ഹൂസ്റ്റൺ: ലോകസമാധാന പരിശ്രമങ്ങൾക്കും, മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും, മത ഐക്യത്തിനും, ഉപവിപ്രവർത്തനങ്ങൾക്കും നാല് പതിറ്റാണ്ടിലേറെയായി ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി മാനവികതയുടെ വിശ്വപൗരൻ എന്ന ബഹുമതിയോടെ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ജ്വലിക്കുന്ന ആത്മവിശ്വാസവുമായി ജീവിതത്തിന്റെ വെല്ലുവിളികൾ നേരിട്ട് മുന്നേറുമ്പോഴും സണ്ണി സ്റ്റീഫൻ നമുക്കിടയിൽ സാധാരണക്കാരനെപ്പോലെ സഞ്ചരിക്കുന്ന അസാധാരണ വ്യക്തിത്വമാണ്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ലോകസമാധാനത്തിന്റെ പ്രായോഗിക പാഠങ്ങളിലൂടെയും നിശബ്ദ സേവനങ്ങളിലൂടെയും മനുഷ്യരോടൊപ്പം സഞ്ചരിച്ച ഈ മനുഷ്യസ്നേഹി, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിൽ കേരളത്തിലാരംഭിച്ച്, ഇന്ത്യയിലാകെ വേരൂന്നി വളർന്ന് അഞ്ച്ഭൂഖണ്ഡങ്ങളിൽ ശാഖോപശാഖകളായി വളർന്ന് പന്തലിച്ച് നിൽക്കുന്ന വേൾഡ് പീസ് മിഷൻ എന്ന സംഘടനയെ ലോകത്തിന്റെ നെറുകയിൽ കാരുണ്യത്തിന്റെ അടയാളമായി നിലനിർത്തുമ്പോൾ, കഠിനപ്രയത്നത്തിന്റെയും അതിലേറെ പ്രാർത്ഥനയുടേയും ശ്രമഫലമാണ് ഉപമാനമില്ലാത്ത ഈ വിജയം.
ആഹാരത്തിനും, വിദ്യാഭ്യാസത്തിനുമായി വിശക്കുന്നവർക്കു മുൻപിൽ അന്നവും അറിവും ആദരവോടെ നൽകിയും, സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരേയും, സ്വന്തബന്ധങ്ങൾ കൈവിട്ടവരേയും, ഏറ്റുവാങ്ങി കരുണയുടെയും കരുതലിന്റെയും ദാഹജലമായി മാറിയും, ജാതിമത വർഗ്ഗവർണ്ണവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കുമിടയിലുള്ള മനുഷ്യരേയും ഒരു നല്ല സമരിയാക്കാരനെപ്പോലെ പരിരക്ഷിച്ചും, അന്യന്റെ സ്വകാര്യതകളെ സംരക്ഷിക്കുകയും, വീണവനെ വീണ്ടും ചവിട്ടാതെ വീണ്ടെടുക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ദൈവീകഭാവമായും, രോഗികളും, അവശരും, ആലംബഹീനരുമായ് ദുരിതക്കയത്തിലായവരെ ആശുപത്രികളിലും വീടുകളിലുംപരിചരണവും ശുശ്രൂഷകളും നൽകിയും, തടവറപോലെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ, കൗൺസിലിങ്ങിലൂടെയും, പരിപാലന ശുശ്രൂഷകളിലൂടെയും പുതിയ ആകാശവും പുതിയ ഭൂമിയും കാണിച്ചുകൊടുത്തും, ദൈവത്തോടൊപ്പം നടക്കുന്നവർ മനുഷ്യരോടൊപ്പം നടക്കണമെന്ന കാപട്യമില്ലാത്ത മാനുഷികനന്മയുടെ അകപ്പൊരുൾ ജീവിതമാക്കിയും ഈ സ്നേഹസഞ്ചാരി നമുക്കുമുന്നിൽ തുറന്നിട്ട വേൾഡ് പീസ് മിഷൻ എന്ന സംഘടന വഴി സാധൃമാകുന്നു. വിവിധ രാജങളിലായി പതിനെണ്ണായിരത്തോളം സന്നദ്ധ പ്രവർത്തകരുണ്ട്.
ലളിതമായി ആരംഭിച്ച വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. നടന്നതെല്ലാം അവിശ്വസനീയം. ദൈവം തനിക്കു ദാനമായി തന്ന സംഗീതം എന്ന താലന്തിൽനിന്ന് ആരംഭിച്ചു. പാട്ടെഴുതി സംഗീതം നൽകി രണ്ടുമാസത്തിലൊരിക്കൽ ഒരു സംഗീത ആൽബം എന്ന ക്രമത്തിൽ പുറത്തിറക്കി. താല്പര്യമുള്ള പ്രതിനിധികളെ കണ്ടെത്തി വീടുകൾതോറും എരിയാ തിരിച്ച് വിതരണം ക്രമീകരിച്ചു.
വിൽക്കുന്ന ആൽബത്തിന്റെ വിലയിൽ അമ്പതു ശതമാനംഅവർക്ക് നൽകി. ഒന്നര വർഷത്തിനുള്ളിൽ ആയിരത്തിഎണ്ണൂറ്റിയിരുപത് കുടുംബങ്ങൾക്ക് അത് ജീവിതമാർഗ്ഗമായി. ഒപ്പം അതാത് ഏരിയായിലുള്ള ദരിദ്രരായ കുട്ടികൾക്ക് വിദ്യാഭ്യാസസഹായം നൽകാൻ തീരുമാനിച്ച് വിൽക്കുന്ന ഓരോ ആൽബത്തിന്റെയും മുപ്പതു ശതമാനം കുട്ടികൾക്കും പ്രതിമാസം വിദ്യാഭ്യാസ സഹായം നൽകി. കേരളത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളുടെ വേറിട്ട വഴിയായിരുന്നത്. രണ്ടു പതിറ്റാണ്ട് ഈ ശുശ്രൂഷകൾ സജീവമായി നിലനിർത്തി. ഒരു മനുഷ്യന്റെ നിശ്ചയ ദാർഢൃത്തിന്റെ ഫലങ്ങളാണിവ.
മഹാപ്രളയകാലത്ത് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണകിറ്റുകളും, വീട്ടുപകരണങ്ങളും വിതരണം ചെയ്തും, ചികിത്സാ സഹായങ്ങൾ നൽകിയും, കോവിഡ് കാലത്ത് മനുഷൃരുടെ കെടുതികളിൽ മുന്നിൽ നിന്ന് സഹായിച്ചതും ഒരിക്കലും മറക്കാനാവാത്ത സുകൃതങ്ങളാണ്
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഭക്ഷണകിറ്റുകളുടെ വിതരണവും വിദ്യാഭ്യാസ സഹായവും, കൗൺസിലിങ്ങും നല്കി പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിന്റെ നിർലോപമായ സഹകരണം വഴി ഇന്ത്യയിലാകെ മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ വിന്യസിപ്പിക്കാനും വളരാനും ഇടവന്നുവെന്ന് ഇന്നും നന്ദിയോടെ ഡോ.സണ്ണിസ്റ്റീഫൻ ഓർക്കുന്നു.
അന്നവും അറിവും ആദരവോടെ എന്ന കാരുണൃ പദ്ധതിയിലൂടെ
ഇന്ത്യയ്ക്ക് പുറത്തു പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. കഴിഞ്ഞ പതിനേഴു വർഷമായി ആഫ്രിക്കയിലെ നിർദ്ധനരായ മനുഷ്യരുടെ ഇടയിൽ വേൾഡ്പീസ്മിഷൻ പ്രവർത്തനങ്ങൾ സജീവമാണ്. പതിന്നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷണകിറ്റ് വിതരണവും വിദ്യാഭ്യാസ സഹായപദ്ധതികളും വിപുലമായി നടത്തപ്പെടുന്നു. വിവിധ സന്യാസ സഭകളിലെ സഹോദരിമാരാണ് ഓരോ രാജ്യത്തെയും ചുമതലകൾ ഏറ്റെടുത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. വേൾഡ് പീസ് മിഷന്റെ ഫാമിലികോൺഫെറൻസുകളിലൂടെയും, സുഹൃദ്ബന്ധങ്ങളിലൂടെയുമുള്ള
ആയിരത്തിലേറെ സുമനസ്സുകളാണ് ഇതിനാവശ്യമായ ഫണ്ട് സ്പോൺസർ ചെയ്യുന്നത്.
അതാത് സ്ഥലങ്ങളിലേക്ക് അവർ നേരിട്ട് പണം അയച്ചു കൊടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്ത് പണമിടപാടുകൾ സുതാരൃമാക്കിയിരിക്കുന്നു.ലോകത്ത് സംഘർഷങ്ങളും ദുരിതങ്ങളും നിറഞ്ഞ മേഖലകളിൽ മനുഷ്യരുടെ വിശപ്പകറ്റാനും, വിദ്യാഭ്യാസത്തിലൂടെ വീണ്ടെടുക്കുവാനും യത്നിക്കുന്ന വേൾഡ്പീസ്മിഷന്റെ കാരുണ്യപദ്ധതികൾ ലോകം മുഴുവനും ഇന്ന് ആദരവോടെ നോക്കിക്കാണുന്നു. സൗത്ത് ആഫ്രിക്കൻ ബിഷപ്പ് കൗൺസിൽ പ്രസിഡന്റായിരുന്ന ആർച്ച്ബിഷപ്പ് സിതംബെല്ല സിപൂക്കയുടെ മേൽനോട്ടവും സഹായ സഹകരണങ്ങളും വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾക്ക് പിൻബലമാണ്.
ത്യാഗമാണ് സമ്പാദ്യം, താഴ്മയാണ് സിംഹാസനം എന്ന ബോധൃത്തോടെ,
'അപരന്റെ കണ്ണീരിൽ സ്വന്തദുഃഖവും അന്യന്റെ ഹൃദയത്തിൽ സ്വർഗ്ഗരാജ്യവും കാണാനുള്ള മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ അടയാളമാണ് സണ്ണി സ്റ്റീഫൻ. നിലപാടുകളിലെ സത്യസന്ധതകൊണ്ടും, ജീവിതലാളിത്യംകൊണ്ടും, ആശയഗാംഭീര്യംകൊണ്ടും ഈ വ്യക്തിപ്രഭാവം നമ്മെ അതിയിപ്പിക്കുന്നു. മതമല്ല മനുഷ്യനും മനുഷ്യത്വവുമാണ് വലുതെന്ന് ഇദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രബോധകനായി ലോകസമൂഹത്തിന് പുതിയ ചിന്തകൾ നൽകി, നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ്നാടുകൾ ഉൾപ്പെടെ നൂഠിലേറെ രാജ്യങ്ങളിൽ ഫാമിലി കോൺഫറൻസുകൾ, മോട്ടിവേഷണൽ ക്ലാസുകൾ, യുവജന സെമിനാറുകൾ, ഫാമിലി കൗൺസിലിങ് തുടങ്ങിയ പ്രോഗ്രാമുകളിൽ ഓരോ വർഷവും പങ്കെടുക്കുന്നു.
വിവിധരാജ്യങ്ങളിലെ ആദിവാസിമേഖലകളിലുംഅവഗണിക്കപ്പെടുന്ന വിഭാഗങ്ങൾക്കുമിടയിൽ അടിസ്ഥാനസൗകര്യങ്ങൾഒരുക്കുന്നതിൽ ശ്രദ്ധിക്കുകയും, ഭക്ഷണവും മരുന്നും വാസസ്ഥലവും ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി സഹായങ്ങൾ എത്തിക്കുന്നതിലും വേൾഡ് പീസ് മിഷൻ സംഘം മുന്നിലാണ്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അവിവാഹിതരായ അമ്മമാർ, അസ്വഭാവികമരണം, ലഹരിമരുന്നു നൽകിയുള്ള ചൂഷണം തുടങ്ങിആദിവാസിമേഖലകളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങൾക്കെതിരെയും നാലര പതിറ്റാണ്ടായി സണ്ണിസ്റ്റീഫൻ പോരാടുന്നു.
സമാധാന ജീവിതത്തിനുള്ള നല്ല പാഠങ്ങൾ
ദൈവസ്നേഹത്തിന്റെ അതിരില്ലായ്മയെക്കുറിച്ച് സൗമ്യതയോടെ പറഞ്ഞുതരുന്ന ശാന്തഗംഭീരമായ പ്രഭാഷണങ്ങൾ, ഒരിക്കലും മറക്കാനാവാത്ത സ്നേഹവിരുന്നുകളാണ്. വിവിധ സമൂഹങ്ങളിൽ സങ്കീർണ്ണമായി നിൽക്കുന്ന തർക്ക വിഷയങ്ങളിൽ ഇടപെട്ട് ഏറ്റം ലളിതമായ നിർദ്ദേശങ്ങളിലൂടെ പരിഹരിക്കുന്നതും, പ്രതീക്ഷ നൽകി വീണ്ടെടുക്കുന്നതും ഒരു അത്ഭുതം പോലെയാണ് അനുഭവപ്പെടുന്നത്. പ്രതിഫലേച്ഛകൂടാതെ നാലു പതിറ്റാണ്ടിനിടയിൽ മുപ്പത്തിയെണ്ണായിരത്തിലേറെ കുടുംബങ്ങൾക്ക് ഫാമിലി കൗൺസിലിങ്ങിലൂടെ സമാധാന ജീവിതത്തിനുള്ളവെളിച്ചം നൽകിയും, സാമൂഹ്യ പ്രശ്നങ്ങൾക്കും തർക്ക വിഷയങ്ങൾക്കും മുറിവേൽപ്പിക്കാതെ പരിഹാരങ്ങൾ നിർദ്ദേശിച്ചും ഈ മനുഷ്യ സ്നേഹി നമ്മെ അമ്പരിപ്പിക്കുന്നു.
'ഒരു ഹൃദയം ഒരു ലോകം' എന്ന ആശയം വിളംബരം ചെയ്യുന്ന മതാന്തരസംവാദങ്ങൾ, സെമിനാറുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ആഗോളതലത്തിൽ മൂല്യാധിഷ്ഠിത വിദ്യഭ്യാസ പദ്ധതികൾ, മെഡിക്കൽ ക്യാമ്പുകൾ, പാല്യേറ്റീവ് കെയർ,ക്യാൻസർ ചികിത്സാസഹായം സ്ത്രീകളുടെ ഉന്നമാനത്തിനു വേണ്ടിയുള്ള ഒട്ടനവധി പദ്ധതികൾ, ഗ്രീൻവേൾഡ് മിഷന്റെ നേതൃത്വത്തിൽ എക്കോ എഡൂക്കേഷൻ, ആധുനിക സാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള മീഡിയ പ്രവർത്തനങ്ങൾ, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങൾ, ജീവിതസായാഹ്നത്തിലെത്തിയവർക്കായി പീസ് ഗാർഡൻ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് വേൾഡ് പീസ് മിഷന്റെ കുടക്കീഴിൽ മൂന്ന്പതിറ്റാണ്ട് പിന്നിട്ട് സജീവമായി പ്രവർത്തിക്കുന്നത്.
ജീവിതം സംഗീതസാന്ദ്രം
ഒൻപത് സിനിമകൾ, അവയിൽ ജയരാജിന്റെ കരുണം എന്ന ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പ്രശംസ. സംസ്ഥാന അവാർഡിന് പുറമേ പതിനേഴ് ബഹുമതികൾകൂടി. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം അവാർഡ്, ഫിലിം ക്രിടിക്സ് അവാർഡ്, സംഗീതരത്നം അവാർഡ്, നാനാ അവാർഡ്, കൂടാതെ തിരുനാമകീർത്തനത്തിന് കെ.സി.ബി.സിയുടെ സ്പെഷ്യൽ അവാർഡ്എന്നിവയും ലഭിച്ചു.
സിനിമാഗാനങ്ങൾക്കു പുറമേ ഗസലുകൾ, ഉത്സവഗാനങ്ങൾ, നാടൻ പാട്ടുകൾ, നാടോടി പാട്ടുകൾ, വിഷാദഗീതങ്ങൾ, ഭക്തിഗാനങ്ങൾ തുടങ്ങി ഒട്ടനവധി സംഗീതആൽബങ്ങളിലൂടെ മലയാള സംഗീത ശാഖയ്ക്ക് ഓർക്കാനും ഓമനിക്കാനുംഎത്രയോ ഗാനങ്ങൾ ഈ സംഗീതമാന്ത്രികൻ സമ്മാനിച്ചു. ഷഹാന രാഗത്തിലും, നളിനകാന്തി രാഗത്തിലും രണ്ടു കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്.
ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായ്, ആടിക്കാറിൻ മഞ്ചൽ, ഓർമ്മയിൽകാണുന്നതീ മുഖം മാത്രം, പൊൻചിങ്ങച്ചില്ലയിലാരോ, സണ്ണി സ്റ്റീഫൻ രചിച്ച് സംഗീതം നൽകിയ അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി തുടങ്ങി ഒരിക്കലും മരിക്കാത്ത, സംഗീതസുഗന്ധം നൽകുന്ന ഒട്ടേറെ ഗാനങ്ങൾ മലയാളികൾക്ക് നൽകി ഈ അതുല്യ പ്രതിഭ.
ഡോ.കെ.ജെ.യേശുദാസ്, എസ്.പി.ബാലസുബ്രണൃം, മലേഷ്യ വാസുദേവൻ, എസ്. ജാനകി, വാണിജയറാം, കെ.എസ്. ചിത്ര, സുജാത തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ഗായകരും സണ്ണി സ്റ്റീഫന്റെ ഗാനങ്ങൾ പാടി. പ്രഗത്ഭരായ പി.ഭാസ്കരൻ, ഒ.എൻ.വി, കൈതപ്രം, ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി, കെ. ജയകുമാർ തുടങ്ങിയവരോടൊപ്പം ചേർന്ന് മറക്കാനാവാത്ത അനേകം സുപ്പർഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ചു. മധു ബാലകൃഷ്ണൻ, ദലീമ, രാജേഷ്. എച്ച്, ബിനോയ്ചാക്കോ തുടങ്ങി അനവധി ഗായകരെ മലയാള സംഗീത ലോകത്തിന് പരിചയപ്പെടുത്തി. മനോരമവിഷന്റെ തപസ്യ, നിറമാല, ദേശാടനപക്ഷി, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓമനത്തിങ്കൾപക്ഷി തുടങ്ങിപന്ത്രണ്ട് സീരിയലുകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.
1986 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ കോട്ടയം സന്ദർശനവേളയിൽ നൂറ്റിയിരുപത് പേരടങ്ങുന്ന ഗായകസംഘത്തിന് നേതൃത്വം നല്കിയതും, മാർപ്പാപ്പയെ സ്വീകരിച്ച് ഗായകസംഘം ആലപിച്ച ജനനിരപാടും മധുമയ ഗാനം, സ്വർഗ്ഗത്തിൻ നാഥൻ ഭൂമിക്കധിപൻ, അജപാലൻ മമകർത്താവ് തുടങ്ങിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും ഇദ്ദേഹമാണ്.
സണ്ണി സ്റ്റീഫൻ രചിച്ച്സംഗീതം നൽകിയ ആത്മാവിന്നാഴങ്ങളിൽ, കൂടാതെ താരിളം മെയ്യിൽ, പിതാവേ അനന്ത നന്മയാകും, ഇത്രനാൾഞാൻ മറന്ന, തന്നാലും നാഥാ, നിൻ ഗേഹത്തിൽ, യേശു വിളിക്കുന്നു തുടങ്ങി നാല് പതിറ്റാണ്ടുകൾ കൊണ്ട് ആത്മാവിൽ നിറഞ്ഞ നാലായിരത്തി എണ്ണൂറ് ഗാനങ്ങൾ ചിട്ടപ്പെടുത്തി ക്രിസ്തീയസംഗീതശാഖയെ സമ്പന്നമാക്കിയ ഈ സംഗീതരത്നത്തിന്റെ തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ എന്ന ഗാനം ഒരു തവണയെങ്കിലും പാടാത്ത ഭക്തർ ചുരുക്കം.
ശ്രീനാരായണഗുരു രചിച്ച സമ്പൂർണ്ണ കാവ്യങ്ങളുടെ സംഗീതാവിഷ്കാരം, വിശുദ്ധനായ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെ ആത്മാനുതാപം എന്ന കാവ്യസമാഹാരം, ഫ്ളോറൻസ് നൈറ്റിങലിന്റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കയിലെ നേഴ്സസ് അസോസിയേഷൻ ഷിക്കാഗോ നാഷണൽ കൺവെൻഷനിൽ അവതരിപ്പിച്ച എയ്ഞ്ചൽസ് ഓഫ് മേഴ്സി എന്ന ഓപ്പറെ, ചരിത്രസംഭവമായി മാറിയ ബൈബിൾ സംഭവങ്ങളുടെ ദൃശൃവിസ്മയം തുടങ്ങിയവ കലാജീവിതത്തിലെ നാഴികക്കല്ലുകളാണ്.
വസുധയോട് (കവിതകൾ), കുടുംബജീവിതത്തിന് പത്തു പ്രമാണങ്ങൾ, രോഗപ്രതിരോധത്തിന് മ്യൂസിക് തെറപ്പി, എയ്ഞ്ചൽസ് ഓഫ് മേഴ്സി, ആദിമസഞ്ചയം, ദ പവർ ഓഫ് ലൌവ്, മ്യുസിക് മെഡിറ്റേഷൻ ഫോർ ഹെൽത്ത്, ഒരു ഹൃദയം ഒരു ലോകം, തുടങ്ങിയ പുസ്തകങ്ങൾക്കു പുറമേ ഡോ. ശശി തരൂർ അവതാരിക എഴുതി പുറത്തിറങ്ങിയ ഒൻപതാമത്തെ പുസ്തകമാണ് ജനപ്രീതി നേടിയ 'എസ്സൻസ് ഓഫ് ലൈഫ്' എന്ന ജീവിതപാഠപുസ്തകം. കൂടാതെ ഇരുപത്തിയഞ്ച് വീഡിയോ ആൽബങ്ങൾ സംവിധാനം ചെയ്തു.
കാരുണ്യത്തിന്റെ അപ്പസ്തോലൻ
കാലദേശങ്ങൾക്കും ജാതിമത ചിന്തകൾക്കുമതീതമായ് പ്രവർത്തിക്കുന്ന മനുഷ്യസ്നേഹി, അനാഥർക്കും അവശത അനുഭവിക്കുന്നവർക്കും ദരിദ്രർക്കുംവേണ്ടി ജീവിതം സമർപ്പണം ചെയ്ത കർമ്മയോഗി, ലോകത്തിന്റെ അതിർത്തിവരെ സാക്ഷിയായിരിക്കുക എന്ന ദൈവവിളിയുടെ ആഹ്വാനം ഹൃദയത്തിൽ ഏറ്റുവാങ്ങി നിയോഗശുദ്ധിയോടെ ജീവിക്കുന്ന അപ്പസ്തോലൻ, ഒരുഹൃദയം ഒരു ലോകം എന്ന ഉൾക്കരുത്തുള്ള ദർശനത്തോടെ 1995ൽ സ്ഥാപിക്കപെട്ട വേൾഡ് പീസ്മിഷൻ എന്ന സംഘടനയുടെ സ്ഥാപകൻ, ലോകസമൂഹത്തിന് ഒട്ടേറെവിഷയങ്ങളിൽ പുതിയ ചിന്തകളും പ്രവർത്തന മേഖലകളും തുറന്നു കാണിച്ച ഈ ബഹുമുഖപ്രതിഭ, മാനവികതയുടെ വിശാലലോകത്ത് ഒരു അടയാളമാണ്, മനുഷ്യസേവനത്തിന് മാതൃകയാണ്.
പ്രവൃത്തിയാണ് പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് വെളിപ്പെടുത്തി സമാനതകളില്ലാത്ത ജീവിതസാക്ഷ്യം നൽകിയ സണ്ണിസ്റ്റീഫൻ, നമുക്കു നൽകുന്നത് സ്നേഹത്തിന്റെയും. കാരുണ്യത്തിന്റെയും, സമാധാനത്തിന്റെയും നല്ല പാഠങ്ങളാണ്. ആയുസ്സിന്റെ നീളത്തെക്കാൾ കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ നന്മയെന്ന് ഈ സ്നേഹാഗായകൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
അദ്ധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ എന്നീ മികവിനൊപ്പം കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ, സംവിധായകൻ, പ്രഭാഷകൻ, ചിന്തകൻ പത്രാധിപർ, ജീവകാരുണൃ പ്രവർത്തകൻ എന്നീ നിലകളിലും ഡോ.സണ്ണി സ്റ്റീഫന്റെ പ്രവർത്തനങ്ങൾ വിപുലമാണ്. ഇച്ഛാശക്തിയുടെയും, നിശ്ചയദാർഢൃത്തിന്റെയും പാഠങ്ങളാണ് ഈ സമാധാനദൂതൻ നമുക്കു നൽകുന്നത്. രാജ്യരാജ്യാന്തരങ്ങൾ വളർന്ന് പ്രവർത്തനങ്ങൾ വിപുലീകരിച്ച് മുന്നേറുമ്പോഴും അതൊന്നും വാർത്തയാക്കാനും ഇദ്ദേഹം ശ്രമിക്കാറില്ല.
കുടുംബം
ഡോ. ലിസിയാണ് ഭാര്യ. ന്യുസിലന്റിലുള്ള സയന്റിസ്റ്റും ചലച്ചിത്ര പിന്നണിഗായികയുമായ അലീന മകളാണ്. ഡിങ്കിരി ഡിങ്കിരി പട്ടാളം, പഞ്ചാരക്കെണിയിൽ എന്നീ ഗാനങ്ങളിലൂടെ പ്രശസ്തനും, ഇപ്പോൾ സ്വീഡനിൽ ഐ.ടി മേഖലയിൽ ഉദ്യോഗസ്ഥനായ അലൻ മകനാണ്.
[email protected], www.worldpeacemission.net
സി. ഡോ.ജോവാൻ ചുങ്കപ്പുര mms
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
