ടെസ്റ്റിലെയും ഏകദിനത്തിലെയും ഇന്ത്യയുടെ വൈസ് ക്യാപ്ടന്മാരായ ജസ്പ്രീത് ബുംറയ്ക്കും സ്മൃതി മാന്ഥനയ്ക്കും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്കാരത്തിളക്കം. ബുംറ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയപ്പോൾ സ്മൃതി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ കമിന്ദു മെൻഡിസ് എന്നിവരിൽനിന്നുള്ള ശക്തമായ മത്സരത്തെ അതിജീവിച്ചാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.
ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യൻ താരമായും ബുംറ മാറി. നേരത്തെ രാഹുൽ ദ്രാവിഡ് (2004), ഗൗതം ഗംഭീർ (2009), വീരേന്ദർ സെവാഗ് (2010), ആർ. അശ്വിൻ (2016), വിരാട് കോഹ്ലി (2018) എന്നിവരാണ് മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസർ കൂടിയാണ് ബുംറ.
2024ൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം ബുംറയാണ്. ഹോം എവേ പോരാട്ടങ്ങളിൽ ബുംറ ഒരുപോലെ തിളങ്ങി. പരിക്കേറ്റ് മാസങ്ങളോളം കളത്തിൽ നിന്നു വിട്ടുനിന്ന ബുംറ പിന്നീട് തിരിച്ചെത്തിയാണ് മികച്ച ബൗളിങുമായി കളം വാണത്. 13 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുകളാണ് താരം 2024ൽ വീഴ്ത്തിയത്. 357 ഓവറുകളാണ് താരം 2024ൽ ടെസ്റ്റിൽ എറിഞ്ഞത്. ഒരു കലണ്ടർ വർഷം 70ൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ ബുംറ നാലാമനായി ഇടം പിടിച്ചു. ആർ. അശ്വിൻ, അനിൽ കുംബ്ലെ, കപിൽ ദേവ് എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവർ.
ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിൽ രണ്ടിന്നിങ്സിലുമായി 8 വിക്കറ്റുകൾ വീഴ്ത്തിയത് ശ്രദ്ധേയ പ്രകടനമായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 19 വിക്കറ്റുകളും താരം വീഴ്ത്തി. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളിൽ നിന്നായി 32 വിക്കറ്റുകൾ വീഴ്ത്തി പരമ്പരയിലെ താരവുമായി. ടെസ്റ്റിൽ 200 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുംറ 2024ൽ പിന്നിട്ടിരുന്നു. 2018ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 45 മത്സരങ്ങളിൽ നിന്ന് 86 ഇന്നിങ്സുകളിലുമായി 205 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2.76 ഇക്കോണമിയിൽ 19.4 എന്ന മികച്ച ആവറേജിലാണ് താരം പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. നേരത്തേ അർഷ്ദീപ് സിങിന് മികച്ച പുരുഷ താരത്തിനുള്ള ടി20 പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് സ്മൃതി ഐ.സി.സി ഏകദിന പ്ളേയർ ഓഫ് ദ ഇയർ പുരസ്കാരം നേടുന്നത്. 2018ലായിരുന്നു ആദ്യം. 2024ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സ്മൃതി. ലോറ വോൾവാറ്റ് (697), ടാമി ബ്യൂമോണ്ട് (554), ഹെയ്ലി മാത്യൂസ് (469) എന്നിവരെയാണ് സ്മൃതി മറികടന്നത്.
95.15 ആണ് 2024ൽ ഏകദിനത്തിലെ സ്മൃതിയുടെ സ്ട്രൈക്ക് റേറ്റ്. ഒരു കലണ്ടർ വർഷം ഏകദിനത്തിൽ നാലുസെഞ്ച്വറികൾ നേടുന്ന ആദ്യ താരവുമാണ് 28കാരിയായ സ്മൃതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്