വിസ്മയ നടനം - അധ്യായം 8 - കോവളത്തെ 'കൃഷ്ണചന്ദ്രനും' കാപട്യം പൊളിഞ്ഞ ഓട്ടോഗ്രാഫും

OCTOBER 14, 2026, 1:27 AM

'ക്യാമ്പസ് കാലഘട്ടം ഏതൊരു മനുഷ്യന്റെ ജീവിതത്തിലും സൗഹൃദങ്ങളുടെയും കുസൃതികളുടെയും വസന്തകാലമാണ്. ലാലിനും കൂട്ടർക്കും തിരുവനന്തപുരം എം.ജി. കോളേജ് നാളുകൾ സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത കുറേ അനുഭവങ്ങളായിരുന്നു. പരീക്ഷാഹാളിലെ കൂട്ടായ 'വിക്രിയകളും' രാത്രിയിലെ സിനിമാക്കണ്ണീരും കഴിഞ്ഞ് ഒടുവിൽ ബി.കോം ബിരുദം കൈപ്പിടിയിലൊതുക്കിയ ആ സുഹൃദ്‌സംഘത്തിന്റെ അടുത്ത ലക്ഷ്യം ഒത്തുകൂടലുകളുടെ ഒരു പുതിയ ആഘോഷമായിരുന്നു. എന്നാൽ, ആ ആഹ്ലാദയാത്രയിൽ ലാലിനെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ,  സിനിമാക്കഥയെ വെല്ലുന്ന മണ്ടത്തരമായിരുന്നു. ലാലിന്റെ ജീവിതത്തിലെ ആ രസകരമായ ക്യാമ്പസ്‌കോവളം അനുഭവങ്ങളിലേക്ക്...'

എം.ജി. കോളേജിന്റെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു ആ കൊമേഴ്‌സ്‌ഡേ. കലാപരിപാടികളെല്ലാം കഴിഞ്ഞതോടെ ആ സുഹൃദ്‌സംഘം വീണ്ടും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രത്യേകിച്ചും ലാലും കൂട്ടരും. രണ്ടാം വർഷ ബി.കോം പരീക്ഷയ്ക്കുണ്ടായ ചോദ്യപേപ്പറിന്റെ ആഘാതമാകണം, അവസാനവർഷം മികച്ച വാശിയോടെ പഠിക്കാൻ ലാലിനെ പ്രേരിപ്പിച്ചത്.

പക്ഷേ, അശോകനെ സംബന്ധിച്ച് പഠിക്കുക എന്ന് വെച്ചാൽ കൊല്ലുന്നതിലും അപ്പുറമായിരുന്നു. സത്യത്തിൽ പഠനകാര്യത്തിൽ അശോകനും മോഹൻലാലും ഉൾപ്പെടെ എല്ലാവരും മിടുക്കന്മാരായിരുന്നു. നല്ല ബുദ്ധിയുള്ള കൂട്ടർ; പക്ഷേ, ഉഴപ്പിന്റെ ആശാന്മാരുമായിരുന്നു.

vachakam
vachakam
vachakam

അശോകന്റെ രീതി എങ്ങനെയെന്നു വെച്ചാൽ, രാവിലെ സ്‌കൂട്ടറുമെടുത്ത് ഏതെങ്കിലുമൊരു ചങ്ങാതിയുടെ വീട്ടിലെത്തും. അത് പരീക്ഷാദിവസമായാലും മാറ്റമില്ല. ചെന്നാലുടനെ ഭയങ്കര ധൃതിയാണ്. 'വാടാ, പോകാം, പോകാം.' ഒരുങ്ങിയിറങ്ങുമ്പോൾ കക്ഷിയുടെ ഒരു ചോദ്യമുണ്ട്.

മോഹൻലാലിനോടോ സുരേഷിനോടോ ആയിരിക്കും അത്. 'അല്ല, ഇന്ന് എന്താ പരീക്ഷ?'
ആരെങ്കിലും പറയും: 'ബിസിനസ് ഓർഗനൈസേഷൻ.'

'ഓ... ബിസിനസ് ഓർഗനൈസേഷനോ? അതിലെന്താണെടാ പറയുന്നത്?' ഇതായിരിക്കും അശോകന്റെ അടുത്ത ചോദ്യം. ഇനി പരീക്ഷാഹാളിൽ കയറിയാൽ പുള്ളിക്കാരന്റെ പരിപാടി എന്തെന്നോ?

vachakam
vachakam
vachakam

ചോദ്യക്കടലാസ് അതേപടി ഉത്തരക്കടലാസിലേക്ക് പകർത്തിവെക്കുക! ആ കൃത്യം നിർവഹിച്ചുകഴിയുന്നതോടെ അരമണിക്കൂറിന്റെ മണി മുഴങ്ങും. ആദ്യത്തെ അരമണിക്കൂർ കഴിഞ്ഞാൽ ഹാളിൽ നിന്ന് പുറത്തിറങ്ങാം. അവൻ ചാടിയിറങ്ങുകയായി. എന്നിട്ട് ഓരോ ഹാളിന്റെയും മുൻപിൽ വന്നുനിന്ന് വിളിച്ചുകൂകും: 'ഒന്നിറങ്ങെടേയ്...'

ഇംഗ്ലീഷിന്റെ കാര്യത്തിൽ സനൽകുമാറും അശോകനും ഒരു നുകത്തിൽ കെട്ടാൻ പറ്റിയവരായിരുന്നു. രണ്ടുപേർക്കും ആംഗ്ലേയത്തിൽ ഒരു പിടിയുമില്ല. അതുകൊണ്ട് ഇംഗ്ലീഷ് വീണ്ടും എഴുതേണ്ടിവന്നു.

എന്നാൽ സുരേഷ് കുമാറും മോഹൻലാലും പ്രിയനുമൊക്കെ നേരത്തെ തന്നെ ഇംഗ്ലീഷ് കടന്നുകൂടിയിരുന്നു. ഇവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതിന്റെ ഏക ഗുണം! പീന്നീടുണ്ടായ ഒരു സംഭവം കേൾക്കുക: ഇംഗ്ലീഷ് പരീക്ഷാ ദിവസം മോഹൻലാലും പ്രിയനും സുരേഷും കൂടി കോഫി ഹൗസിൽ പോയിരിക്കും. അശോകനും പാർട്ടികളും പരീക്ഷ എഴുതാൻ ഹാളിൽ കയറും. കുറച്ചു കഴിയുമ്പോൾ മോഹൻലാലും സംഘവും അശോകനും മറ്റും എഴുതിക്കൊണ്ടിരിക്കുന്ന ഹാളിന്റെ സൈഡിലേക്ക് ചെല്ലും.

vachakam
vachakam
vachakam

അന്ന് ഗ്രാമറിന് 25 മാർക്കാണ്. ഗ്രാമറിന്റെ ഉത്തരം ചോദ്യക്കടലാസിൽ പൂരിപ്പിച്ചു ഏൽപ്പിക്കണം. മോഹൻലാലും പ്രിയനും എത്തിയെന്ന് കണ്ടാൽ സനലും അശോകനും ഗ്രാമറിന്റെ ചോദ്യപ്പേപ്പർ പുറത്തേക്കെറിയും. അതുമായി ലാലും സംഘവും കോഫി ഹൗസിലേക്ക് മടങ്ങും. അവിടെയിരുന്ന് സംഗതികളെല്ലാം പൂരിപ്പിച്ച് ഭദ്രമായി അശോകനും മറ്റും ഇരിക്കുന്നിടത്തേക്ക് എറിഞ്ഞുകൊടുക്കും.

പിന്നീട് ഇവർ തന്നെ അതിലെ തമാശയോർത്ത് ആർത്തുചിരിച്ചിട്ടുണ്ട്. കാരണം ഗ്രാമറിന് എ.ബി.സി.ഡി അറിയാത്ത അശോകനും സനലും ഗ്രാമറിന് ഇരുപത്തഞ്ചിൽ ഇരുപത്തഞ്ചും മാർക്ക് വാങ്ങും! എന്നാൽ എസ്സേയിലും മറ്റും നിറയെ ഗ്രാമർ മിസ്റ്റേക്കുകളും ഉണ്ടാകും. പ്രഥമദൃഷ്ട്യാ കാര്യം മനസ്സിലാകാത്ത ഏതെങ്കിലും അധ്യാപകനുണ്ടാകുമോ?

'കംബൈൻഡ് സ്റ്റഡി' എന്നൊരു ഏർപ്പാടുണ്ടായിരുന്നു ഇവർക്ക്. ചില ദിവസം സനലിന്റെ വീട്ടിൽ, മറ്റു ചിലപ്പോൾ ലാലിന്റെ വീട്ടിൽ, അതുമില്ലെങ്കിൽ സുരേഷിന്റെ വീട്ടിൽ. കംബൈൻഡ് സ്റ്റഡിയെന്ന് പറഞ്ഞ് രാത്രി ഇവന്മാർ വീട്ടിൽ നിന്നും ഇറങ്ങും. നേരെ പോകുന്നത് സിനിമാ തിയേറ്ററിലേക്കാണ്. പഠനം ഒരിക്കലും നടന്നിരുന്നില്ല. ഫസ്റ്റ് ഷോ കഴിഞ്ഞുവന്ന് പുസ്തകവും നിവർത്തിയിരിക്കും. അപ്പോൾ അശോകൻ പറയും: 

'എടാ സുരേഷ്, നീ വായിക്ക്, കേൾക്കട്ടെ...' 

സുരേഷ് വായിച്ചു തുടങ്ങും. അശോകനും മോഹൻലാലും മയക്കം തുടങ്ങും. എങ്കിലും ശ്രദ്ധിക്കാൻ ലാൽ പലപ്പോഴും ശ്രമിക്കാറുണ്ട്. അശോകനാകട്ടെ തലയണ ചാരിവെച്ച് അങ്ങനെ സുഖമായി ഉറങ്ങും. സുരേഷ് വായിച്ചു തീരുമ്പോൾ അശോകൻ എങ്ങനെയോ ഞെട്ടിയുണരും.

'ങ്‌ഹേ... തീർന്നോ?'

സുരേഷ് അല്പം ദേഷ്യത്തോടെ പറയും: 'തീർന്നു, എന്തേ...?'

ഒരു കോട്ടുവായിട്ട് ആശ്വാസത്തോടെ അശോകൻ അപ്പോൾ പറയും: 

'ഓ... ഒരു എസ്സേ അങ്ങിനെ പഠിച്ചെടുത്തു!'

ഒടുവിൽ ബി.കോം പരീക്ഷ ലാലും കൂട്ടരും എഴുതി. സെക്കൻഡ് ക്ലാസിൽ മോഹൻലാൽ ബി.കോം പാസാവുകയും ചെയ്തു. ഒരു വലിയ ഭാരം ഒഴിഞ്ഞുപോയതുപോലെയുള്ള അനുഭവമാണ് ബി.കോം പരീക്ഷ കഴിഞ്ഞപ്പോൾ മോഹൻലാലിന് അനുഭവപ്പെട്ടത്. ഇനി ഒന്ന് അടിച്ചുപൊളിക്കണം!

കോളേജിലെ അടുത്ത സുഹൃത്തുക്കളിൽ ചിലരൊക്കെ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഒടുവിൽ അവശേഷിച്ചത് ചുരുക്കം ചിലർ മാത്രം. ഇനി റിലാക്‌സ് ചെയ്യാൻ വേണ്ടി മാത്രം ജോളിയായൊരു ട്രിപ്പ്. അതെങ്ങോട്ട് വേണമെന്ന് തർക്കമായി. ഒടുവിൽ അത് കോവളത്തേക്കാകാമെന്ന നിർദ്ദേശം വെച്ചത് പ്രിയദർശനായിരുന്നു. ലാലും ഉണ്ണിയും സനലും അതിനെ പിന്താങ്ങി.

ആയിടയ്ക്കാണ് സംവിധായകൻ ഭരതന്റെ 'രതിനിർവേദം' എന്ന ചിത്രം പുറത്തിറങ്ങുന്നത്. പാട്ടുകാരൻ കൂടിയായ കൃഷ്ണചന്ദ്രൻ പെൺപിള്ളേരുടെ മനസ്സിൽ കുളിർ കോരിയിടുന്ന കാലം. മോഹൻലാലും കൂട്ടരും കോവളം കടപ്പുറത്തുകൂടി ഓടിനടന്നപ്പോൾ, കുറെ കോളേജ് കുമാരിമാർ ഏറെ ആനന്ദത്തോടെ തുള്ളിച്ചാടി വരുന്നുണ്ടായിരുന്നു. വന്നപാടേ അവർ മോഹൻലാലിന്റെ ചുറ്റും വട്ടമിട്ടുനിന്നു. ചിലർ ഒന്ന് തൊടാൻ ശ്രമിക്കുന്നു. കൂട്ടത്തിൽ ചിലർ കൈകൊട്ടി ആർപ്പുവിളിക്കുന്നു.

'കൃഷ്ണചന്ദ്രൻ... കൃഷ്ണചന്ദ്രൻ...' എന്ന് വിളിച്ചുപറയുന്നു!

മോഹൻലാലിനെ കണ്ട് കൃഷ്ണചന്ദ്രനാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് പെൺകുട്ടികൾ.

അപ്പോഴാണ് പ്രിയദർശന് ഒരു ഐഡിയ തോന്നിയത്.

'എടേയ്.. കൃഷ്ണചന്ദ്രാ.. എന്തെങ്കിലുമൊന്ന് പറയടേ...' പ്രിയൻ മൊഴിഞ്ഞു.

'ഓ... ഞാനെന്ത് പറയാനാ...' മോഹൻലാൽ വിനയാന്വിതനായി.

അതോടെ ലലനാമണികൾക്ക് ഭയങ്കര സന്തോഷം! ലാലാകട്ടെ ആരാധകമാർക്കിടയിൽ സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന മട്ടിൽ നിന്നു. പിന്നെ അല്പസ്വല്പം സൊള്ളാനും തുടങ്ങി. അതോടെ വേറെയും കുറെ പെൺപിള്ളേർ ഓട്ടോഗ്രാഫുമായി എത്തി. ലാൽ ഗമയിൽ അവർക്കെല്ലാം ഒപ്പിട്ടുകൊടുത്തു. ഫോട്ടോയ്ക്ക് പോസ് ചെയ്തു. മനസ്സില്ലാ മനസ്സോടെ പെൺകുട്ടികൾ ലാലിനോട് യാത്രപറഞ്ഞുപോയി.

കുറെക്കഴിഞ്ഞപ്പോഴാണ് മോഹൻലാലിന് പറ്റിയ മണ്ടത്തരം ഓർമ്മവന്നത്. പെൺകുട്ടികൾക്കെല്ലാം ഭംഗിയായി ഒപ്പിട്ട ഓട്ടോഗ്രാഫിൽ പതിഞ്ഞത് മോഹൻലാലിന്റെ യഥാർത്ഥ ഒപ്പ് തന്നെയായിരുന്നു!
'എടാ... കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണമെടാ മരമണ്ടാ...'

പ്രിയനും കൂട്ടരും ഇതുപറഞ്ഞ് ഏറെനേരം മോഹൻലാലിനെ കളിയാക്കി. പക്ഷേ, സംഗതി അവിടെംകൊണ്ടും അവസാനിച്ചില്ല.

ഏറെ കഴിയുംമുൻപ് മോഹൻലാൽ വെട്ടിലായി. അച്ഛന്റെയും അമ്മയുടെയും ഒപ്പം ഒരു ഉറ്റബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ കോവളത്തുവെച്ച് കണ്ട പെൺപിള്ളേരിൽ ചിലരും അവിടെയുണ്ട്! അവരെ കണ്ട മോഹൻലാൽ അക്ഷരാർത്ഥത്തിൽ വിരണ്ടുപോയി.

കക്ഷി സൂത്രത്തിൽ അവിടെനിന്നും വലിയാൻ ശ്രമിച്ചപ്പോഴേക്കും ആ മിടുക്കി പെൺകുട്ടികളിൽ ചിലർ മോഹൻലാലിനെ കണ്ടുകഴിഞ്ഞിരുന്നു. പിന്നെ കൂവലും ബഹളവുമായി.

'കൃഷ്ണചന്ദ്രൻ... കൃഷ്ണചന്ദ്രൻ...'

അവർ മോഹൻലാലിന്റെ ചുറ്റും കൂടി. ഇതുകണ്ട് ലാലിന്റെ മാതാപിതാക്കൾ വാ പൊളിച്ചു നിന്നുപോയി!

പിന്നെ ഇവൻ കൃഷ്ണചന്ദ്രനല്ലെന്നും കുട്ടികൾക്ക് ആള് തെറ്റിയതാണെന്നും മോഹൻലാലിന്റെ അമ്മ വെളിപ്പെടുത്തി. ആ ഒരു നിമിഷം മോഹൻലാൽ ചമ്മി നാണകെട്ടത് വിവരിക്കാൻ പ്രയാസം.

സത്യത്തിൽ മോഹൻലാലിനേക്കാൾ ഏറെ ചമ്മിയത് ആ പെൺകുട്ടികളായിരുന്നു.

(തുടരും)

ജോഷി ജോർജ്

കഥ ഇതുവരെ

വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ

https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal

വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്‌
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments

വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും

https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop

വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്‌
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema

വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam

വിസ്മയ നടനം - അധ്യായം 6 - സ്വാമീസ് ലോഡ്ജിലെ കസേരയും വിസ്മയനടനിലേക്കുള്ള ദൂരവും
https://vachakam.com/article/vismayanatanam-chapter-6-the-chair-at-swamis-lodge-and-the-distance-to-the-marvelous-performer

വിസ്മയനടനം - അധ്യായം 7 - രണ്ടാം വർഷ പരീക്ഷയിലെ 'ചതിയും' മുട്ടട കോളേജിലെ കോമേഴ്‌സ് വിപ്ലവവും
https://vachakam.com/article/vismayanadanam-chapter-7-the-treachery-of-the-second-year-exam-and-the-commerce-revolution-at-muttada-college


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam