ഡെട്രോയിറ്റ്: മിഷിഗണിലെ വെസ്റ്റ് ബ്ലൂംഫീൽഡിലുള്ള ടെമ്പിൾ ഇസ്രായേൽ സിനഗോഗിന് നേരെ ഈ മാസം നടന്ന കാർ ബോംബ് - വെടിവെപ്പ് ആക്രമണം ഹിസ്ബുള്ള ഭീകര സംഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയതാണെന്ന് എഫ്ബിഐ. ലെബനൻ വംശജനായ അമേരിക്കൻ പൗരൻ അയമാൻ മുഹമ്മദ് ഗസാലി (41) ആണ് ആക്രമണം നടത്തിയത്. ജൂത സമൂഹത്തെ ലക്ഷ്യമിട്ടാണ് ഇയാൾ ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് ഡെട്രോയിറ്റിലെ എഫ്ബിഐ പ്രത്യേക ഏജന്റ് ജെന്നിഫർ റനിയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 12-നായിരുന്നു ലോകത്തെ തന്നെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സ്ഫോടകവസ്തുക്കളും പടക്കങ്ങളും നിറച്ച ട്രക്ക് സിനഗോഗിനുള്ളിലേക്ക് ഇടിച്ചു കയറ്റിയ ശേഷം ഗസാലി വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ ഇയാൾ സ്വയം വെടിവെച്ച് മരിച്ചു. ആക്രമണത്തിൽ മറ്റാർക്കും ജീവഹാനി സംഭവിച്ചില്ലെങ്കിലും ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേൽക്കുകയും ആരാധനാലയത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
"മിഷിഗണിലെ ഇസ്രായേലികളുടെ ഏറ്റവും വലിയ ഒത്തുചേരൽ കേന്ദ്രമാണിത്. ഞാൻ കാറിൽ ബോംബ് സജ്ജമാക്കിയിട്ടുണ്ട്. അകത്തേക്ക് കടന്ന് പരമാവധി പേരെ കൊല്ലും" എന്ന് ലെബനനിലുള്ള തന്റെ സഹോദരിക്ക് അയച്ച വീഡിയോ സന്ദേശത്തിൽ ഗസാലി വ്യക്തമാക്കിയിരുന്നു.
ഇസ്രായേൽ - ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലെബനനിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസാലിയുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് എന്ന പേരിൽ ഫേസ്ബുക്ക് ആൽബം നിർമ്മിച്ച് ഇയാൾ ആക്രമണം ആസൂത്രണം ചെയ്തത്.
മാർച്ച് 9-നാണ് ആക്രമണത്തിന് ഉപയോഗിച്ച എആർ-സ്റ്റൈൽ റൈഫിളും 300 റൗണ്ട് വെടിയുണ്ടകളും ഇയാൾ വാങ്ങിയത്. കൂടാതെ 35 ഗാലൻ ഗ്യാസോലിനും വൻതോതിൽ പടക്കങ്ങളും ട്രക്കിൽ സജ്ജീകരിച്ചിരുന്നു. ഇയാൾ ഓൺലൈനായി ഹിസ്ബുള്ള അനുകൂല പ്രചാരണങ്ങളിൽ ആകൃഷ്ടനായിരുന്നു. കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെയും ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്‌റള്ളയുടെയും ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അമേരിക്കയിൽ വർദ്ധിച്ചുവരുന്ന ജൂത വിരുദ്ധ ആക്രമണങ്ങളിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മറ്റ് രാജ്യങ്ങളിലെ സുരക്ഷയെക്കൂടി ബാധിക്കുന്ന സാഹചര്യം ഗൗരവകരമാണെന്ന് അധികൃതർ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
