അമേരിക്കയിലേക്ക് കടക്കാനും പൗരത്വം നേടാനും ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പുതിയ നയപരിഷ്കാരം പ്രഖ്യാപിച്ചു. പൂർണ്ണമല്ലാത്തതോ ആവശ്യമായ പ്രാഥമിക രേഖകൾ ഇല്ലാത്തതോ ആയ വിസ, ഗ്രീൻ കാർഡ് അപേക്ഷകൾ കാരണം കാണിക്കൽ നോട്ടീസോ അധിക തെളിവ് ഹാജരാക്കാനുള്ള സാവകാശമോ നൽകാതെ നേരിട്ട് തള്ളാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരം നൽകുന്നതാണ് പുതിയ ഉത്തരം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വന്നതായി അധികൃതർ വ്യക്തമാക്കുന്നു.
നേരത്തെ സമർപ്പിച്ച അപേക്ഷകളിൽ രേഖകളുടെ കുറവോ വ്യക്തതക്കുറവോ ഉണ്ടായാൽ 'റിക്വസ്റ്റ് ഫോർ എവിഡൻസ്' (ആർഎഫ്ഇ) അല്ലെങ്കിൽ 'നോട്ടീസ് ഓഫ് ഇന്റന്റ് ടു ഡിനൈ' (എൻഒഐഡി) എന്നിവ അയച്ച് തെറ്റുകൾ തിരുത്താൻ അപേക്ഷകർക്ക് അവസരം നൽകുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവ് നിലവിൽ വന്നതോടെ ഇനിമുതൽ ഇത്തരം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ എല്ലാ രേഖകളും കൃത്യമായി സമർപ്പിക്കാത്ത അപേക്ഷകൾ ഉടനടി നിരസിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും.
അപേക്ഷകർക്ക് അവരുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സമ്പൂർണ്ണ ഉത്തരവാദിത്തം അപേക്ഷ സമർപ്പിക്കുന്ന നിമിഷത്തിൽ തന്നെയുണ്ടെന്ന് യുഎസ്സിഐഎസ് ഓർമ്മിപ്പിച്ചു. വിസ, ഗ്രീൻ കാർഡ് പ്രൊസസിംഗുകളിൽ ഉണ്ടാകുന്ന അനാവശ്യ താമസം ഒഴിവാക്കാനും വ്യാജമായ അപേക്ഷകൾ തടയാനുമാണ് ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ചില അപേക്ഷകർ താൽക്കാലിക ആനുകൂല്യങ്ങൾ ലക്ഷ്യമിട്ട് പൂർണ്ണമല്ലാത്ത അപേക്ഷകൾ സമർപ്പിക്കുന്ന പ്രവണത വർദ്ധിച്ചതാണ് അധികൃതരെ ഇത്തരമൊരു നിലപാടിലേക്ക് നയിച്ചത്.
ഓഗസ്റ്റ് 5 മുതൽ തീർപ്പുകൽപ്പിക്കാത്തതും ഇനി സമർപ്പിക്കാനിരിക്കുന്നതുമായ എല്ലാത്തരം ഇമിഗ്രേഷൻ അപേക്ഷകൾക്കും ഈ പുതിയ നിയമം ബാധകമായിരിക്കും. എച്ച്-1ബി വിസക്കാർക്കും തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും കുടുംബ വിസക്കാർക്കും പുതിയ നീക്കം വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അപേക്ഷകളിൽ സംഭവിക്കുന്ന ചെറിയ സാങ്കേതിക പിഴവുകൾ പോലും വൻ തുക നഷ്ടപ്പെടുന്നതിനും വിസ നിരസിക്കപ്പെടുന്നതിനും കാരണമാകും.
ഇതിനുപുറമേ അധിക തെളിവുകൾ ഹാജരാക്കാൻ ആർഎഫ്ഇ നൽകുന്ന കേസുകളിൽ മുൻപ് നൽകിയിരുന്ന 12 ആഴ്ചത്തെ സ്റ്റാൻഡേർഡ് സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കേസിന്റെ സ്വഭാവം അനുസരിച്ച് കുറഞ്ഞ സമയപരിധി നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. അതുപോലെ വിദേശത്തുനിന്നും മറുപടി അയക്കുന്നവർക്ക് നൽകിയിരുന്ന അധിക അഞ്ചു ദിവസത്തെ സാവകാശവും ഒഴിവാക്കിയിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് അനുഭവപരിചയമുള്ള കുടിയേറ്റ അഭിഭാഷകരുടെ സഹായം തേടുന്നത് അഭികാമ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക രേഖകൾ, സിവിൽ സർട്ടിഫിക്കറ്റുകൾ, ഔദ്യോഗിക പരിഭാഷകൾ, ഒപ്പുകൾ എന്നിവ കൃത്യമാണെന്ന് അപേക്ഷകർ വീണ്ടും ഉറപ്പുവരുത്തേണ്ടി വരും. അമേരിക്കൻ കുടിയേറ്റ സ്വപ്നങ്ങളുമായി മുന്നോട്ടുപോകുന്നവർക്ക് അതീവ ജാഗ്രത അനിവാര്യമാക്കുന്നതാണ് പുതിയ നയമാറ്റം.
English Summary The US Citizenship and Immigration Services has issued a new policy allowing adjudicators to deny incomplete visa and Green Card applications without first issuing a Request for Evidence or Notice of Intent to Deny. Effective immediately, benefit requestors must submit all required initial evidence at the time of filing to establish eligibility.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, World News Malayalam, USCIS Visa Rules, Green Card Application, US Immigration Policy
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
