ഒര്‍ലാന്‍ഡോ: ഫ്‌ലോറിഡയിലെ സെമിനോള്‍ കൗണ്ടിയിലുള്ള ഇക്കോണ്‍ലോക്കാച്ചി പുഴയില്‍ നീന്താനിറങ്ങിയ 31 വയസ്സുകാരിയായ യുവതിക്ക് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം ലിറ്റില്‍ ബിഗ് ഇക്കോണ്‍ സ്റ്റേറ്റ് ഫോറസ്റ്റിലെ ബാര്‍ സ്ട്രീറ്റ് ട്രെയില്‍ഹെഡിന് സമീപം ഹൈക്കിംഗിനെത്തിയതായിരുന്നു യുവതി. തുടര്‍ന്ന് ഇവര്‍ പുഴയിലിറങ്ങി നീന്തുന്നതിനിടെയാണ് സംഭവം.
മൂന്നടിയോളം മാത്രം താഴ്ചയുള്ള വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പെട്ടെന്ന് മുതല ആക്രമിക്കുകയായിരുന്നു. യുവതിയുടെ ഇരു കൈകളിലും മുതല കടിച്ചുകയറ്റി. കൂടെയുണ്ടായിരുന്ന സുഹൃത്ത് യുവതിയെ മുതലയുടെ വായില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് എമര്‍ജന്‍സി നമ്പറായ 911 ലേക്ക് വിളിച്ച് വിവരമറിയിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരും പ്രത്യേക ലൈസന്‍സുള്ള ട്രാപ്പര്‍മാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് നിന്ന് 12 അടിയും 13 അടിയും നീളമുള്ള രണ്ട് കൂറ്റന്‍ മുതലകളെ പിടികൂടിയിട്ടുണ്ട്. ഇതില്‍ 13 അടി നീളമുള്ള മുതലകള്‍ വളരെ അപൂര്‍വ്വമായാണ് ജനവാസ മേഖലകളില്‍ കാണപ്പെടാറുള്ളതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ ദുരന്തം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മെക്‌സിക്കോയിലെ പ്യൂര്‍ട്ടോ വല്ല്യാനിയിലെ പ്രശസ്തമായ ബീച്ചില്‍ വച്ച് 28 വയസുകാരനായ യുവാവിനെ മറ്റൊരു മുതല കടലിലേക്ക് വലിച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
സെന്‍ട്രല്‍ ഫ്‌ലോറിഡയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ മുതല ആക്രമണമാണിത്. മെയ്-ജൂണ്‍ മാസങ്ങളില്‍ മുതലകളുടെ പ്രജനന കാലമായതിനാല്‍ ഇവ ജലാശയങ്ങളില്‍ കൂടുതല്‍ സജീവമാകാറുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വൈല്‍ഡ് ലൈഫ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
