16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്‌ട്രേഷൻ ജൂൺ 6ന് അവസാനിക്കും

MAY 30, 2026, 11:49 AM

ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്‌ട്രേഷൻ 2026 ജൂൺ 6ന് അവസാനിക്കുമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു.

2026 ആഗസ്റ്റ് 6 മുതൽ 9 വരെ ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷൻ, വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ ഏറ്റവും വലിയതും അഭിമാനകരവുമായ സംഗമങ്ങളിലൊന്നായിരിക്കും. കെ.സി.എ.എസ്.എഫ് (മയാമി), കെ.സി.സി.സി.എഫ് (ടാമ്പാ) യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.

അമേരിക്കയിലെയും കാനഡയിലെയും ആയിരക്കണക്കിന് ക്‌നാനായ കുടുംബങ്ങൾ ഈ ചരിത്രസംഗമത്തിൽ പങ്കെടുക്കുമെന്ന് കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ, കൺവെൻഷൻ ചെയർപേഴ്‌സൺ ജോബി ഊരാളിൽ എന്നിവർ അറിയിച്ചു. സ്വന്തം ജനതയോടുള്ള ആത്മബന്ധവും പാരമ്പര്യത്തോടുള്ള അഭിമാനവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ക്‌നാനായ സമൂഹത്തിന് ഒരിക്കൽക്കൂടി ഒന്നിച്ചുചേരാനുള്ള അപൂർവ അവസരമാണ് ഈ കൺവെൻഷനെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

നോർത്ത് അമേരിക്കയിലെ 27 യൂണിറ്റുകളിൽ നിന്നായി 4,000ത്തിലധികം അംഗങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കുടുംബസംഗമത്തെ അവിസ്മരണീയമാക്കുന്നതിനായി സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 50ലധികം സബ് കമ്മിറ്റികൾ അക്ഷീണം പ്രവർത്തിച്ചുവരികയാണ്.

ക്‌നാനായ സമൂഹത്തിന്റെ വിശ്വാസവും പാരമ്പര്യവും ഐക്യവും ആഘോഷിക്കുന്ന വേദിയായ ഈ കൺവെൻഷൻ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ അനുഭവങ്ങൾ സമ്മാനിക്കും. വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ശക്തിയും കൂട്ടായ്മയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വൻസംഗമമായിരിക്കും ഇത്.

ഇതിനോടകം 900ലധികം രജിസ്‌ട്രേഷനുകൾ ലഭിച്ചുകഴിഞ്ഞു. ഇതുവഴി 3,500ത്തിലധികം കുടുംബാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. രജിസ്‌ട്രേഷന്റെ അവസാന തീയതി 2026 ജൂൺ 6 ആണെന്ന് സംഘാടകർ വീണ്ടും ഓർമ്മിപ്പിക്കുന്നു.

vachakam
vachakam
vachakam

രജിസ്‌ട്രേഷൻ ഫീസ് പൂർണമായി അടച്ചതിനുശേഷം മാത്രമേ രജിസ്‌ട്രേഷൻ പൂർത്തിയായതായി കണക്കാക്കുകയുള്ളൂ. ഹോട്ടൽ മുറികൾ അനുവദിക്കുന്നത് പേയ്‌മെന്റ് ലഭിക്കുന്ന ക്രമത്തിലായതിനാൽ മികച്ച താമസസൗകര്യം ഉറപ്പാക്കാൻ എത്രയും വേഗം രജിസ്റ്റർ ചെയ്ത് പേയ്‌മെന്റ് പൂർത്തിയാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

രജിസ്‌ട്രേഷനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: convention.kccna.com

കെ.സി.സി.എൻ.എയുടെ പോഷകസംഘടനകളായ വിമൻസ് ഫോറം, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എൽ), യുവജനവേദി, ക്‌നാനായ യംഗ് അഡൾട്‌സ് (കെ.വൈ.എ) എന്നിവയുടെ നേതൃത്വത്തിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ കലാ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

ഇത്തവണ ഗോൾഫ്, പിക്കിൾബോൾ, 35 വയസിന് മുകളിലുള്ളവർക്കായി 3ഃ3 ബാസ്‌ക്കറ്റ്‌ബോൾ മത്സരം എന്നിവ ഉൾപ്പെടെയുള്ള ആകർഷകമായ കായിക പരിപാടികളും കൺവെൻഷന്റെ പ്രത്യേകതയായിരിക്കും. കുടുംബാംഗങ്ങൾക്കായി സമഗ്രമായ വിനോദകായിക പാക്കേജാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

16-ാമത് കെ.സി.സി.എൻ.എ കൺവെൻഷനെ സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയതും വിജയകരവുമായ സംഗമമാക്കി മാറ്റാൻ എല്ലാ ക്‌നാനായ കുടുംബങ്ങളുടെയും സഹകരണവും പങ്കാളിത്തവും സംഘാടകർ അഭ്യർഥിച്ചു. ക്‌നാനായ സമൂഹത്തിന്റെ ഐക്യവും ശക്തിയും പാരമ്പര്യബോധവും പ്രതിഫലിപ്പിക്കുന്ന ഒരു മഹാസംഗമമായിരിക്കും ഇത്തവത്തേതെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കെ.സി.സി.എൻ.എയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (ഫ്‌ളോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്‌ലാന്റ) എന്നിവരാണ്.

ഇവർക്കൊപ്പം കൺവെൻഷൻ ചെയർപേഴ്‌സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ), എബി തെക്കനാട്ട് (മയാമി), കൂടാതെ നിരവധി കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരും കൺവെൻഷന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചുവരികയാണ്.

ബൈജു ആലപ്പാട്ട്, കെ.സി.സി.എൻ.എ, പി.ആർ.ഒ., ഡാളസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam