ഹേഗ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയിലുള്ള മാരക ലഹരി ഗുളികകള്‍ വിപണിയിലെത്തിയതിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്സില്‍ അതിജാഗ്രതാ നിര്‍ദേശം. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഈ ഗുളികകളുടെ വ്യാപനത്തിനെതിരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ സംഘടനയായ ട്രിംബോസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത ദിവസങ്ങളില്‍ ഡച്ച് ഡ്രഗ് ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഈ അപകടകരമായ ലഹരിമരുന്ന് കണ്ടെത്താനായത്.
പച്ച, മഞ്ഞ നിറങ്ങളിലാണ് ഈ ഗുളികകള്‍ വിപണിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഗുളികയുടെ ഒരുവശത്ത് ട്രംപിന്റെ മുഖസാമ്യമുള്ള രൂപവും മറുവശത്ത് എന്‍.എല്‍, ട്രംപ് എന്നിങ്ങനെ എഴുതിയിട്ടുമുണ്ട്. സാധാരണ ലഹരി ഗുളികകളില്‍ കാണാറുള്ള എം.ഡി.എം.എ എന്ന ഘടകത്തിന് പകരം മാരകമായ പാരാ-മെഥോക്സിമെഥാംഫെറ്റാമെന്‍ (പി.എം.എം.എ) ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
എം.ഡി.എം.എയെ അപേക്ഷിച്ച് പി.എം.എം.എ ശരീരത്തില്‍ സാവധാനത്തില്‍ മാത്രമേ പ്രവര്‍ത്തിച്ചു തുടങ്ങൂ. അതിനാല്‍ ലഹരി ലഭിക്കുന്നില്ലെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ അമിത അളവില്‍ ഗുളിക കഴിക്കാന്‍ ഇടയാകുകയും ഇത് ശരീരതാപം അമിതമായി വര്‍ധിച്ച് മരണത്തിന് വരെ കാരണമാകുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
നിലവില്‍ നെതര്‍ലന്‍ഡ്സില്‍ ഇതിന്റെ ഉപയോഗം മൂലം ആരോഗ്യ പ്രശ്‌നങ്ങളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. മുന്‍പ് 2017 ല്‍ ജര്‍മന്‍ പോലീസും ട്രംപിന്റെ മുഖത്തിന്റെ ആകൃതിയിലുള്ള ഓറഞ്ച് നിറത്തിലെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
