വാഷിംഗ്ടൺ: പലസ്തീൻ വിഷയത്തിലെ യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസിന് മേൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. ഗാസയിലെ ഇസ്രായേൽ സൈനിക നടപടിയെ വിമർശിച്ചതിന്റെ പേരിൽ അൽബനീസിനെതിരെ നടപടിയെടുത്തത് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. വാഷിംഗ്ടണിലെ ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് ലിയോണാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇസ്രായേൽ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ യുഎൻ സ്പെഷ്യൽ റിപ്പോർട്ടറായ അൽബനീസിന് അമേരിക്കയിൽ പ്രവേശിക്കുന്നതിനും ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും ട്രംപ് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
ഗാസയിലെ യുദ്ധക്കുറ്റങ്ങളിൽ ഇസ്രായേൽ, അമേരിക്കൻ പൗരന്മാർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം നടത്തണമെന്ന് അൽബനീസ് ശുപാർശ ചെയ്തതിന് പിന്നാലെയായിരുന്നു ഈ നടപടി. ഉപരോധം മൂലം നിത്യജീവിതം അസാധ്യമായെന്ന് ചൂണ്ടിക്കാട്ടി അൽബനീസിന്റെ ഭർത്താവും അമേരിക്കൻ പൗരത്വമുള്ള മകളും ഫെബ്രുവരിയിലാണ് കോടതിയെ സമീപിച്ചത്.
അൽബനീസ് അമേരിക്കയ്ക്ക് പുറത്താണ് താമസിക്കുന്നത് എന്നതുകൊണ്ട് ഭരണഘടന ഉറപ്പുനൽകുന്ന 'ഫസ്റ്റ് അമൻഡ്‌മെന്റ്' (ആവിഷ്കാര സ്വാതന്ത്ര്യം) സംരക്ഷണം അവർക്ക് ലഭിക്കാതിരിക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
ഒരു വ്യക്തി പ്രകടിപ്പിക്കുന്ന ആശയത്തോടുള്ള വിയോജിപ്പ് കാരണം അവരുടെ സംസാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ഉത്തരവാദിത്ത സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള യുഎസ് തന്ത്രത്തിന്റെ ഭാഗമാണ് ഈ ഉപരോധമെന്ന് അൽബനീസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
