2027 ജനുവരി 11 മുതൽ 13 വരെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടക്കുന്ന ഫൊക്കാനയുടെ കേരള കൺവെൻഷനിൽ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ വ്യവസായ പ്രമുഖൻ എം.എ. യൂസഫലി പങ്കെടുക്കും. ഫൊക്കാനയുടെ ക്ഷണം സ്വീകരിച്ചതായി അദ്ദേഹം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനെ അറിയിച്ചു.
ആഗോള മലയാളികളുടെ അഭിമാനമായ എം.എ. യൂസഫലിയുടെ ഫൊക്കാന കേരള കൺവെൻഷനിലെ സാന്നിദ്ധ്യം, ബിസിനസ് കോൺക്ലേവിൽ പങ്കെടുക്കുന്നവർക്ക് മുതൽകൂട്ടാവുമെന്നു പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ്, കോർഡിനേറ്റർ പോൾ കറുകപ്പിള്ളിൽ എന്നിവർ പറഞ്ഞു.
11-ാം തീയതി 5:30നു മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിലും, 12-ാം തീയതി 11 മണിക്ക് നടക്കുന്ന ബിസിനസ് കോൺക്ലേവിലും യൂസഫലി പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് യൂസഫലിയുടെ സാമൂഹീക രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഫൊക്കാനയുടെ ആദരം മുഖ്യമന്ത്രി വി.ഡി. സതീശൻ സമർപ്പിക്കും.
26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക്ഷോർ ആശുപത്രി ചെയർമാൻ കൂടിയാണ്.
സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കൊച്ചിയിൽ സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു.
ഇന്ന് നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ്, റീട്ടെയിൽ മേഖല കൂടാതെ തന്നെ ഹോൾസെയിൽ കയറ്റുമതി & ഇറക്കുമതി, ഷിപ്പിംഗ്, ഐ.ടി, ഹോട്ടൽ, ട്രാവൽ & ടൂറിസം, ബാങ്കിംഗ് തുടങ്ങി നിരവധി മേഖലകളിൽ ബിസിനസ് നടത്തിപ്പോരുന്നു.
മൂല്യങ്ങളാണ് എന്നും ബിസിനസ് വിജയത്തിന്റെ അടിത്തറ എന്ന് വിശ്വസിച്ചു പോരുന്ന ലോക രാജ്യങ്ങളിലെ വ്യവസായ പ്രമുഖൻ എന്ന പേരിലും അറിയപ്പെടുന്ന യൂസഫലിക്ക് 2005ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും 2008ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. ലോകത്തിലെ ശതകോടിശ്വരന്മാരിൽ ഒരാളായ യൂസഫലി ഫോബ്സിന്റെ ലോക സമ്പന്നരുടെ പട്ടികയിലും ഇടം നേടി.
പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യൻ വികസന സമിതി രക്ഷാധികാരി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് അംഗം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം,
എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ, വിദേശ ഇന്ത്യക്കാർക്കായുള്ള ഇന്ത്യ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ അംഗം തുടങ്ങി നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നു.
ഫൊക്കാന കേരള കൺവെൻഷൻ വൻ വിജയകരമാക്കുവാനായി, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി കരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ഡോ. അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മറിയാ ജോസഫ്, വുമൺസ് ഫോറം ചെയർ ഡോ. ഷൈനി രാജു, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സജിമോൻ ആന്റണി എന്നിവരോടൊപ്പം, കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ്, കോർഡിനേറ്റർ പോൾ കറുകപ്പിള്ളിൽ, കോശി കുരുവിള, ഫ്രാൻസിസ് കിഴക്കേകൂറ്റ്, ഷീല ജോസഫ് ഉൾപ്പെടെ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗങ്ങളും, വിവിധ സബ് കമ്മിറ്റി അംഗങ്ങളും കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ജിജി റ്റോം, ഫൊക്കാന പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
