വാഷിങ്ടണ്‍: അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 12.37-ഓടെയാണ് ഉണ്ടായത്. സാന്‍ഡ് പോയിന്റ് എന്ന ദ്വീപ് നഗരത്തില്‍ നിന്ന് ഏകദേശം 87 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ്ജിഎസ് അറിയിച്ചു.
അലാസ്‌ക ഉപദ്വീപില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നല്‍കിയ് സുനാമി മുന്നറിയിപ്പ് റദ്ദാക്കി. അതേത്തുടര്‍ന്ന് ജനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേയ്ക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും മാറാന്‍ ഉത്തരവിട്ടിരുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, അലൂഷ്യന്‍ ചെയിനിലെ പോപോഫ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സാന്‍ഡ് പോയിന്റിന് തെക്കുകിഴക്കായി പ്രാദേശിക സമയം ഉച്ചയ്ക്ക് 12:37 നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ തുടക്കത്തില്‍ അലാസ്‌ക ഉപദ്വീപിന്റെ ഭൂരിഭാഗത്തിനും, ആങ്കറേജിലേക്ക് വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങള്‍ക്കും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അലാസ്‌ക ഭൂകമ്പ സാധ്യതയേറിയ പസഫിക് 'റിങ് ഓഫ് ഫയറി'ന്റെ ഭാഗമാണ്. 2023 ജൂലൈയില്‍ അലാസ്‌കന്‍ ഉപദ്വീപില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 7.0 മുതല്‍ 7.9 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വലിയ ഭൂകമ്പമായാണ് കണക്കാക്കുന്നത്. വലിയ നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. 1964 മാര്‍ച്ചില്‍ 9.2 തീവ്രത രേഖപ്പെടുത്തിയതാണ് അലാസ്‌കയിലുണ്ടായ ഏറ്റവുംവലിയ ഭൂകമ്പം. അന്ന് 250-ലധികം ആളുകള്‍ മരിച്ചിരുന്നു.
ഓരോ വര്‍ഷവും ലോകമെമ്പാടുമായി ഇത്തരത്തിലുള്ള 10 മുതല്‍ 15 വരെ ശക്തമായ ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്