ഫോമാ - എന്റെ യാത്രയും അഭിമാന നിമിഷങ്ങളും

JUNE 18, 2026, 5:56 AM

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) എന്ന മഹത്തായ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്.

2008ൽ ഹൂസ്റ്റണിൽ ഫോമായുടെ പ്രവർത്തനങ്ങളുമായി അടുത്ത ബന്ധം ആരംഭിച്ച ഞാൻ, ഫോമായുടെ വളർച്ചയും പുരോഗതിയും നേരിട്ട് കണ്ടറിയാനും അതിന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാകാനും അവസരം ലഭിച്ചു. ഈ കാലയളവിൽ ഫോമായുടെ വിവിധ പ്രസിഡന്റുമാരോടും ദേശീയ നേതാക്കളോടും കമ്മിറ്റികളോടും ചേർന്ന് പ്രവർത്തിക്കാനും സംഘടനയുടെ നിരവധി പദ്ധതികളിൽ പങ്കാളിയാകാനും സാധിച്ചു. ഓരോ നേതൃത്വത്തിന്റെയും ദീർഘവീക്ഷണവും പ്രവർത്തനങ്ങളും ചേർന്നാണ് ഇന്ന് ഫോമാ ഉത്തര അമേരിക്കയിലെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള മലയാളി സംഘടനകളിലൊന്നായി വളർന്നത്.

ഫിലിപ്പ് ചാമത്തിൽ പ്രസിഡന്റായിരുന്ന 2018 -2020 കാലഘട്ടത്തിൽ ഫോമായുടെ ചാരിറ്റി ചെയർമാനായി സേവനം അനുഷ്ഠിക്കാൻ എനിക്ക് അവസരം ലഭിച്ചു. സമൂഹത്തോടുള്ള ഉത്തരവാദിത്വവും മനുഷ്യസ്‌നേഹവും പ്രവർത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു സുവർണ്ണാവസരമായിരുന്നു അത്.

vachakam
vachakam
vachakam

2018ലെ കേരള മഹാപ്രളയത്തിന് ശേഷം അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരെയും മെഡിക്കൽ വിദഗ്ധരെയും ഏകോപിപ്പിച്ച് കേരളത്തിലേക്ക് എത്തിക്കാനും നാല് ജില്ലകളിലായി 20ലധികം മെഡിക്കൽ ക്യാമ്പുകളും 25ലധികം ശസ്ത്രക്രിയകളും സംഘടിപ്പിക്കാനും കഴിഞ്ഞു. ദുരിതമനുഭവിച്ച ആയിരക്കണക്കിന് ആളുകൾക്ക് ചികിത്സയും ആശ്വാസവും എത്തിക്കുന്നതിൽ ഫോമായുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ സാധിച്ചു.

അതോടൊപ്പം, പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി കടപ്രായിൽ 'ഫോമാ വില്ലേജ് ' പദ്ധതിയിലൂടെ 40 വീടുകൾ നിർമ്മിച്ച് നൽകാൻ കഴിഞ്ഞത് ഫോമായുടെ ചരിത്രത്തിലെ അഭിമാനകരമായ അധ്യായങ്ങളിലൊന്നാണ്. നിരവധി കുടുംബങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം പകരാൻ ഈ പദ്ധതി സഹായകമായി.

വിദ്യാഭ്യാസ മേഖലയിലും ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55ലധികം നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കാനായി. ഇന്ന് അവർ ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു.

vachakam
vachakam
vachakam

കേരളത്തിലും അമേരിക്കയിലും നടന്ന നിരവധി ഫോമാ കൺവെൻഷനുകളിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ കൺവെൻഷനും മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സംസ്‌കാരത്തിന്റെയും സേവന മനോഭാവത്തിന്റെയും ആഘോഷമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികൾ ഒരുമിച്ചുകൂടി സൗഹൃദവും സാഹോദര്യവും പുതുക്കുന്ന അപൂർവ വേദിയാണ് ഫോമാ.

ഈ വർഷം ഫോമായുടെ പ്രസിഡന്റ് ബേബി മണ്ണാക്കുന്നേലിന്റെ നേതൃത്വത്തിൽ ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ 2026ന്റെ ജനറൽ കൺവീനറായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് എനിക്ക് വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണ്. അദ്ദേഹത്തിന്റെയും ദേശീയ കമ്മിറ്റിയുടെയും എല്ലാ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു കൺവെൻഷൻ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

ഫോമാ ഒരു സംഘടന മാത്രമല്ല; അമേരിക്കയിലെയും കാനഡയിലെയും മലയാളികളെ ഒരേ കുടക്കീഴിൽ ഒന്നിപ്പിക്കുന്ന ഒരു വലിയ കുടുംബമാണ്. യുവജനങ്ങൾക്കും വനിതകൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും നേതൃത്വഗുണങ്ങൾ വികസിപ്പിക്കാനും അവസരങ്ങൾ ഒരുക്കുന്ന മികച്ച വേദിയാണ് ഫോമാ.

vachakam
vachakam
vachakam

ഇന്ന് നമ്മളിൽ പലരും ജോലി, ബിസിനസ്, കുടുംബജീവിതം തുടങ്ങിയ തിരക്കുകൾക്കിടയിലാണ് ജീവിക്കുന്നത്. എന്നാൽ കേരളത്തിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ താമസിക്കുമ്പോഴും നമ്മുടെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറാൻ സഹായിക്കുന്ന ഏറ്റവും ശക്തമായ വേദികളിലൊന്നാണ് ഫോമാ.

യൂത്ത് ഫോറം, വിമൻസ് ഫോറം, ബിസിനസ് ഫോറം, സാംസ്‌കാരിക വേദികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, സാമൂഹിക സേവന പദ്ധതികൾ എന്നിവയിലൂടെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാനും നമ്മുടെ കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും കഴിയും. ജോലി, ബിസിനസ്, കുടുംബ തിരക്കുകൾക്കിടയിലും മലയാളികൾക്ക് തങ്ങളുടെ കലാസാംസ്‌കാരിക കഴിവുകൾ പ്രകടിപ്പിക്കാനും കേരളവുമായി ഉള്ള ആത്മബന്ധം നിലനിർത്താനുമുള്ള ഏറ്റവും മികച്ച വേദിയാണ് ഫോമാ.

ഫോമാ കൺവെൻഷനുകൾ വെറും ആഘോഷങ്ങൾ മാത്രമല്ല. പുതിയ സൗഹൃദങ്ങൾ രൂപപ്പെടുന്ന വേദിയും, യുവതലമുറക്ക് അവരുടെ വേരുകൾ തിരിച്ചറിയാനുള്ള അവസരവും, കലാകാരന്മാർക്കും സാമൂഹിക പ്രവർത്തകർക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയുമാണ്. കേരളത്തിൽ നിന്ന് അകന്നു കഴിയുന്ന നമുക്ക് നമ്മുടെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബന്ധപ്പെട്ടു നിൽക്കാനുള്ള ഏറ്റവും മനോഹരമായ അവസരങ്ങളാണ് ഇവ.
ഓരോ മലയാളിയോടുമുള്ള എന്റെ ഹൃദയപൂർവ്വമായ അഭ്യർത്ഥന ഇതാണ്  - ഫോമായുടെ ഈ യാത്രയുടെ ഭാഗമാകൂ. രണ്ടാമതൊന്ന് ചിന്തിക്കേണ്ട. മുന്നോട്ട് വരൂ, പങ്കാളികളാകൂ,

സന്നദ്ധപ്രവർത്തകരാകൂ, നിങ്ങളുടെ കഴിവുകളും സമയവും സംഭാവന ചെയ്യൂ. അമേരിക്കയിലും കാനഡയിലും മലയാളി സമൂഹത്തിന്റെ ഐക്യവും സംസ്‌കാരവും കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കാം.

നമ്മുടെ ശക്തി നമ്മുടെ ഐക്യത്തിലാണ്. ആ ഐക്യം വരും തലമുറകൾക്കും മാതൃകയാകുന്ന വിധത്തിൽ വളർത്തിയെടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം, ഒന്നിച്ചു വളരാം, ഒന്നിച്ചു വിജയിക്കാം.

ഫോമാ 2026 കൺവെൻഷൻ ഈ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സേവന മനോഭാവത്തിന്റെയും മഹത്തായ ആഘോഷമാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, അമേരിക്കയിലെയും കാനഡയിലെയും ലോകമെമ്പാടുമുള്ള എല്ലാ മലയാളികളെയും ഹൃദയപൂർവ്വം ഹൂസ്റ്റണിലേക്ക് സ്വാഗതം ചെയ്യുന്നു. നമുക്ക് ഒരുമിച്ച് ആഘോഷിക്കാം, നമ്മുടെ സംസ്‌കാരം ഉയർത്തിപ്പിടിക്കാം, പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാം, മലയാളികളുടെ ഐക്യത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ വീണ്ടും തെളിയിക്കാം.

ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ 2026ലേക്ക് ഏവർക്കും സ്‌നേഹപൂർവ്വമായ സ്വാഗതം.

ജിജു കുളങ്ങര (ജനറൽ കൺവീനർ, ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ, ഹൂസ്റ്റൺ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam