തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് അദാനി പോർട്ട്‌സ് കരാർ ലംഘിച്ചെന്ന് റിപ്പോർട്ടുകൾ. കരാർ വ്യവസ്ഥാ ലംഘനത്തിന് എട്ട് തവണയായിരുന്നു വിഴിഞ്ഞം കമ്പനി അദാനി പോർട്ട്സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
കരാർ വ്യവസ്ഥാ ലംഘനത്തിന് അദാനി പോർട്ട്‌സിന് വിഴിഞ്ഞം തുറമുഖ കമ്പനി പതിനഞ്ച് കോടി രൂപ പിഴ ചുമത്തി. ദിവ്യ എസ് അയ്യർ എംഡിയായിരിക്കെയായിരുന്നു ഈ സംഭവം. രണ്ട് വർഷത്തിനിടെയായിരുന്നു അദാനി പോർട്ട്‌സിന് വിഴിഞ്ഞം തുറമുഖ കമ്പനി പതിനഞ്ച് കോടി രൂപ പിഴ ചുമത്തിയതെന്നാണ് റിപ്പോർട്ട്.
ഓരോ വർഷവും കൃത്യമായ സാമ്പത്തിക അവലോകന റിപ്പോർട്ട് തുറമുഖ കമ്പനിക്ക് നൽകണം എന്ന് കരാറിൽ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ സാമ്പത്തിക അവലോകന റിപ്പോർട്ട് അദാനി പോർട്ട്‌സ് ഇതുവരെ തുറമുഖ കമ്പനിക്ക് നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വിശദീകരണം തേടി എംഡിയായിരുന്ന ദിവ്യ എസ് അയ്യർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി നൽകാൻ അദാനി പോർട്ട്‌സ് തയ്യാറായില്ല.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി തുക കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന തുക ആ അക്കൗണ്ട് വഴി മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ എന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ആ വ്യവസ്ഥയും അദാനി പോർട്ട്‌സ് പാലിച്ചില്ല. വ്യവസ്ഥ ലംഘിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അദാനി പോർട്ട്‌സ് പണം മാറ്റി.
ഇതിലും കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും അദാനി പോർട്ട്‌സ് കൃത്യമായ മറുപടി നൽകിയില്ല. സർക്കാർ അനുവദിച്ച പണം ചെലവഴിച്ചതിന്റെ കണക്കുകൾ നൽകാത്തതിലും വരുമാനത്തിന്റെ സ്രോതസ് ഹാജരാക്കുന്നതിലും അദാനി പോർട്ട്‌സ് വീഴ്ച വരുത്തി. ഇതിലും ദിവ്യ എസ് അയ്യർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പുറമേ അദാനി പോർട്ട്‌സിന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും ദിവ്യ എസ് അയ്യർ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിൽ അടക്കമായിരുന്നു പതിനഞ്ച് കോടി രൂപ പിഴ ചുമത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
