ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിനിർഭരമായ ഓശാനയുടെ ചടങ്ങുകളോടെ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിൽ നടത്തപ്പെട്ട നാല് വിശുദ്ധ കുർബ്ബാനകളിൽ ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു.
വികാരി ഫാ. സിജു മുടക്കോടിയിൽ, ഫാ. ബിബിൻ കണ്ടോത്ത് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു. കുരുത്തോല വിതരണവും വിശുദ്ധ കുർബാനയും, മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു. ഭക്തിനിർഭരമായ ചടങ്ങുകൾക്ക്, വിസിറ്റേഷൻ സിസ്റ്റേഴ്‌സ്, കൈക്കാരൻമ്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, അൾത്താര ശുശ്രുഷികൾ, ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.
വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച്ച വൈകിട്ട് ഏഴുമണിക്ക് കാൽകഴുകൽ ശുശ്രൂഷയും പെസഹാ ആചാരണവും നടത്തപ്പെടും. ദുഃഖ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് യുവജനങ്ങൾക്കായി ഇംഗ്ലീഷിലും, മുതിർന്നവർക്കായി ഏഴുമണിക്ക് മലയാളത്തിലും പീഡാനുഭവശുശ്രൂഷയും കുരിശിന്റെ വഴിയും നടത്തപ്പെടും.
ദുഃഖ ശനിയാഴ്ചത്തെ തിരുക്കർമ്മങ്ങൾ രാവിലെ 8.15 നും ആഘോഷമായ ഈസ്റ്റർ വിജിൽ സർവ്വീസ് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കും (ഇംഗ്ലീഷ്), ഏഴുമണിക്കും (മലയാളം) നടത്തപ്പെടും. ഈസ്റ്റർ ഞായറാഴ്ച രാവിലെ പത്തുമണിക്കും വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും.
പ്രാർത്ഥനാ ചൈതന്യത്തിലും വിശ്വാസനിറവിലും വിശുദ്ധവാരത്തിന്റെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി ഇടവകയ്ക്ക് വേണ്ടി വികാരി. ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്