ഡാളസ് സെന്റ് ഇഗ്നേഷ്യസ് ജാക്കോബൈറ്റ് സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറൊനൊയുടെ ഓർമ്മപെരുന്നാളും 49-ാമത് വാർഷികാഘോഷവും 2026 ഒക്ടോബർ 16,17,18 (വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
ഒക്ടോബർ 11 (ഞായർ) വി.കുർബ്ബാനാനന്തരം റവ. ഫാ. മാർട്ടിൻ ബാബു (അസോസിയേറ്റ് വികാരി), വെരി റവ. ഏലിയാസ് എരമത്ത് കോർ എപ്പിസ്കോപ്പാ, വെരി. റവ. ബോബി ജോസഫ് കോർ എപ്പിസ്കോപ്പാ, റവ. ഫാ ഡോ. രൻജൻ മാത്യു എന്നിവരുടെയും ഒട്ടനവധി വിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രാർത്ഥനാ ഗാനാലാപനത്താൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വികാരി റവ. ഫാ. ബേസിൽ അബ്രഹാം കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
16-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാ പ്രാർത്ഥനയും അതേ തുടർന്ന് ഭക്ത സംഘടനകളുടെ വാർഷികാഘോഷവും നടക്കും. വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കലാപരിപാടികളുടെ അവസാന ഘട്ട പരിശീലനങ്ങൾ പൂർത്തിയായി വരുന്നു.
17-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് പ്രദക്ഷിണവും പ്രഗൽഭ വചന പ്രഘോഷകനായ റവ. ഫാ. ജെയിംസ് മുളന്താനത്ത്, (വികാരി, സെന്റ് ജോൺസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, നോർത്ത് കരോളിന) വചന പ്രഘോഷണവും നടക്കും.
18-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് അഭിവന്ദ്യ മെത്രാപോലീത്താക്ക് സ്വീകരണവും 8.10ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് അഭിവന്ദ്യ മെത്രാപോലിത്തായുടെ പ്രധാന കാർമ്മികത്വത്തിലും ബ.വൈദീകരുടെ സഹകാർമ്മികത്വത്തിലും വി.മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കും.
ശനി, ഞായർ ദിവസങ്ങളിൽ മുത്തുക്കുട, കൊടി, വർണ്ണക്കുട തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന വർണശബളമാർന്ന പ്രദക്ഷിണത്തിൽ ഒട്ടനവധി വിശ്വാസികൾ പങ്കുചേരും. ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങൾ പെരുന്നാൾ ആഘോഷത്തിന് കൊഴുപ്പേകും.
1977ൽ ജാക്കോബൈറ്റ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട 5 കുടുംബങ്ങൾ ഒത്തൊരുമിച്ച് ഡാളസിന്റെ ഹൃദയഭാഗത്ത് ആരംഭം കുറിച്ച ഈ ദേവാലയം, അതിന്റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി അനുഗ്രഹകരമായ 50 വർഷങ്ങൾ പിന്നിടുവാൻ പോകുകയാണ്.
2027 ഒക്ടോബർ 15,16,17 തീയതികളിലായി പ.പാത്രിയർക്കീസ്, മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടേയും ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെയും ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദൊ മെത്രാപോലീത്തായുടേയും നേതൃത്വത്തിൽ വന്ദ്യ വൈദീക ശ്രേഷ്ഠരുടേയും സാമൂഹിക സാംസ്കാരിക നായകന്മാരുടേയും നൂറു കണക്കിന് വിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലി സമുചിതമായി ആഘോഷിക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കി വരികയാണ്.
ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജൂബിലി കിക്ക് ഓഫ് ഞായറാഴ്ച വി.കുർബ്ബാനാനന്തരം അഭിവന്ദ്യ ഇടവക മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നിർവഹിക്കുന്നു.
പെരുന്നാൾ ക്രമീകരണങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഫാ. ബേസിൽ അബ്രഹാം (വികാരി), റവ. ഫാ. മാർട്ടിൻബാബു (അസോസിയേറ്റ് വികാരി), പോൾ ആർ. ഫിലിപ്പോസ് (വൈസ് പ്രസിഡന്റ്), യൽദൊ മാത്യു (സെക്രട്ടറി), ജോസഫ് ജോർജ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിംഗ് കമ്മറ്റി വിപുലമായ ഒരുക്കങ്ങൾ ചെയ്തുവരുന്നു.
ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് ബിജു തോമസ്, ജോർജ് ജേക്കബ്, ജേക്കബ് ഐസക്, ജെയിംസ് മാത്യു, പ്രമോദ് മാത്യു, സുനിൽ വർഗീസ് എന്നിവരുടെ കുടുംബാംഗങ്ങളാണ്.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
