വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന ലോക ഭൂപടത്തില്‍ നിന്നും ഇസ്രായേലിനെ വെട്ടിയിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്സ്. ഇസ്രയേല്‍ എന്ന രാഷ്ട്രം ഖത്തര്‍ എയര്‍വേഴ്‌സിന്റെ ഭൂപടത്തില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇസ്രായേല്‍ മാധ്യമായ ദി ടൈംസ് ഓഫ് ഇസ്രായേലില്‍ എഴുതിയ ലേഖനത്തില്‍ മാര്‍ക്ക് റിവോ എന്ന ഇസ്രായേല്‍-യുഎസ് പൗരന്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാന ഇസ്രയേല്‍ നഗരങ്ങളായ ജറുസലേം, ടെല്‍ അവീവ്, ഹൈഫ തുടങ്ങിയവയ്ക്ക് പകരം 'പലസ്തീന്‍ ടെറിട്ടറീസ്' എന്ന പേര് മാത്രമാണ് ഭൂപടത്തില്‍ ഉള്ളത്. അതേസമയം റമല്ല, ഗാസ, ഖാന്‍ യൂനിസ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂപടം, ഖത്തര്‍ സര്‍ക്കാരിന്റെ ആഗോള തന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണോ, അതോ ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഒറ്റപ്പെട്ട നടപടിയാണോയെന്നും വ്യക്തമല്ല.
ഇസ്രായേലിനെ അന്താരാഷ്ട്രതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ഒടുവില്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാനുമുള്ള ഖത്തറിന്റെ തന്ത്രമാണ് ഇതെന്നാണ് ചിലര്‍ വ്യക്തമാക്കുന്നത്. പ്രധാനമായും നാല് തരത്തിലാണ് ഖത്തര്‍ ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും മാര്‍ക്ക് റിവോ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം പറയുന്ന നാല് കാരണങ്ങള്‍ ഇവയാണ്. പൂര്‍ണ്ണമായും ഇസ്രായേല്‍ പക്ഷത്ത് നിന്നുള്ള കാഴ്ചപ്പാടാണ് ഇവയെന്ന് പ്രത്യേകം ഓര്‍ക്കുക.
1. ആഗോള തലത്തിലെ പ്രചാരണവും വ്യാജ വാര്‍ത്തകളും
ഖത്തര്‍ എയര്‍വേയ്സ് ചെയ്യുന്നത് ചെറിയ പിശക് അല്ല. വര്‍ഷം തോറും 197 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന 50 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് മുന്നിലാണ് അവര്‍ ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളയുന്നത്. ഈ യാത്രക്കാര്‍, ആഗോള സമൂഹത്തിന്റെ വൈവിധ്യമാര്‍ന്നതും സ്വാധീനമുള്ളതുമായ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. അവര്‍ക്ക് മുന്നിലാണ് ഇസ്രായേല്‍ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാവുന്നത്.
അതിനോടൊപ്പം തന്നെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ നെറ്റ്വര്‍ക്കും വലിയ രീതിയിലുള്ള പ്രചരണം നടത്തുന്നു. 95 രാജ്യങ്ങളിലെ 140 കോടി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇസ്രായേലിനെ 'കോളനിവല്‍ക്കരിക്കുന്നവര്‍', 'ആക്രമണകാരികള്‍', 'വംശഹത്യ നടത്തുന്ന സയണിസ്റ്റ് ശക്തി' എന്നിങ്ങനെയാണ് അല്‍ജസീറ ചിത്രീകരിക്കുന്നത്. 2017-ലെ ഖത്തര്‍ നയതന്ത്ര പ്രതിസന്ധിയില്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവ അല്‍ ജസീറ പൂര്‍ണമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട അവര്‍ പ്രചരിപ്പിക്കുന്ന വിഷയങ്ങളിലെ അപകടം മണത്തതിനെ തുടര്‍ന്നാണ്.
2. ഭീകരവാദത്തിനുള്ള പിന്തുണ
ഹമാസിന്റെ പ്രധാന ധനസ്രോതസ്സായി ഖത്തര്‍ കണക്കാക്കപ്പെടുന്നു. ദോഹയില്‍ ഹമാസ് നേതാക്കള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നതിനൊപ്പം, 2007 മുതല്‍ ഗാസ ആസ്ഥാനമായുള്ള സംഘടനയ്ക്ക് ഏകദേശം 180 കോടി ഡോളര്‍ ഖത്തര്‍ നല്‍കിയതായും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കുമായും അതിന്റെ പ്രോക്സികളുമായും ഖത്തര്‍ തന്ത്രപരമായ സുരക്ഷ, നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പുലര്‍ത്തുന്നു. ഈ ശക്തികള്‍ ഇസ്രായേലിന്റെ നാശം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരാണ്.
3. നയതന്ത്ര വഞ്ചന
ഖത്തര്‍, മിഡില്‍ ഈസ്റ്റില്‍ സമാധാന ദൂതന്റെ വേഷം കെട്ടുകയും അതേസമയം അക്രമത്തിന് പ്രേരണ നല്‍കുകയും ചെയ്യുന്നു. പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും പരിഹരിക്കുന്നതിനുള്ള ഏക മധ്യസ്ഥനായി സ്വയം സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ, ഖത്തര്‍ ഭൗമരാഷ്ട്രീയ സ്വാധീനം നേടുകയും ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.
4. തലമുറകളെ സ്വാധീനിക്കല്‍
ഖത്തറിന്റെ ആഗോള മാധ്യമമായ അല്‍ ജസീറയും വടക്കേ അമേരിക്കയിലെ മുന്‍നിര അക്കാദമിക് സ്ഥാപനങ്ങളിലെ 470 കോടി ഡോളറിന്റെ നിക്ഷേപവും വഴി, ഇസ്രായേലിനെതിരായ ഒരു ലോകവീക്ഷണം രൂപപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ആന്റിസെമിറ്റിസം ആന്‍ഡ് പോളിസി (കടഏഅജ) പോലുള്ള പഠനങ്ങള്‍, ഈ ധനസഹായം ഇസ്രായേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി സംഘടനകളുടെ വ്യാപനത്തിനും, വിദ്യാഭ്യാസ പാഠ്യപദ്ധതികളില്‍ പക്ഷപാതം വളര്‍ത്തുന്നതിനും, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു.
ഇതിന്റെ ഫലമായി, വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിലവിലുള്ളതും ഭാവിയിലെതുമായ നേതാക്കള്‍, സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍, പൗരന്മാര്‍ എന്നിവരില്‍ ഇസ്രായേലിനോടുള്ള പിന്തുണ ഗണ്യമായി ഇടിഞ്ഞിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്