വാഷിംഗ്ടണ്‍: വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി സ്ഥിരമായി തടഞ്ഞു. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി ഡെനീസ് കാസ്പര്‍ ആണ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായ ഈ വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് പുറപ്പെടുവിച്ച ആദ്യ എക്‌സിക്യൂട്ടീവ് ഉത്തരവിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നത് കോടതി പൂര്‍ണ്ണമായി വിലക്കി.
ഒരു വര്‍ഷം മുന്‍പ് ഇതേ ജഡ്ജി പുറപ്പെടുവിച്ച താല്‍ക്കാലിക സ്റ്റേ ഉത്തരവാണ് ഇപ്പോള്‍ സ്ഥിരം നിരോധനമായി മാറിയിരിക്കുന്നത്. ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ സുപ്രധാന നടപടി. ചട്ടങ്ങള്‍ ഇനിയും പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം ജഡ്ജി തള്ളി. യുഎസ് ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസിനുമാണ്. അല്ലാതെ പ്രസിഡന്റിനല്ലെന്ന് ജഡ്ജി കാസ്പര്‍ ചൂണ്ടിക്കാട്ടി. ഭരണഘടന പ്രസിഡന്റിന് തിരഞ്ഞെടുപ്പിന്മേല്‍ പ്രത്യേക അധികാരങ്ങളൊന്നും നല്‍കുന്നില്ലെന്ന് അവര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
വോട്ട് രജിസ്‌ട്രേഷന് പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിര്‍ബന്ധമാക്കുക, തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം എത്തുന്ന തപാല്‍ വോട്ടുകള്‍, കൃത്യസമയത്ത് പോസ്റ്റ് ചെയ്തതാണെങ്കില്‍ പോലും എണ്ണാതിരിക്കുക, ഈ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഫെഡറല്‍ ഫണ്ടുകള്‍ തടഞ്ഞുവെക്കുക തുടങ്ങിയവയായിരുന്നു ട്രംപിന്റെ ഉത്തരവിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ട്രംപിന്റെ ശ്രമത്തെ തടഞ്ഞതില്‍ നന്ദിയുണ്ടെന്നും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് പറഞ്ഞു. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലും ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാന്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് അവര്‍ വ്യക്തമാക്കി. രണ്ടാം തവണ അധികാരമേറ്റതിന് ശേഷം ട്രംപ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളില്‍ ഒന്നാണിത്. ഇതിന് പിന്നാലെ ദേശീയ വോട്ടര്‍ പട്ടിക തയാറാക്കാനും തപാല്‍ വോട്ടുകള്‍ പരിമിതപ്പെടുത്താനും ലക്ഷ്യമിട്ട് അദ്ദേഹം മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവും ഇറക്കിയിട്ടുണ്ട്, ഇതും നിലവില്‍ കോടതികളില്‍ കനത്ത നിയമപോരാട്ടം നേരിടുകയാണ്.
നേരത്തെ, വാഷിംഗ്ടണ്‍ ഡിസിയിലെ ഫെഡറല്‍ കോടതിയും സൈനികര്‍ക്ക് വോട്ട് ചെയ്യാന്‍ പൗരത്വ രേഖ വേണമെന്ന പ്രതിരോധ സെക്രട്ടറിയുടെ ആവശ്യത്തെ തടഞ്ഞിരുന്നു. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഇത് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കി, ട്രംപ് ഇപ്പോള്‍ കോണ്‍ഗ്രസ് വഴി നിയമനിര്‍മ്മാണത്തിന് ശ്രമിക്കുകയാണ്. ഇതിനായി കൊണ്ടുവന്ന 'സേവ് അമേരിക്ക ആക്റ്റ്' ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും സെനറ്റില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ നിയമം പാസാക്കാതെ മറ്റ് ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപ്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി ഒരു ഉഭയകക്ഷി ഭവന നിര്‍മാണ ബില്ലില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ നിന്ന് അദ്ദേഹം അവസാന നിമിഷം പിന്മാറിയിരുന്നു.
അതേസമയം തപാല്‍ വോട്ടുകള്‍ തിരഞ്ഞെടുപ്പ് ദിവസത്തിനകം തന്നെ വരണമെന്നുണ്ടോ എന്ന കാര്യത്തില്‍ യുഎസ് സുപ്രീം കോടതിയുടെ സുപ്രധാന വിധി ഉടന്‍ പുറത്തുവരാനിരിക്കുകയാണ്. ഇത് നിലവില്‍ വോട്ടുകള്‍ക്ക് കൃത്യമായ ഇളവ് നല്‍കുന്ന 14 സംസ്ഥാനങ്ങളിലെ നിയമങ്ങളെ നേരിട്ട് ബാധിച്ചേക്കും.
English Summary
A U.S. Federal Court has permanently blocked President Donald Trump’s executive order that sought to require documentary proof of citizenship to register to vote, ruling that the directive violates the separation of powers as the Constitution grants election authority to Congress and the states rather than the executive branch. The ruling by District Court Judge Denise Casper permanently halts key provisions of the order, including the withholding of federal funds from non-compliant states and the disqualification of mail-in ballots that arrive after Election Day despite being postmarked on time. In response to mounting legal defeats over his executive orders, Trump is now pushing for legislative action via the stalled SAVE America Act and has vowed to freeze all other congressional legislation—recently refusing to sign a bipartisan housing bill—until his proof-of-citizenship voting mandate is passed into law.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
