻ എന്ന സ്ഥാനം ഇന്ന് കൂടുതൽ സൗഹൃദപൂർവ്വമായി മാറിയിരിക്കുന്നു. ഇന്ന് കുഞ്ഞുങ്ങളെ താരാട്ടുപാടാനും ഉറക്കാനും, അവരുടെ ഓൺലൈൻ ക്ലാസുകളിലും കളികളിലും പങ്കാളികളാകാനും അച്ഛൻമാർ മുന്നിലുണ്ട്. 'ഫാദർഹുഡ്' ഇന്ന് കൂടുതൽ മനോഹരമായ ഒരു അനുഭവമായി മാറിയിരിക്കുന്നു.
ഓർമ്മകളുടെ തണൽ മരം; വിശ്രമ ജീവിതത്തിലെ അച്ഛൻ വഴികൾ
ജീവിതത്തിന്റെ തിരക്കുപിടിച്ച വഴികളിൽ നിന്നും ഔദ്യോഗിക പദവികളിൽ നിന്നും പടിയിറങ്ങി, വിശ്രമ ജീവിതത്തിന്റെ സുഖമുള്ള തണലിൽ ഇരിക്കുന്ന അച്ഛൻമാരെ ഓർക്കാൻ ഈ ഫാദേഴ്‌സ് ഡേയിൽ ഒരു പ്രത്യേക കാരണമുണ്ട്. ഒരു കാലത്ത് കുടുംബത്തിന്റെ ഭാരമത്രയും ചുമലിലേറ്റി, ഉത്തരവാദിത്തങ്ങളുടെ ഓട്ടപ്പന്തയത്തിലായിരുന്ന അവർ ഇന്ന് ശാന്തമായ ഒരു തീരത്താണ്. സർവീസിൽ നിന്നും വിരമിച്ച പിതാക്കൻമാരുടെ മക്കളോടൊപ്പമുള്ള പുതിയ ജീവിതവും അവരുടെ ചെറിയ ആസ്വാദനങ്ങളും ഇന്നത്തെ ദിവസത്തിൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്.
പദവികളിൽ നിന്ന് പടിയിറങ്ങുമ്പോൾ; അച്ഛന്റെ രണ്ടാം ഇന്നിംഗ്‌സ്
ഓഫീസ് ഫയലുകൾക്കും ടൈംടേബിളുകൾക്കും കച്ചവടത്തിരക്കുകൾക്കും നടുവിൽ നിന്നും പെട്ടെന്നൊരു ദിവസം വീട്ടിലെ സ്വീകരണ മുറിയിലെ ഈസിചെയറിലേക്ക് ചുരുങ്ങുമ്പോൾ ഏതൊരു അച്ഛനും ആദ്യമൊന്ന് പതറും. എന്നാൽ ആ വിരമിക്കൽ കാലത്തെ തങ്ങളുടെ 'രണ്ടാം ഇന്നിംഗ്‌സ്' ആക്കി മാറ്റിയവരാണ് ഇന്നത്തെ ഭൂരിഭാഗം പിതാക്കൻമാരും. രാവിലെ ചായക്കൊപ്പം പത്രം അരിച്ചുപെറുക്കി വായിക്കുന്നതിലും, സമകാലിക രാഷ്ട്രീയഅന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായി ചർച്ചകളിൽ ഏർപ്പെടുന്നതിലുമാണ് പലരും സന്തോഷം കണ്ടെത്തുന്നത്.
ഔദ്യോഗിക ജീവിതത്തിൽ ചെയ്യാൻ സാധിക്കാതെ പോയ കൃഷിയിലേക്കും പൂന്തോട്ട നിർമ്മാണത്തിലേക്കും തിരിഞ്ഞവർ ഏറെയാണ്. ടെറസിലെ പച്ചക്കറിത്തോട്ടവും മുറ്റത്തെ പൂച്ചെടികളും ഇന്ന് അവരുടെ പുതിയ കൂട്ടുകാരാണ്. സ്‌കൂൾകോളജ് കാലത്തെ കൂട്ടുകാരെ കണ്ടെത്തി വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കാനും വിരമിച്ച സഹപ്രവർത്തകരുടെ കൂട്ടായ്മകളിൽ സജീവമാകാനും അവർ സമയം കണ്ടെത്തുന്നു.
പേരക്കുട്ടികളുടെ 'ബെസ്റ്റ് ഫ്രണ്ട്'
അച്ഛൻ എന്ന പദവിയിൽ നിന്നും 'മുത്തശ്ശൻ' എന്ന സ്ഥാനത്തേക്ക് മാറുമ്പോഴാണ് പല പുരുഷൻമാരും കൂടുതൽ സൗമ്യരും ആർദ്രരുമാകുന്നത്. സ്വന്തം മക്കളെ വളർത്തുന്ന തിരക്കിൽ ആസ്വദിക്കാൻ വിട്ടുപോയ പലതും അവർ ഇന്ന് പേരക്കുട്ടികളിലൂടെ തിരിച്ചുപിടിക്കുന്നു. മക്കളെ വളർത്തുമ്പോൾ എപ്പോഴും അച്ചടക്കവും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമായിരിക്കും മനസിൽ. എന്നാൽ പേരക്കുട്ടികളിലേക്ക് എത്തുമ്പോൾ ആ ഭാരമില്ല. അവരോടൊപ്പം കളിക്കാനും കഥകൾ പറഞ്ഞുകൊടുക്കാനും നടക്കാൻ പോകാനും കിട്ടുന്ന സമയം തരുന്ന സന്തോഷം മറ്റൊന്നിനുമില്ല എന്നതാണ് സത്യം.
മാറിയ കാലത്തെ സാങ്കേതികവിദ്യകൾ അതായത് സ്മാർട്ട്‌ഫോൺ ഉപയോഗം, ഓൺലൈൻ പേയ്‌മെന്റുകൾ, യൂട്യൂബ് ചാനലുകൾ പേരക്കുട്ടികളിൽ നിന്നും ചോദിച്ച് മനസ്സിലാക്കി പഠിക്കുന്ന 'ന്യൂ ജനറേഷൻ' അച്ഛൻമാരെയും ഇന്ന് നമുക്ക് ചുറ്റും കാണാം.
മക്കൾ തിരിച്ചറിയേണ്ടത്...
വിരമിച്ച ശേഷമുള്ള ജീവിതത്തിൽ അച്ഛൻമാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മക്കളുടെ സാന്നിധ്യവും അല്പം പരിഗണനയുമാണ്. ഒരേ മേൽക്കൂരയ്ക്ക് കീഴിലാണെങ്കിൽ പോലും പലപ്പോഴും മൊബൈൽ സ്‌ക്രീനുകളിലേക്ക് ചുരുങ്ങുന്ന മക്കൾ അച്ഛനോട് വിശേഷങ്ങൾ ചോദിക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്.
കുടുംബത്തിലെ പ്രധാന തീരുമാനങ്ങളിൽ ഇപ്പോഴും അച്ഛന്റെ അനുഭവ സമ്പത്തിനെ കൂട്ടുപിടിക്കുക. അത് അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ആരോഗ്യം അനുവദിക്കുന്നതിന് അനുസരിച്ച് അവരെ ചെറിയ യാത്രകൾക്ക് കൊണ്ടുപോകാം. അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളിലോ സുഹൃത്തുക്കളുടെ വീടുകളിലോ എത്തിക്കാം.
പ്രായമാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെക്കാൾ അവരെ അലട്ടുന്നത് ഒറ്റപ്പെടലാകാം. ഒരു ഡോക്ടറെ കാണാൻ പോകുമ്പോൾ കൂടെ ചെല്ലുന്ന മനോ മളോ ആണ് അവരുടെ ഏറ്റവും വലിയ ബലം. വാർധക്യത്തിലെ തണൽ മക്കൾ നൽകേണ്ടതാണ്. മക്കൾ വളർന്ന് വലിയ നിലകളിൽ എത്തുമ്പോൾ പലപ്പോഴും ആ പഴയ തണൽമരങ്ങൾ ഒറ്റപ്പെട്ടുപോകാറുണ്ട്. ചെറുപ്പത്തിൽ വിരൽത്തുമ്പിൽ പിടിച്ച് ലോകം കാണിച്ചുതന്ന ആ കൈകൾക്ക്, അവരുടെ വാർധക്യത്തിൽ ഒരു താങ്ങാകാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കൂടിയാണിത്.
തന്റെ യൗവനവും അധ്വാനവും മുഴുവൻ മക്കളുടെ നല്ല ഭാവിക്കായി ഹോമിച്ചവരാണ് ഓരോ അച്ഛനും. ഉത്തരവാദിത്തങ്ങളുടെ ഔദ്യോഗിക കുപ്പായങ്ങൾ അഴിച്ചുവെച്ച്, ജീവിതത്തിന്റെ സായന്തനത്തിൽ നിൽക്കുന്ന അച്ഛൻമാർക്ക് സ്‌നേഹവും സുരക്ഷിതത്വവും നിറഞ്ഞ ഒരു അന്തരീക്ഷം ഒരുക്കിക്കൊടുക്കുക എന്നതാണ് ഈ ഫാദേഴ്‌സ് ഡേയിൽ മക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
എല്ലാ പിതാക്കൻമാർക്കും ലോക പിതൃദിനാശംസകൾ!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
