660 മില്യണ്‍ ഡോളറിന്റെ തട്ടിപ്പുകാരന് ട്രംപ് മാപ്പ് നല്‍കിയതിന് പിന്നില്‍ ആരോഗ്യ സെക്രട്ടറി കെന്നഡിയോ? ഫോണ്‍ വിരങ്ങള്‍ പുറത്ത്!

JUNE 11, 2026, 12:06 PM

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ മാപ്പ് ലഭിക്കാനുള്ള ഔദ്യോഗിക നിയമവഴികളെ ഡൊണാള്‍ഡ് ട്രംപ് കാറ്റില്‍പ്പറത്തിയതായി ആരോപണം. ഒരു നൂറ്റാണ്ടിലധികമായി രാജ്യം പിന്തുടരുന്ന പരമ്പരാഗത നീതിന്യായ കീഴ്‌വഴക്കങ്ങള്‍ പൂര്‍ണ്ണമായി അവഗണിച്ച്, തന്റെ അടുപ്പക്കാരുടെ ശൃംഖല വഴി ട്രംപ് മാപ്പുദാന പ്രക്രിയ അട്ടിമറിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, നിക്ഷേപകരെ പറ്റിച്ച് 660 മില്യണ്‍ ഡോളറിലധികം തട്ടിയെടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഇലക്ട്രിക് വാഹന വ്യവസായി ട്രെവര്‍ മില്‍ട്ടന് ട്രംപ് പൂര്‍ണ്ണ മാപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുമുമ്പ് ട്രംപ് മില്‍ട്ടനെ ഫോണില്‍ വിളിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജോ ബൈഡന്‍ സര്‍ക്കാരിന്റെ നീതിന്യായ വകുപ്പ് മില്‍ട്ടനെ ബോധപൂര്‍വ്വം വേട്ടയാടുകയായിരുന്നു എന്ന് ട്രംപിനെ ബോധ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ അടുത്ത ഉപദേശകരായിരുന്നു. ഇതില്‍ പ്രധാനി ട്രംപ് മന്ത്രിസഭയിലെ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ (ബോബി കെന്നഡി) ആണെന്ന് ട്രംപ് തന്നെ ഫോണ്‍ സംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.

ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് പറഞ്ഞത്:

'നിനക്ക് വലിയ പിന്തുണയാണ് ഇവിടെ ലഭിച്ചത്. പ്രത്യേകിച്ച് ബോബി കെന്നഡിയില്‍ നിന്ന്. നീ ഉടന്‍ തന്നെ ബോബിയെ വിളിച്ച് നന്ദി പറയണം.'

തനിക്കെതിരെ ഉണ്ടായതുപോലെയുള്ള രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളാണ് മില്‍ട്ടനും നേരിട്ടതെന്ന വാദമാണ് ട്രംപ് ഇതിനായി ഉയര്‍ത്തിയത്.

അമേരിക്കയില്‍ സാധാരണയായി ഒരാള്‍ക്ക് മാപ്പ് നല്‍കുന്നതിന് നീതിന്യായ വകുപ്പിന്റെ കര്‍ശനമായ വിലയിരുത്തലുകളും ഔദ്യോഗിക നടപടിക്രമങ്ങളും ആവശ്യമാണ്. ശിക്ഷിക്കപ്പെട്ട് കുറഞ്ഞത് 5 വര്‍ഷം കഴിയണം, ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം പ്രകടിപ്പിക്കണം തുടങ്ങിയ കടുത്ത നിബന്ധനകള്‍ നിലവിലുണ്ട്. എന്നാല്‍ ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഈ വകുപ്പുകളെല്ലാം അപ്രസക്തമായെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മാപ്പ് നല്‍കലുമായി ബന്ധപ്പെട്ട 80 ലധികം ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും ഇന്റര്‍വ്യൂ ചെയ്തും ആയിരക്കണക്കിന് ലോബിയിംഗ്-തിരഞ്ഞെടുപ്പ് രേഖകള്‍ പരിശോധിച്ചും റോയിട്ടേഴ്‌സ് കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ താഴെ പറയുന്നവയാണ്:

2025 ജനുവരിയില്‍ ട്രംപ് വീണ്ടും അധികാരമേറ്റതു മുതല്‍ ഇതുവരെ 1,700 ല്‍ അധികം പേര്‍ക്കാണ് ഔദ്യോഗിക പരിശോധനകള്‍ ഇല്ലാതെ മാപ്പോ ശിക്ഷാ ഇളവോ നല്‍കിയിരിക്കുന്നത്. ട്രംപിലേക്ക് നേരിട്ട് സ്വാധീനമുള്ള വന്‍കിട രാഷ്ട്രീയ നേതാക്കള്‍, ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, ട്രംപിന്റെ ചുറ്റിലുമുള്ള ആളുകള്‍ എന്നിവര്‍ പറയുന്നവര്‍ക്കാണ് പെട്ടെന്ന് മാപ്പ് ലഭിക്കുന്നത്. താന്‍ രാഷ്ട്രീയ വേട്ടയാടലിന് ഇരയായതാണെന്ന് ട്രംപ് വിശ്വസിക്കുന്നത് പോലെ, തങ്ങളും ബൈഡന്‍ ഭരണകൂടത്തിന്റെ ഇരകളാണെന്ന് ട്രംപിനെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് വളരെ എളുപ്പത്തില്‍ മാപ്പ് ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒക്ടോബറില്‍ മില്‍ട്ടനും ഭാര്യയും ചേര്‍ന്ന് 1.8 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിരുന്നു. കൂടാതെ ട്രംപുമായി അടുത്ത ബന്ധമുള്ള അഭിഭാഷകരാണ് മില്‍ട്ടന് വേണ്ടി രംഗത്തിറങ്ങിയത്. ഈ പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ട്രെവര്‍ മില്‍ട്ടനോ, റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ ചുമതല വഹിക്കുന്ന ആരോഗ്യ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല.

അമേരിക്കന്‍ ഭരണഘടന പ്രസിഡന്റിന് നല്‍കുന്ന സവിശേഷ അധികാരം സ്വന്തം രാഷ്ട്രീയ-വ്യക്തിഗത താല്പര്യങ്ങള്‍ക്കായി ട്രംപ് ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട് എന്നാണ് വിലയിരുത്തല്‍. ഇത് യുഎസ് രാഷ്ട്രീയത്തിലും നീതിന്യായ വ്യവസ്ഥയിലും വലിയ കൊടുങ്കാറ്റാണ് ഉയര്‍ത്തി വിട്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam