ഭക്തജനങ്ങൾക്ക് സായൂജ്യമേകി അമ്മേ നാരായണ ദേവി നാരായണ മന്ത്രത്തോടെ ആദിപരാശക്തിക്ക്, പന്ത്രണ്ടാമത് പൊങ്കാല സമർപ്പിച്ച് വിപുലമായി ആഘോഷിച്ചു. പൊങ്കാല തലേന്ന് ഒരു നേരം മാത്രം അരി ആഹാരം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും ദേവീനാമജപങ്ങളോടും കൂടി ഒരു ദിനം കഴിച്ചു കൂട്ടിശേഷമാണ് ഭക്തജനങ്ങൾ ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ എത്തിയത്.
ശ്രീമഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങൾ സമർപ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അർഘ്യം നൽകിയശേഷം പുഷ്പാഭിഷേകവും അഷ്ടോത്തര അർച്ചനയും ദീപാരാധനയും നടത്തി ആയിരുന്നു ഈ വർഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്. തുടർന്ന് അന്നപൂർണേശ്വേരിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും നാമമന്ത്ര ജപത്താലും സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം മേൽശാന്തി കൃഷ്ണൻ തിരുമേനി ദേവിയിൽനിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാരഅടുപ്പിലും തുടർന്ന് വേദിയിലെ മറ്റ് പൊങ്കാല അടുപ്പുകളിലും പകർന്നു.
ഈ സമയം ഭക്തജനങ്ങളുടെ കണ്ഠങ്ങളിൽ നിന്നും ഉയർന്ന ലളിതാസഹസ്രനാമവും ദേവി മാഹാത്മ്യ സൂക്തങ്ങളും ഗീതാമണ്ഡലത്തിൽ ഉയർത്തിയ സ്വാത്തിക ഊർജ്ജം ഭക്തർക്ക് പ്രത്യേക അനുഭൂതിയായിരുന്നു. തുടർന്ന് പൊങ്കാലയ്കായി തയാറാക്കിയ മഹാപ്രസാദം മേൽശാന്തി ദേവിക്ക് നിവേദ്യമായി അർപ്പിച്ചു. പിന്നീട് ശ്രീസൂക്തവും അഷ്ടോത്തര അർച്ചനയും ദേവിനമസ്‌കാര മന്ത്രങ്ങളും മന്ത്രപുഷ്പ സമർപ്പണവും ദീപാരാധനയും നടത്തി.
പൊങ്കാലയിൽ നാം കാണുന്നത് പ്രപഞ്ചതത്വമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പിച്ച്, അതിൽ അരിയാകുന്ന ബോധം തിളച്ച്, അഹംബോധം നശിക്കുകയും ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുകയും ചെയ്യുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത് എന്ന് ഷിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷൻ ശേഖരൻ അപ്പുക്കുട്ടൻ പൊങ്കാല സന്ദേശത്തിൽ പറഞ്ഞു.
പൊങ്കാലയിൽ പങ്കെടുക്കുവാൻ വർഷം തോറും ഉയർന്നു വരുന്ന ഭക്തജന പങ്കാളിത്തം, ലോകത്തിലുള്ള എല്ലാ ഹൈന്ദവ സംഘടനകൾക്കും മാതൃകയായി പ്രവർത്തിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് എന്ന് വൈസ് പ്രസിഡന്റ് ഡോക്ടർ വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
വാക്കുകളിലൂടെയല്ല, മറിച്ച് പ്രവർത്തനങ്ങളിൽ കൂടെ ആവണം അടുത്ത തലമുറയെ നമ്മുടെ സംസ്‌കാരവും ആചാരാനുഷ്ടാനങ്ങളും പഠിപ്പിച്ചു കൊടുക്കേണ്ടത് എന്ന് രവി നായർ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ പൊങ്കാല കവർ ചെയ്ത ഏഷ്യാനെറ്റിന്റെ അലൻ ജോർജിനും, സാമൂഹ്യപ്രവർത്തകനും ഷിക്കാഗോയിലെ പ്രശസ്ത ഫോട്ടോഗ്രാഫറുമായ വികാസിനും, പൂജകൾക്ക് നേതൃത്വം നൽകിയ രവീന്ദ്രനും, ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും, പൊങ്കാല ഉത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും ഗീതാ മണ്ഡലം ജനറൽ സെക്രട്ടറി ബൈജു മേനോൻ നന്ദി രേഖപ്പെടുത്തി.
മഹാപ്രസാദ വിതരണത്തോടെ രണ്ടായിരത്തി ഇരുപത്തിയാറിലെ പൊങ്കാല ഉത്സവങ്ങൾക്ക് പരിസമാപ്തിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
