സ്റ്റാര്‍ലിങ്ക് സ്പീഡ് പരിധി: റഷ്യന്‍ ഡ്രോണുകള്‍ക്ക് മുന്നില്‍ ഉക്രെയ്ന്‍ തളരുമോ?

OCTOBER 14, 2026, 6:32 PM

ഉക്രെയ്ന്‍ യുദ്ധഭൂമിയില്‍ ആധുനിക ആശയവിനിമയത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പെട്ടെന്ന് വേഗപ്പൂട്ട് വീണത് ഉക്രെയ്ന്‍ സൈനിക നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ടെസ്ല, സ്‌പേസ് എക്‌സ് അധിപന്‍ ഇലോണ്‍ മസ്‌ക് വികസിപ്പിച്ച സാറ്റലൈറ്റ് നെറ്റ്‌വര്‍ക്കില്‍ ഡ്രോണുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. മുന്‍കൂട്ടി യാതൊരു അറിയിപ്പുകളുമില്ലാതെ നിലവില്‍ വന്ന ഈ നിയന്ത്രണം റഷ്യന്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള ഉക്രെയ്‌ന്റെ ശ്രമങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് സെര്‍ഹി ബെസ്‌ക്രെസ്റ്റ്‌നോവ് വ്യക്തമാക്കുന്നു.

സാധാരണ റേഡിയോ ശൃംഖലകളെ അപേക്ഷിച്ച് ശത്രുക്കളുടെ ജാമിംഗ് സിഗ്‌നലുകളെ അതിജീവിച്ച് ദീര്‍ഘദൂര ആശയവിനിമയം സാധ്യമാക്കുന്നു എന്നതാണ് സ്റ്റാര്‍ലിങ്കിന്റെ ഏറ്റവും വലിയ സവിശേഷത. വീഡിയോ, സന്ദേശങ്ങള്‍, വോയ്സ് കോളുകള്‍ എന്നിവ ടെലികോം ടവറുകളുടെ സഹായമില്ലാതെ തത്സമയം കൈമാറാന്‍ ഇത് സഹായിക്കുന്നു. റഷ്യന്‍ ആക്രമണങ്ങള്‍ക്കിടയിലും ഉക്രെയ്ന്‍ സൈന്യത്തിന് സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാന്‍ കഴിഞ്ഞത് ഈ സാങ്കേതിക വിദ്യയുടെ മികവിലാണ്.

ഡ്രോണുകള്‍, ആര്‍ട്ടിലറി, കമാന്‍ഡ് പോസ്റ്റുകള്‍ എന്നിവയെ ഒരൊറ്റ ശൃംഖലയില്‍ ബന്ധിപ്പിച്ച് തത്സമയ പ്രതികരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സൈന്യത്തെ സഹായിച്ചു. എന്നാല്‍ പുതിയ വേഗത പരിധി പ്രാബല്യത്തില്‍ വന്നതോടെ റഷ്യയുടെ അതിവേഗ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ഉക്രെയ്‌ന്റെ ശേഷി പൂര്‍ണ്ണമായും നിലച്ച മട്ടാണ്. മണിക്കൂറില്‍ 320 കിലോമീറ്ററിലധികം (198 മൈല്‍) വേഗതയില്‍ പറക്കുന്ന റഷ്യയുടെ ജെറ്റ് അധിഷ്ഠിത ഷാഹെദ് ഡ്രോണുകളെ പിന്തുടര്‍ന്ന് നശിപ്പിക്കാന്‍ ഉക്രെയ്ന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് സ്റ്റാര്‍ലിങ്ക് ബന്ധിത ഡ്രോണുകളായിരുന്നു.

വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി നിജപ്പെടുത്തിയതോടെ ഇത്തരം ആക്രമണ ഡ്രോണുകളെ പിന്തുടരാന്‍ സാധിക്കാതെ വരികയും വ്യോമ പ്രതിരോധം അങ്ങേയറ്റം സങ്കീര്‍ണ്ണമാവുകയും ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉക്രെയ്ന്‍ അതിര്‍ത്തിക്ക് പുറത്തും റഷ്യന്‍ അധിനിവേശ മേഖലകളിലും സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്റ്റാര്‍ലിങ്കിന് പകരമായി മറ്റൊരു സാങ്കേതിക ശൃംഖല ഉക്രെയ്‌ന് മുന്നില്‍ ലഭ്യമല്ല. അതിര്‍ത്തിയെയും യുദ്ധക്കളത്തെയും ഒരേ സമയം നിയന്ത്രിക്കുന്നതില്‍ ഈ തടസ്സം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തിന്റെ കര, നാവിക, വ്യോമസേനകള്‍ ഒരേപോലെ ആശ്രയിക്കുന്ന ഈ സംവിധാനം പെട്ടെന്ന് മന്ദഗതിയിലായത് വരും ദിവസങ്ങളില്‍ റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ കടുത്ത വെല്ലുവിളിയാകും.

ഉക്രെയ്‌നും അമേരിക്കയും തമ്മില്‍ സമീപകാലത്തുണ്ടായ രാഷ്ട്രീയ വിയോജിപ്പുകളുടെ തുടര്‍ച്ചയായാണ് ഈ തീരുമാനമെന്നാണ് ഉക്രെയ്ന്‍ ഭരണകൂടം സംശയിക്കുന്നത്. റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ ഉക്രെയ്ന്‍ നടത്തുന്ന ദീര്‍ഘദൂര ആക്രമണങ്ങളെ യു.എസ് പ്രസിഡന്റ് ട്രംപ് ശക്തമായി വിമര്‍ശിച്ചിരുന്നു. ഈ രാഷ്ട്രീയ സാഹചര്യങ്ങളും മസ്‌കിന്റെ നിലപാടുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഉക്രെയ്ന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഇലോണ്‍ മസ്‌ക്, അമേരിക്കന്‍ പ്രതിരോധ വകുപ്പിനായി വികസിപ്പിച്ച സ്റ്റാര്‍ഷീല്‍ഡ് സംവിധാനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം യു.എസ് സര്‍ക്കാരിനും അമേരിക്കന്‍ പ്രസിഡന്റിനുമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സ്റ്റാര്‍ലിങ്ക് സിവില്‍, പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും അക്രമണാത്മക സൈനിക നീക്കങ്ങള്‍ക്ക് ഇത് അനുവദിക്കില്ലെന്നുമാണ് മസ്‌കിന്റെ വിശദീകരണം. എന്നിരുന്നാലും, യുദ്ധരംഗത്ത് ഉക്രെയ്ന്‍ സൈന്യത്തിന്റെ പ്രധാന ചാലകശക്തിയായിരുന്ന സ്റ്റാര്‍ലിങ്കിലെ ഈ മാറ്റം വരുംദിവസങ്ങളില്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കാം.

English summary

The sudden imposition of a 100 mph (160 km/h) speed limit on SpaceX’s Starlink network has severely compromised Ukraine’s battlefield communications and drone operations, rendering them largely ineffective at intercepting Russia’s faster, jet-powered Shahed drones. While Ukrainian officials suspect political motivations tied to recent strains with Washington, Elon Musk maintains that offensive military applications violate Starlink’s commercial terms and that military-grade Starshield operations remain under US government authority.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam