വിശ്വാസ ദീപ്തിയിൽ ഷിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം

JULY 10, 2026, 10:03 PM

ഷിക്കാഗോ: ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാർ കൺവൻഷന് വർണാഭമായ തുടക്കം. ജൂലൈ 9 വൈകുന്നേരം കൺവൻഷൻ സെന്ററിൽ,  രൂപതയുടെ പ്രഥമ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് തുടക്കം കുറിച്ചത്.

ഷിക്കാഗോ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് ജൂബിലി കൺവൻഷൻ നടക്കുന്നത്. കൺവൻഷന്റെ ഓപ്പണിങ് സെറിമണിയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.

പുനസുവിശേഷവല്ക്കരണപ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള അവസരമാണ് രജതജൂബിലിയെന്ന് മാർ തട്ടിൽ പറഞ്ഞു. അമേരിക്കയിലെ ലത്തീൻ രൂപതകളുടെ സഹകരണത്തിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. കഴിഞ്ഞ 25 വർഷങ്ങൾക്കൊണ്ട് ദൈവമഹത്വത്തിനുവേണ്ടി ചെയ്ത വലിയ കാര്യങ്ങൾക്ക് രൂപതയെ മാർ തട്ടിൽ അഭിനന്ദിച്ചു. 

vachakam
vachakam
vachakam


ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയിസ് ജെ. സുപിച്ച് മുഖ്യപ്രഭാഷണം നടത്തി. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികവും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ആഘോഷിക്കുന്ന ജൂലൈ മാസത്തിൽ തന്നെയാണ് ഷിക്കാഗോ രൂപതയുടെ ജൂബിലി ആഘോഷങ്ങൾ നടക്കുന്നതെന്നുള്ളത് പ്രസക്തമാണെന്ന് കർദിനാൾ കൂട്ടിച്ചേർത്തു.

മതാന്തര സംവാദത്തിനു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രീഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, കാനഡയിലെ മിസിസാഗ സീറോ മലബാർ ബിഷപ് മാർ ജോസ് കല്ലുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

vachakam
vachakam
vachakam

രൂപത വികാരി ജനറൽ, റവ. ഫാ. ജോൺ മേലേപ്പുറം സ്വാഗതം ആശംസിച്ചു. ബീന വള്ളിക്കളം പരിപാടിയുടെ എം.സി. ആയിരുന്നു. ജിബി പാറക്കൽ (പി.എസ.ജി ഗ്രൂപ്പ്) ആണ് സമ്മേളനത്തിന്റെ മുഖ്യ സ്‌പൊൺസർ.


കാണികളെ വിസ്മയിപ്പിച്ച് സാംസ്‌കാരിക ദൃശ്യവിരുന്ന്

vachakam
vachakam
vachakam

വിവിധ സാംസ്‌കാരിക പ്രോഗ്രാമുകളും ഓപ്പണിങ് സെറിമണിയോടനുബന്ധിച്ചു വേഡിറ്റിൽ നടന്നു. കൺവൻഷന്റെ ഭാഗമായി നടന്ന യേശുവിന്റെ കാലത്തെ ജറുസലേമിനെ പുനഃരവതരിപ്പിച്ച 'ജെറുസലേം കംസ് എലൈവ്' പ്രോഗ്രാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ കാഴ്ചകൾ, ശബ്ദങ്ങൾ, ആളുകൾ, സംസ്‌കാരം എന്നിവ തൊട്ടനുഭവിച്ച് സുവിശേഷത്തിന്റെ കാലത്തേക്കുള്ള ആ യാത്ര കാണികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി. 

വിശുദ്ധ തോമാശ്ലീഹായിലൂടെ പകരപ്പെട്ട വിശ്വാസവും ലോകം മുഴുവൻ സുവിശേഷം അറിയിക്കുക എന്ന ക്രിസ്തു ഭരമേല്പ്പിച്ച ഉത്തരവാദിത്വവും വരുംതലമുറകളിലേക്ക് പകരണമെന്ന ആഹ്വാനം ചെയ്യുന്ന രംഗാവിഷ്‌കാരമായ 'ഫ്രം ക്രോസ് ടു ദ നേഷൻസ്' കാണികളെ ആകർഷിച്ചു. 


മക്കോർമിക് പ്ലേസിനെ ഉത്സവപ്പറമ്പാക്കി 'താളവിസ്മയം'

മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ യുഎസ്എ സിൽവർ ജൂബിലി കൺവെൻഷന് ആവേശം പകർന്ന് സിനിമാ താരം ജയറാമും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ഒന്നിച്ചണിനിരന്ന 'താളവിസ്മയം' മെഗാ ഷോ. രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി മാറിയ ഈ സാംസ്‌കാരിക സന്ധ്യ അമേരിക്കൻ മലയാളി സമൂഹത്തിന് വേറിട്ടൊരു ദൃശ്യശ്രാവ്യ വിരുന്നായി.

പ്രശസ്ത പെർക്കഷനിസ്റ്റ് കൂടിയായ നടൻ ജയറാമിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വമ്പൻ ചെണ്ടമേളമാണ് കാണികളെ ആവേശത്തിലാഴ്ത്തിയത്. പരമ്പരാഗത ചെണ്ടമേളത്തിന്റെ തനത് താളത്തിനൊപ്പം സ്റ്റീഫൻ ദേവസിയുടെ വേഗതയേറിയ കീബോർഡ് സംഗീതം കൂടി ചേർന്നപ്പോൾ വെസ്റ്റേൺഫ്യൂഷൻ സംഗീതത്തിന്റെ അപൂർവ്വ അനുഭവം വേദിയിൽ പിറന്നു.

അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തോളം പേരാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്. അമേരിക്കയിലെ സീറോ മലബാർ ലൈവ് ആയി കാണാനുള്ള സംവിധാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ലിങ്ക് : https://www.youtube.com/live/JZDlXb_U3s4?si=JbCpxJDTwVRSMene

മാർട്ടിൻ വിങ്ങോലിൽ 



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam