വിസ്മയം നടനം - അധ്യായം 2, അമർഷങ്ങളുടെ അങ്കത്തട്ട്

SEPTEMBER 1, 2026, 2:38 AM

മികച്ച നടനുള്ള പുരസ്‌കാരം മോഹൻലാലിന്! അങ്കത്തട്ടിൽ തോറ്റമ്പിയ പത്താം ക്ലാസുകളിലെ 'റൗഡിപ്പട' മണിയൻപിള്ള രാജുവിനെ തല്ലാൻ തെരഞ്ഞുനടന്ന നാളുകൾ. ഒപ്പം സ്‌കൂൾ ബസ്സിലെ കൂട്ടത്തല്ലും, പ്രിയദർശനെ തോൽപ്പിക്കാൻ കരാട്ടെ പഠിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കുട്ടി ലാലിന്റെ രസകരമായ വിശേഷങ്ങളും...

ആകാംക്ഷയ്ക്ക് അറുതിവരുത്തിക്കൊണ്ട് ഒടുവിൽ ആ പ്രഖ്യാപനം എത്തി:

ഒന്നാം സമ്മാനം: കമ്പ്യൂട്ടർ ബോയ്

vachakam
vachakam
vachakam

മികച്ച നടൻ: മോഹൻലാൽ

ആർപ്പുവിളികളോടെ കൂട്ടുകാർ മോഹൻലാലിന് ചുറ്റുംകൂടി. സന്തോഷം കൊണ്ട് ലാൽ വീർപ്പുമുട്ടുകയായിരുന്നു. അവരെല്ലാം ചേർന്ന് തങ്ങളുടെ 'മികച്ച നടനെ' തോളിലേറ്റിയപ്പോൾ സന്തോഷാധിക്യം കൊണ്ട് ലാലിന്റെ കണ്ണുകൾ നിറഞ്ഞു, തൊണ്ട ഇടറി. അപ്പോഴും ആ നാടകത്തിന്റെ സംവിധായകൻ മണിയൻപിള്ള രാജുവിനെ എവിടെയും കണ്ടില്ല. ഫലപ്രഖ്യാപനം വന്ന ഉടൻതന്നെ രാജുസ്റ്റേജിന്റെ പുറകിലൂടെ ഓടിപ്പോകുന്നത് കണ്ടതായി ആരോ പറഞ്ഞു!

ലാലിനും കൂട്ടർക്കും കാര്യം മനസ്സിലായില്ല. എന്നാൽ, പത്താം ക്ലാസുകാർ കലിതുള്ളി നിൽക്കുകയായിരുന്നു:

vachakam
vachakam
vachakam

'എവിടെയടാ അവൻ? ആ പൊണ്ണനെ വിട്ടുപോകരുത്! ആറാം ക്ലാസിലെ പൊടിപിള്ളേരെക്കൊണ്ട് നാടകം കളിപ്പിച്ച് സമ്മാനം തട്ടിയെടുത്ത കശ്മലൻ!'

ഗവ. മോഡൽ സ്‌കൂളിൽ അന്ന് റൗഡികളായ പത്താം ക്ലാസുകാരുടെ ഒരു വമ്പൻ സംഘം തന്നെയുണ്ടായിരുന്നു. അവന്മാർ ലാലിനെയും കൂട്ടരെയും ശരിക്കും വിരട്ടി. അവർക്ക് കമ്പ്യൂട്ടർ ബോയിയുടെ സംവിധായകൻ സുധീർകുമാർ എന്ന രാജുവിനെ തല്ലണം! കാരണം, ആ സ്‌കൂളിന്റെ ചരിത്രത്തിൽ പത്താം ക്ലാസുകാർക്ക് ഇതുപോലെ ഒരു തിരിച്ചടി ഉണ്ടായിട്ടില്ല. സ്‌കൂളിലെ വമ്പന്മാർ പല നാടകങ്ങളും കളിച്ചിട്ടും, വെറും ആറാം ക്ലാസിലെ 'ഡ്യൂക്കിലികൾ' അവതരിപ്പിച്ച നാടകത്തിന് ഒന്നാം സമ്മാനം! പോരാത്തതിന് മികച്ച നടനുള്ള പുരസ്‌കാരവും!

പ്രിയദർശനാകട്ടെ ഇത് ഒട്ടും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. റൗഡിക്കൂട്ടം സ്‌കൂൾ പരിസരത്തെല്ലാം മണിയൻപിള്ള രാജുവിനെ തെരഞ്ഞുനടന്നു. എന്നാൽ ആ സംവിധായകന്റെ പൊടിപോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. റൗഡി സംഘത്തിന്റെ നിഴലായി പ്രിയദർശനുമുണ്ടായിരുന്നു.

vachakam
vachakam
vachakam

പിറ്റേന്ന് മോഹൻലാലും കൂട്ടരും രാജുവിന്റെ വീട്ടിലെത്തി:

'ചേട്ടൻ എന്തു പണിയാ ഈ കാണിച്ചത്? ഞങ്ങൾ എവിടെയെല്ലാം തിരഞ്ഞു! ഇത് എവിടെപ്പോയിരുന്നു?'ആകാംക്ഷയോടെ ലാൽ ചോദിച്ചു.

'ഹേയ്... ഞാൻ അപ്പോൾ അവിടെ നിന്നാൽ ശരിയാകില്ല എന്ന് മാത്രവുമല്ല, എനിക്ക് പോന്നിട്ട് അല്പം അത്യാവശ്യവുമുണ്ടായിരുന്നു! അവതരിപ്പിച്ച നാടകങ്ങൾ മുഴുവൻ കഴിഞ്ഞപ്പോഴേ ഞാൻ തീരുമാനിച്ചതാ, അട്ടിമറിയൊന്നും നടന്നില്ലെങ്കിൽ നമ്മുടെ നാടകത്തിന് സമ്മാനം കിട്ടുമെന്ന്!'രാജു വാചാലനായി.

സമ്മാനം പ്രഖ്യാപിച്ചാൽ ആ റൗഡിസെറ്റ് തന്നെ പിടികൂടുമെന്ന് രാജു മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് ഫലപ്രഖ്യാപനത്തോടെ താൻ മുങ്ങിയതെന്ന് പിള്ളേരോട് പറയാൻ പറ്റില്ലല്ലോ!
അന്ന് സംവിധായകൻ മുങ്ങിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മോഹൻലാലും കൂട്ടരും മുങ്ങിയേനേ! കാരണം സമ്മാനം ലഭിച്ചാൽ ഹോട്ടൽ ആസാദിൽനിന്ന് മട്ടനും പൊറോട്ടയും വാങ്ങിത്തരാമെന്ന് ലാലും കൂട്ടരും രാജുവിന് ഉറപ്പു നൽകിയിരുന്നതാണ്. പൊറോട്ടയും മട്ടനും പോയിട്ട് ഒരു ചായ പോലും വാങ്ങിക്കൊടുക്കാനുള്ള പണം ആ പീക്കിരിപ്പിള്ളേരുടെ കൈയിൽ അപ്പോൾ ഇല്ലായിരുന്നു.

ആറാം ക്ലാസിലെ ലാലിന്റെ അഭിനയം നല്ലൊരു തുടക്കമായിരുന്നു. കുറേനാൾ കുട്ടികൾ 'കമ്പ്യൂട്ടർ അപ്പൂപ്പൻ' എന്നാണ് ലാലിനെ വിളിച്ചിരുന്നത്.

അന്നത്തെ ലാലിന്റെ പ്രധാന ഹീറോ സത്യനായിരുന്നു. മലയാളത്തിന്റെ അനശ്വര നടനായ സത്യന്റെ നടപ്പും സംസാരരീതിയുമൊക്കെ അറിയാതെതന്നെ ലാലിൽ കുടിയേറി.

പ്രേമരംഗങ്ങളിൽ പ്രേംനസീറിനോടായിരുന്നു പ്രിയം. സ്റ്റണ്ട് രംഗങ്ങളിലാകട്ടെ എം.ജി.ആറിനോടും! ഇവർ ഓരോരുത്തരിലുമുള്ള കഴിവുകൾ ഒരാളിൽ ഒത്തുചേർന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ലാൽ പലപ്പോഴും ചിന്തിച്ചിരുന്നു. അക്കാലത്തിറങ്ങിയ മലയാളം, തമിഴ് സിനിമകളിൽ ഭൂരിഭാഗവും ലാൽ എങ്ങനെയെങ്കിലും പോയി കാണുമായിരുന്നു.

സിനിമ കാണാനുള്ള പണമുണ്ടാക്കാൻ ലാൽ പല വഴികളും കണ്ടെത്തി. 'സിനിമ കാണാനാണ്' എന്ന് പറഞ്ഞാൽ വീട്ടിൽനിന്ന് ഒറ്റപ്പൈസ പോലും കിട്ടില്ല. പുതിയ സിനിമ ഇറങ്ങിയെന്നറിഞ്ഞാൽ മോഹൻലാലിന് പിന്നെ ഇരിപ്പുറയ്ക്കില്ല; എങ്ങനെയെങ്കിലും പോയി കണ്ടേ തീരൂ!

ബിഹാറിൽ വെള്ളപ്പൊക്കം മൂലം ഒട്ടേറെപ്പേർ ദുരിതമനുഭവിക്കുന്നുവെന്നും, അവർക്കായി സ്‌കൂളിൽനിന്ന് പിരിവെടുക്കുന്നുണ്ടെന്നും പറയുമ്പോൾ അമ്മയുടെ മനം അലിയും. അങ്ങനെ നല്ലൊരു സംഖ്യ ലാൽ സംഘടിപ്പിക്കും. അടുത്ത ഊഴം അസമിൽ കൊടുംവരൾച്ച മൂലം കഷ്ടതയനുഭവിക്കുന്നവർക്കായി ശേഖരിക്കുന്ന നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ഹെഡ്മാസ്റ്റർ പറഞ്ഞിരിക്കുന്നു എന്നാകും ലാലിന്റെ ഡയലോഗ്! അങ്ങനെ പലതരം തന്ത്രങ്ങളിലൂടെ അമ്മയുടെ കൈയിൽനിന്ന് ലാൽ പണം സ്വന്തമാക്കും.

കാശ് കൈയിൽ കിട്ടിയാൽ കക്ഷി നേരെ വെച്ചുപിടിക്കുന്നത് സിനിമാ തിയേറ്ററിലേക്കാണ്. സ്‌കൂളിലെ ക്രിക്കറ്റ് ടീമിലും ലാലുണ്ടായിരുന്നു. അവിടെയും ലാലിന്റെ പ്രധാന എതിരാളി പ്രിയദർശൻ തന്നെയായിരുന്നു.

സ്‌കൂളിൽനിന്ന് 'മികച്ച നടൻ' പദവി ലഭിച്ചതോടെ മോഹൻലാലിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. സ്‌കൂളിലെ ഏതു ക്ലാസിലെ എത്ര വലിയ കുട്ടിയോടും ഒപ്പത്തിനൊപ്പം നിൽക്കാമെന്നൊരു ചങ്കൂറ്റം അവനുണ്ടായി! ഇതോടെ സ്‌കൂളിൽ ലാലിനോട് സൗഹൃദം കൂടാൻ ഏറെപ്പേരുണ്ടായി. ഒപ്പം ചില എതിരാളികളും അങ്ങുമിങ്ങും തലപൊക്കി. അമർഷക്കാരുടെ നേതാവ് പ്രിയദർശനല്ലാതെ മറ്റാരുമായിരുന്നില്ല.

അഭിനയത്തോട് ഉള്ളത്ര കമ്പമൊന്നും ക്രിക്കറ്റിൽ ലാലിന് ഉണ്ടായിരുന്നില്ല. എന്നാൽ, തന്റെ മുഖ്യശത്രുവായ പ്രിയദർശൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ അവനെ തനിയെ 'ഷൈൻ' ചെയ്യാൻ വിടരുതല്ലോ എന്നുകരുതി ലാൽ ക്രിക്കറ്റിലും താല്പര്യം കാണിച്ചു തുടങ്ങി. തൈക്കാട്ടായിരുന്നു പ്രിയദർശന്റെ കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടവർ പൂജപ്പുരയിലേക്ക് താമസം മാറി.

സ്‌കൂൾ ബസ്സിലെ ഒരുമിച്ചുള്ള യാത്രകളിലാണ് ഇരുവരും നിരന്തരം കൊമ്പുകോർക്കുന്നത്. ഇവരുടെ ഉടക്കും വലിയ വായിലെ ചീത്തവിളിയും കാരണം ബസ്സിനകം ഏതാണ്ട് ഒരു ചന്തയുടെ നിലവാരത്തിലേക്ക് ഉയരും! ചിലപ്പോഴൊക്കെ ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമൊക്കെ ഇരുവരുടെയും ചെവിക്ക് പിടിച്ചെന്നിരിക്കും. എങ്കിലും പൂവൻകോഴികളെപ്പോലെയായിരുന്നു ഇവരുടെ പോര്.

പ്രായം കൊണ്ട് മുതിർന്നയാൾ പ്രിയദർശൻ ആയിരുന്നെങ്കിലും, കാഴ്ചയിൽ മോഹൻലാലിനായിരുന്നു തടിമിടുക്ക്! അതുകൊണ്ടുതന്നെ ലഹള തീർക്കാനെത്തുന്നവരുടെ ശകാരം കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് മോഹൻലാലിനായിരുന്നു.

'ഈ അശുവിനോട് മെക്കിട്ടുകയറാൻ നിനക്ക് നാണമില്ലേടാ പൊണ്ണത്തടിയാ...?' എന്ന് മുതിർന്നവർ ചോദിക്കുമ്പോൾ പ്രിയദർശന് ദേഷ്യം ഇരട്ടിക്കും. താൻ തീർത്തും ഒരു 'അശു' തന്നെയാണോ എന്ന് കക്ഷിക്കുതന്നെ സംശയം തോന്നിത്തുടങ്ങും!

ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയ മോഹൻലാലിന് പെട്ടെന്നുതന്നെ നല്ലൊരു ബൗളറെന്ന പേരുണ്ടാക്കാൻ കഴിഞ്ഞു. അതോടെ പ്രിയദർശന്റെ പക ഇരട്ടിച്ചു. മോഹൻലാലിനെ ഒതുക്കാൻ കിട്ടുന്ന ഏതു ചെറിയ അവസരവും പ്രിയൻ നന്നായി ഉപയോഗിച്ചു. ചുരുക്കത്തിൽ, ഇരുവരും കീരിയും പാമ്പും പോലെയായിരുന്നു.

വേണു നാഗവള്ളി, ജഗതി ശ്രീകുമാർ, ജഗദീഷ്, മണിയൻപിള്ള രാജു എന്നിവരെല്ലാം ഗവ. മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇവർക്കെല്ലാം വെവ്വേറെ വർഷങ്ങളിൽ സ്‌കൂളിലെ 'മികച്ച നടൻ' പട്ടം ലഭിച്ചിട്ടുണ്ട്. ഇവരുടെ പാതയിലെ ഒരു കണ്ണിയാകാൻ ആറാം ക്ലാസിൽ എത്തിയപ്പോഴേക്കും മോഹൻലാലിന് കഴിഞ്ഞു.

എന്നാൽ ഇതൊന്നും ഒരു തരത്തിലും ഉൾക്കൊള്ളാൻ പ്രിയദർശന് സാധിച്ചിരുന്നില്ല. മോഹൻലാൽ ഏതു ചേരിയിൽ നിൽക്കുന്നുവോ, അതിന്റെ മറുഭാഗത്ത് പ്രിയദർശൻ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

ഇങ്ങനെയിരിക്കെയാണ് മോഡൽ സ്‌കൂളിൽ വിദ്യാർത്ഥി രാഷ്ട്രീയം ശക്തമായി ഉരുണ്ടുകൂടിയത്. അടിയുറച്ച രാഷ്ട്രീയബോധമൊന്നും അന്ന് കുട്ടികൾക്കാർക്കുമില്ല; ഷൈൻ ചെയ്യാൻ കിട്ടുന്ന ഒരു വേദി, അത്രതന്നെ! പ്രിയദർശൻ എങ്ങനെയോ കെ.എസ്.യു.ക്കാരനായി. മോഹൻലാൽ അടങ്ങിയിരിക്കുമോ? ഉടൻതന്നെ താൻ എസ്.എഫ്.ഐ. ആണെന്ന് ലാലും പ്രഖ്യാപിച്ചു! ആഞ്ഞ് രണ്ടു മുദ്രാവാക്യം വിളിച്ച് സടകുടഞ്ഞ് പോരിന് തയ്യാറായിനിന്നു. പ്രിയദർശനും പിന്നാക്കം പോയില്ല.

ബസ്സിന്റെ ഫുട്‌ബോർഡിൽ നിന്ന് 'ഷൈൻ' ചെയ്ത് യാത്ര ചെയ്യുക എന്നതായിരുന്നു ഈ രണ്ടു ശത്രുക്കളുടെയും പ്രധാന വിനോദം. പ്രിയദർശൻ നേരത്തേതന്നെ ഫുട്‌ബോർഡിൽ സ്ഥാനം പിടിച്ചിരിക്കും. തൊട്ടടുത്ത സ്റ്റോപ്പിൽനിന്ന് മോഹൻലാൽ കയറും. പിന്നെ ഇരുവരും തമ്മിൽ ബലപരീക്ഷണമായി. ഇതിനിടെ കണ്ടക്ടർ ഇടപെടും:

'രണ്ടാളും ഫുട്‌ബോർഡിൽനിന്ന് ഉള്ളിലേക്ക് കയറി നിൽക്കണം!'

മോഹൻലാൽ എങ്ങനെയെങ്കിലും വാചകമടിച്ച് കണ്ടക്ടറെ കൈയിലെടുക്കും. അതോടെ അദ്ദേഹം പിന്മാറും. പ്രിയൻ പല്ലുകടിച്ച് രോഷത്തോടെ കണ്ടക്ടറെ നോക്കും. പിന്നെ എന്തെങ്കിലും ഉടക്കുണ്ടാക്കി ലാലിന്റെ അടുത്തേക്ക് വരും. ലാലാകട്ടെ പ്രിയനെ തളർത്താൻ എന്തെങ്കിലും കുസൃതി ഒപ്പിക്കും. ഒടുവിൽ വാക്കേറ്റം മൂത്ത് കൈയേറ്റത്തോടടുക്കും. അപ്പോഴായിരിക്കും ഏതെങ്കിലും ഒരു സുന്ദരിയായ സഹപാഠിയുടെ ഇടപെടൽ:

'പോട്ടെ എന്റെ ലാലേ... ആ പാവത്തിനെ വിട്ടേരെ... അതും വെറും അശു!'

അതോടെ ബസ്സിലാകെ കൂട്ടച്ചിരി ഉയരും. പ്രിയനാകട്ടെ പല്ലുഞെരിച്ച്, മുഷ്ടി ചുരുട്ടി ആ പെൺകുട്ടിയുടെ നേരെ ചീറിയടുക്കും. അപ്പോൾ ലാൽ ഇടപെടും:

'ടേയ്... പെണ്ണുങ്ങളോട് നിന്റെ വീരപരാക്രമമൊന്നും വേണ്ട!'

സുന്ദരികളായ പെൺകുട്ടികളുടെ മുന്നിൽ തന്റെ 'ഗ്ലാമർ' മങ്ങിയതിന്റെ അമർഷം തീർക്കാൻ പ്രിയൻ ബസ്സിന്റെ ബോഡിയിൽ ആഞ്ഞൊരു ഇടി കൊടുക്കും! അതും കൂട്ടച്ചിരിക്ക് വകയൊരുക്കും. ആ ബസ്സ് യാത്ര എന്നും ബഹളത്തിലും കൂക്കൂവിളിയിലുമാണ് അവസാനിക്കാറുള്ളത്. എന്നും പരാജയം പ്രിയന്റെ കൂടെയായിരിക്കും!

ഒരിക്കൽ കളി കാര്യമായി. നിസ്സാര പ്രശ്‌നത്തിൽ തുടങ്ങിയ മോഹൻലാലിന്റെയും പ്രിയദർശന്റെയും ഉടക്ക്, ഉന്തും തള്ളും കഴിഞ്ഞ് മുട്ടനടിയിൽ കലാശിക്കുമെന്ന അവസ്ഥയിലായി.

'നിന്നെ ഞാനിന്ന് ശരിയാക്കുമെടാ!'മോഹൻലാൽ ഈറ്റപ്പുലിയെപ്പോലെ പ്രിയദർശന്റെ നേർക്ക് ചാടിവീണു. കൂട്ടുകാർ പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ മോഹൻലാലിന്റെ സഹോദരൻ പ്യാരിലാൽ വന്നാണ് അനിയനെ വിളിച്ചുകൊണ്ടുപോയത്.

പക്ഷേ, മോഹൻലാലിന്റെ പക തീർന്നില്ല. ഏതുവിധേനയും പ്രിയദർശനെ കൈകാര്യം ചെയ്യണം; അതിനുള്ള വഴിയെന്തെന്ന ആലോചനയിലായി ലാൽ. കരാട്ടെയോ ഗുസ്തിയോ ഏതെങ്കിലും ഒന്ന് പഠിച്ചെടുക്കണം!

എന്തായാലും ഇത്തവണ സ്‌കൂൾ അടയ്ക്കുമ്പോൾ ആലപ്പുഴയിൽ പോയി അമ്മാവനെ കണ്ട് അതിനുള്ള ഏർപ്പാടാക്കണമെന്ന് ലാൽ ഉറപ്പിച്ചു.

ഒടുവിൽ വർഷാവസാന പരീക്ഷയും കഴിഞ്ഞ് ലാൽ ആലപ്പുഴയിലെത്തി. തന്റെ ആഗ്രഹം ലാൽ അമ്മാവനെ അറിയിച്ചു.

ഗോപിനാഥൻ നായർ മരുമകന്റെ ആഗ്രഹമെല്ലാം കേട്ടതിനുശേഷം അവനെ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ അത് കളരിയോ കരാട്ടെ കേന്ദ്രമോ ആയിരുന്നില്ല;

പ്രസിദ്ധിയേറിയ പ്രഭാകര സിദ്ധയോഗിയുടെ ആശ്രമമായിരുന്നു!

(തുടരും)

ജോഷി ജോർജ്


വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ

https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam