ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 8 ദിവസങ്ങൾ നീണ്ടുനിന്ന ഈ വർഷത്തെ പ്രധാന തിരുനാളിന് ഭക്തിനിർഭരമായ സമാപനം. ഓഗസ്റ്റ് പതിനൊന്നുവരെ ദർശനത്തിരുനാളായി ആഘോഷിക്കപ്പെട്ട ഈ തിരുനാളിന് ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട പതാകയുയർത്തലോടെയാണ് തുടക്കമായത്. വി. കുർബ്ബനയ്ക്ക് ക്‌നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിക്കുകയും ഗുജറാത്ത് മിഷന്റെ സുപ്പീരിയർ ജനറൽ ഫാ. സ്റ്റീഫൻ ജയരാജ് സന്ദേശം നൽകും ചെയ്തു.
ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന തിരുനാളിന്റെ ഭാഗമായി തിങ്കൾ മുതൽ ബുധൻ വരെ ആഘോഷമായ ദിവ്യബലിയും മരിയൻ സന്ദേശത്തോടുകൂടിയുള്ള തിരുക്കർമ്മങ്ങളും നടത്തപ്പെട്ടു. ഫാ. ജോസ് തറക്കൽ, ഫാ. ടോമി വട്ടുകുളം, ഫാ. ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ ഈ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോബി പന്നൂറയിൽ, ഫാ. ജോബി വെള്ളൂക്കുന്നേൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവരാണ് വ്യാഴം വെള്ളി, ശനി ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചത്. വെള്ളിയാഴ്ച്ച നടത്തിയ തിരുക്കർമ്മങ്ങൾ യുവതിയുവാക്കൾക്ക് വേണ്ടി ഇഗ്‌ളീഷിൽ നടത്തപെട്ടപ്പോൾ, ശനിയാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ, സേക്രഡ് ഹാർട്ടിലെ ഗായക സംഘം, അൾത്താര ശുശ്രൂഷകർ എന്നിവരടക്കമുള്ള സേക്രഡ് ഹാർട്ട് ഇടവകാംഗങ്ങളാണ്.
ഓഗസ്റ്റ് 8 വെള്ളിയാഴ്ചയിലും, ഓഗസ്റ്റ് 9 ശനിയാഴ്ചയിലും കൂടാരയോഗ കലാമേളയും കലാസന്ധ്യയും വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. ഇടവകയിലെ കൂടാരയോഗങ്ങളുടെയും, തിരുബാലസഖ്യം, ടീൻ മിനിസ്ട്രി, യൂത്ത് മിനിസ്ട്രി, യുവജനവേദി തുടങ്ങിയവർ വർണ്ണവൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. മെൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രധാന തിരുനാൾ ദിവസമായ ഓഗസ്റ്റ് 10 ഞായറാഴ്ചത്തെ റാസ കുർബ്ബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത തിരുനാൾ പ്രദിക്ഷണവും, വാശിയോടെ നടത്തപ്പെട്ട തിരുനാൾ ലേലവും, കുട്ടികൾക്കായി തയ്യാറാക്കിയ വളർത്തുമൃഗങ്ങളുടെ കാഴ്ച ബംഗ്‌ളാവും തിരുനാളിന് വർണ്ണപൊലിമ ചാർത്തി. സ്‌നേഹവിരുന്നോടെയാണ് ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾ അവസാനിച്ചത്.
ഓഗസ്റ്റ് 11 തിങ്കളാഴ്ച്ച നടത്തപ്പെട്ട മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബ്ബാനയോടും സെമിത്തേരി സന്ദർശനത്തോടെയുമാണ് തിരുനാൾ തിരുക്കർമ്മങ്ങൾ അവസാനിച്ചത്. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളാണ് ദർശനത്തിരുനാളായി കൊണ്ടാടപ്പെടുന്നത്. ഇടവകസ്ഥാപിതമായിട്ട് പതിനഞ്ചു വർഷങ്ങൾ പൂർത്തിയായ വേളയിൽ നടത്തപ്പെട്ട തിരുനാളിന് മെൻ മിനിസ്ട്രിയിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു. നാനൂറോളം പ്രസുദേന്തിമാർ തിരുനാളിൽ പങ്കുകാരായി.
വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, തിരുനാൾ കോർഡിനേറ്റേഴ്‌സായ സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, പോൾസൺ കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റിയാണ് തിരുനാളിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചത്. തിരുനാളിന്റെ സുഗമവും ഭക്തി നിർഭരവുമായ നടത്തിപ്പിനായി സഹകരിച്ച എല്ലാവർക്കും ഇടവകവികാരി ഫാ. സിജു മുടക്കോടിൽ നന്ദി അറിയിച്ചു. അടുത്ത വർഷത്തെ തിരുനാളിനായി ഇടവകയിൽ പതിനഞ്ചുവർഷങ്ങളായി സേവനം ചെയ്ത അല്മായ നേതൃത്വം പ്രസുദേന്തിമാരാകും.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്