പിടിമുറുക്കുന്ന ലഹരിയില്‍ നിന്നും കേരളത്തെ ആര് മോചിപ്പിക്കും ?

APRIL 14, 2025, 2:25 AM

കേരളം ഇന്നുവരെ കാണാത്ത വലിയൊരു ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. അതിന് കാരണം മറ്റൊന്നുമല്ല ലഹരി തിന്നുന്ന യുവതലമുറയാണ്. ലഹരിയുടെ വിദൂര കെടുതികള്‍ അനുഭവിച്ച നമ്മള്‍ അതിന്റെ സംഹാരതാണ്ഡവങ്ങള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ്. ലഹരിയുടെ ഉന്മാദവലയം നമ്മുടെ വീടുകളെ ശ്മശാനമൂകതയിലേക്ക് കൊണ്ടെത്തിച്ചു.

ഇന്ന് മാധ്യമങ്ങളില്‍ വന്നതും എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്തതുമായ ഒരു വാര്‍ത്തയായിരുന്നു, സ്്കൂളിലെ ലഹരി ഉപയോഗത്തെ കുറിച്ച് പരാതി പറഞ്ഞ വിദ്യാര്‍ത്ഥിയെ ആറംഗ സംഘം മര്‍ദിച്ചു എന്നത്. നമ്മുടെ വ്യവസ്ഥകള്‍ ഇത്തരത്തില്‍ ആണെങ്കില്‍ ലഹരിയ്‌ക്കെതിരെ ആര് എങ്ങനെ പ്രതികരിക്കും? എങ്ങനെ പ്രതിരോധിക്കും? ഇതിന് വ്യക്തമായ ഉത്തരം നല്‍കേണ്ടത് സര്‍ക്കാരും നമ്മുടെ നിയമവ്യവസ്ഥകളുമാണ്. സംഭവം നടന്നത് കേരളത്തിന്റെ തലസ്ഥാന നഗരിയിലാണ്. ആരും സംഭവം അത്ര കാര്യമാക്കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

മനുഷ്യ സവിശേഷതകളില്‍ പ്രധാനമാണ് നാനാവസ്ഥകളിലും ആനന്ദത്തില്‍ എത്തിച്ചേരുക എന്നത്. ജീവജാലങ്ങള്‍ക്ക് അനിവാര്യമായും വേണ്ട ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം മുതലായ പ്രാഥമിക ആവശ്യങ്ങള്‍ക്കുപരി അധികാരത്തോട്, അംഗീകാരത്തോട്, ധനാഗമനത്തോട്, സുഖത്തോട് മനുഷ്യന് അനന്തമായ പ്രതിപത്തിയാണ്. ഇതിനെയെല്ലാം ചേര്‍ത്ത് ലഹരിയുടെ അടിമയാണ് മനുഷ്യനെന്ന് വ്യവഛേദിക്കാം. ആസക്തിയുടെ അടിമത്തം മനുഷ്യന്‍ ആസ്വദിക്കും. ആയതിനാല്‍ നിരന്തരമായി അവനെ സംസ്‌കരിക്കേണ്ടത് അനിവാര്യമാണ്.

രക്തം ശുദ്ധി ചെയ്യാന്‍ വൃക്ക നിരന്തരം പ്രവര്‍ത്തിക്കുന്നപോലെ മനുഷ്യനില്‍ കുടികൊള്ളുന്ന ആത്മാംശത്തെ ശുദ്ധിചെയ്യാന്‍ ഒരു ശക്തിയുടെ ഇടപെടല്‍ നിര്‍ലോഭം ഉണ്ടാകേണ്ടതാണ്. ലഹരി എന്ന തിന്മക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുക കാലത്തിന്റെ അനിവാര്യതയാണ്. ലഹരിയെ സമീപിക്കുന്ന രീതിയില്‍ കാര്യമായ മാറ്റം സമൂഹം കൊണ്ടുവരേണ്ടതുണ്ട്. അതിന് ലഹരിയുടെ നാനാവശങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം. കൗമാരത്തിലും യൗവനാരംഭത്തിലുമാണ് കൂടുതല്‍ പേരും ലഹരിക്കടിപ്പെടുന്നത്. ഇതിന്റെ കാരണങ്ങള്‍ അറിയണം. ഈ പ്രായത്തില്‍ ക്രിമിനല്‍ മനസ് ഉള്ളവരല്ല കുട്ടികള്‍. പിന്നെ എന്തുകൊണ്ടാണ് അവര്‍ ക്രൂരതകള്‍ ചെയ്തുകൂട്ടുന്നത്?

ഒരു വ്യക്തി ലഹരിയുടെ പിടിയിലമര്‍ന്നാല്‍ അവനെ ഒരു രോഗിയെപ്പോലെ കാണാന്‍ സാധിക്കണം. ലഹരി ഉപയോഗിക്കുന്നവര്‍, ലഹരിക്ക് അടിപ്പെട്ടവര്‍, ലഹരി മുക്തരായവര്‍, ലഹരി ഉപയോഗിക്കാത്തവര്‍ എന്നിങ്ങനെ സമൂഹം വിഭജിക്കപ്പെടണം. ആദ്യ മൂന്ന് വിഭാഗത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നാലാമത്തെ വിഭാഗം അറിയേണ്ടതുണ്ട്. ഇങ്ങനെ കൃത്യമായി മനസിലാക്കാത്തതും, ലഹരി ഉപയോഗിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം ഇല്ലാത്തതുമാണ് ഈ വിപത്ത് ഇത്രയും പിടിമുറുക്കാന്‍ കാരണമായത്.

ലഹരിയിലൂടെ സമ്പത്ത്

ഒരര്‍ഥത്തില്‍ ഭക്ഷണം, മരുന്ന് എന്നിവക്ക് സമാനമാണ് ലഹരി വസ്തുക്കളും. ചില രാജ്യങ്ങളുടെ സാമ്പത്തിക നിലനില്‍പ്പ് ഇത്തരം ലഹരി പദാര്‍ഥങ്ങളുടെ ഉത്പാദനമാണ്. ഓപ്പിയം, കറുപ്പ് എന്നിവ ടണ്‍ കണക്കിന് കൃഷി ചെയ്ത് ലോക വിപണിയിലെത്തിച്ചാണ് ഒരുകാലത്ത് അഫ്ഗാനിസ്ഥാന്‍ ഉപജീവനം കണ്ടെത്തിയത്. പോപ്പികൃഷി എന്നാണിത് അറിയപ്പെട്ടിരുന്നത്. ചരസ്, ഗഞ്ച (കഞ്ചാവ്) മുതലായവ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ അനുവദനീയ കൃഷിയാണ്.

കള്ള്, ചാരായം, വിദേശമദ്യം എന്നിവ കേരളം അടക്കം മിക്ക സംസ്ഥാനങ്ങളുടെയും മുഖ്യ വരുമാന മാര്‍ഗമാണ്. ഇത്തരം വൈരുധ്യങ്ങളില്‍ നിന്ന് വേണം ലഹരിക്കെതിരെ പോരാടാന്‍. മദ്യം എന്ന ലഹരി നിര്‍മിക്കുന്നതും വിപണനം നടത്തുന്നതും എക്സൈസ് ഡിപാര്‍ട്ട്മെന്റാണ്. അവര്‍ തന്നെയാണ് ലഹരി മാഫിയയെ പിടിക്കുന്നതും ശിക്ഷിക്കുന്നതും. മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കാനും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷനും ഇതേ എക്സൈസ് ഡിപാര്‍ട്ട്മെന്റിന്റെ കീഴിലാണ്. സങ്കീര്‍ണതയുടെ പിരിക്കോണിയിലാണ് നാം നില്‍ക്കുന്നത്.

ലഹരിയുടെ സാമ്പത്തിക പിന്തുണ സര്‍ക്കാറുകള്‍ക്ക് എത്രമേല്‍ അനിവാര്യമാണെന്ന് സൂചിപ്പിച്ചു. അതുപോലെയോ അതില്‍ കൂടുതലോ പ്രധാനമാണ് മാഫിയാ സംഘങ്ങള്‍ക്കും ഈ മേഖല. അതുകൊണ്ടണാല്ലോ രഹസ്യമായി അധികൃതരെ അറിയിച്ച പരാതി മറ്റുള്ളവരുടെ ചെവിയില്‍ എത്തിയതും 18 കാരന് മണിക്കൂറുകള്‍ക്കകം മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതും.

ആഫ്രിക്കന്‍, അമേരിക്കന്‍ മാഫിയകളിലേക്ക് എത്തുന്നതാണ് മയക്കുമരുന്ന് ലോബി. ''വേള്‍ഡോമീറ്റര്‍' വെബ്‌സൈറ്റ് കണക്കാക്കിയിരിക്കുന്നത് ഒരു വര്‍ഷം ശരാശരി 400 ബില്യണ്‍ ഡോളറിന്റെ (മുപ്പത്തഞ്ച് ലക്ഷം കോടി രൂപ) വാര്‍ഷിക വിറ്റുവരവ് നിയമവിരുദ്ധമായ ലഹരിവസ്തുക്കള്‍ വഴി ലഭിക്കുന്നുണ്ട് എന്നാണ്. അംഗീകൃത ലഹരിയുടെ കണക്ക് വേറെയും ഉണ്ട്. ഈ പണം പൂര്‍ണതോതില്‍ ഉപയോഗിക്കപ്പെടുന്നത് മനുഷ്യക്കടത്തിനും ആയുധക്കടത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ക്വട്ടേഷന്‍ പരിപാടികള്‍ക്കും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കാണ്.

രാഷ്ട്രാന്തരീയ സംഘടിത കുറ്റകൃത്യങ്ങളുടെ പകുതിയും ലഹരി മാഫിയ വഴിയാണ് സംഭവിക്കുന്നത് എന്ന് സാക്ഷ്യപ്പെടുത്തുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ലഹരിയും കുറ്റകൃത്യവും കൈകാര്യം ചെയ്യുന്ന യുഎന്‍ഒഡിസി ആണ്. അപ്പോള്‍ നമ്മുടെ കുട്ടികളുടെ കൈകളിലെത്തുന്ന ലഹരിയുടെ സ്രോതസ്സും അത് ആഗോളതലത്തില്‍ ഉണ്ടാക്കുന്ന കൊടിയ ഭവിഷ്യത്തും ഊഹിക്കാവുന്നതേയുള്ളൂ.

ചെറുപ്രായത്തില്‍ തന്നെ പലരും ലഹരിയുടെ അടിമത്തത്തിലേക്ക് പ്രവേശിക്കുന്നു എന്ന വസ്തുത അവഗണിച്ചുകൂടാ. അതിനുള്ള കാരണങ്ങള്‍ പലതാണ്. ആ കാരണങ്ങളെ രണ്ടായി തരംതിരിക്കാം. ഒന്ന് അവരുടെ പ്രായം, അനുഭവം. ബുദ്ധി എന്നിവയിടെ ഫലമായുണ്ടാകുന്നവ. രണ്ടാമത്തേത്, ബാഹ്യ ശക്തികള്‍ വഴി ഉണ്ടാകുന്നവ. രണ്ടായാലും ഒരാള്‍ മയക്കുമരുന്നിനടിപ്പെടുന്നത് ഒരിക്കലും ആ വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. താന്‍ ലഹരിക്കടിമയാകും എന്ന ബാധ്യത്തോടെയല്ല ആ വ്യക്തി ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്.

മാത്രമല്ല ലഹരിയെ പൂര്‍ണമായും ലോകത്ത് നിന്ന് തുടച്ചു നീക്കാമെന്ന് കരുതുന്നതും വെറുതെയാണ്. പ്രായോഗികമായ സമീപനം വഴി ലഹരിയെ നമുക്ക് നേരിടാന്‍ സാധിക്കും. അതിന്റെ കെടുതികളെ വലിയൊരളവോളം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ വളരെയധികം അര്‍പ്പണബോധത്തോടെ, കൂട്ടായ പരിശ്രമത്തിലൂടെ സാധിച്ചെടുക്കേണ്ട ഒന്നാണിത്. ലഹരിയുടെ ശൃംഖല സദാ ഉണര്‍ന്നിരിക്കുകയാണ്. അധോലോകമാണ് അതിനെ നിയന്ത്രിക്കുന്നത്. അവരുടെ വേരുകള്‍ സാമൂഹിക സംവിധാനങ്ങളുടെ അകത്തളങ്ങളില്‍ വരെ ആഴ്ന്നിറങ്ങിയിരിക്കുന്നു. ആ വലക്കണ്ണികള്‍ പിഴുതെറിയുക അത്ര എളുപ്പത്തില്‍ സാധ്യമല്ല. സമൂഹത്തിന്റെ നിതാന്ത ജാഗ്രതയാണ് ഏക മാര്‍ഗം.

നേരത്തെ എത്തുന്ന കൗമാരം

ഭക്ഷണ ശീലങ്ങള്‍ക്കൊണ്ടും മറ്റും ഇന്ന് കുട്ടികള്‍ നേരത്തേ തന്നെ കൗമാരത്തിലെത്തുന്നു. 13 വയസ്സ് മുതല്‍ 19 വരെയാണ് നേരത്തേ കൗമാരം കണക്കാക്കിയിരുന്നതെങ്കില്‍ ഇന്നത് 10 വയസ്സ് മുതലാണ്. ഒരു പത്ത് വയസ്സുകാരന്റെ മാനസിക നില കൗമാരക്കാരന്റേതാണ്. ശാരീരിക, മാനസിക, വൈകാരിക, വൈജ്ഞാനിക മാറ്റങ്ങളുടെ സമയമാണ് കൗമാരം. മനുഷ്യ വളര്‍ച്ചയില്‍ കൗമാരത്തോട് സമീകരിക്കാവുന്ന ഒരു കാലം വേറെയില്ല. 'വിമുക്തി' 600 വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേ പ്രകാരം 70 ശതമാനം പേരും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ആദ്യമായി ലഹരി ഉപയോഗിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഫലപ്രദമായ ഒരു പരിഹാരവും നമ്മുടെ മുമ്പില്‍ ഇല്ലെ?  സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഈ മഹാവിപത്തിന് പരിഹാരം കണ്ടെത്തിയേ മതിയാകൂ.

2025 ല്‍ വിമുക്തി തേടിയത് 2000 പേര്‍

2025 ല്‍ ഇതുവരെ എക്‌സൈസിന്റെ ഡീ അഡിക്ഷന്‍ സെന്ററുകളായ വിമുക്തി കേന്ദ്രങ്ങളില്‍ 2085 പേരാണ് എത്തിയത്. ഇതുവരെ 98 പേര്‍ക്ക് വിമുക്തി കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ നല്‍കി. 23 വയസ് വരെയുള്ളവരെ ലഹരി കേസുകളുമായി പിടിച്ചാല്‍ ഡീ അഡിക്ഷന്‍ കോഴ്സുകള്‍ നിര്‍ബന്ധമാണ്. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാല്‍ 23 വയസ് വരെയുള്ളവര്‍ക്ക് ചികിത്സ നല്‍കി ഭേദമായാല്‍ കേസ് ഒഴിവാക്കും.

എന്നാല്‍ വിമുക്തി കേന്ദ്രങ്ങളില്‍ ബൈ സ്റ്റാന്‍ഡര്‍ ഇല്ലാതെ കിടത്തി ചികിത്സ നല്‍കാനാകില്ല. ബൈ സ്റ്റാന്‍ഡര്‍ ഇല്ലാതെ പുറത്തു കൊണ്ടുപോയി ചികിത്സിക്കാമെന്നു പറയുന്നവരുമുണ്ട്. എന്നാല്‍ 23 വയസു വരെയുള്ളവര്‍ കൗണ്‍സിലിംഗ് വേണ്ടെന്നു പറഞ്ഞാല്‍ കേസിന്റെ നടപടികള്‍ നേരിടണമെന്നാണ് എന്‍ഡിപിഎസ് ആക്ടില്‍ പറയുന്നത്.

ആരാണ് ലഹരി മാഫിയകളെ സംരക്ഷിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ ചൂണ്ടുന്ന വിരലുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാ സമയവും സജ്ജമായിരിക്കണം. ലഹരി ഉപയോഗിക്കുന്നവനും വില്‍പന നടത്തുന്നവനും ഭയക്കുകയും പ്രതികരിക്കുന്നവന് കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുകയും വേണം. സംരക്ഷിക്കേണ്ട കരങ്ങള്‍ തന്നെ സംഹരിക്കാതിരിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam