മോഹൻലാലിന്റെയും പ്രിയദർശന്റെയും പഴയകാല കോളേജ് ജീവിതത്തിലെ ശത്രുതയും സൗഹൃദവും വിവരിക്കുന്ന ഒരു കുറിപ്പാണ് ഈ അധ്യായത്തിലുള്ളത്. സിദ്ധന്റെ ആശ്രമത്തിൽ വെച്ച് മോഹൻലാലിന്റെ മനസ്സിലുണ്ടാകുന്ന മാറ്റങ്ങളും, പ്രിയദർശനോടുള്ള പകയും കോളേജിലെ വേതാളക്കൂട്ടത്തിന്റെ വിശേഷങ്ങളും ഇതിൽ രസകരമായി വിവരിക്കുന്നു. ബസ്സിലെ ചെറിയ തർക്കങ്ങളും പ്രണയവഴികളും മറ്റുമായി ഇരുവർക്കുമിടയിലുള്ള വൈരാഗ്യം നീണ്ടപോകുന്നതാണ് ഇതിന്റെ പ്രധാന പ്രമേയം.
ആ സിദ്ധന്റെ ആശ്രമവും ജീവിതരീതിയും മോഹൻലാലിന് വലിയ തോതിൽ ബോധിച്ചു. കഥകളിലൂടെയും ഉപദേശങ്ങളിലൂടെയും ഒട്ടേറെ സാരോപദേശങ്ങളാണ് സിദ്ധൻ ലാലിന് പറഞ്ഞു കൊടുത്തത്. അദ്ദേഹത്തിന്റെ വാക്കുകൾ തികഞ്ഞ ശ്രദ്ധയോടെ കേട്ടിരിക്കുന്നതിനിടയിലാണ് ലാൽ ആ കാഴ്ച കണ്ടത്. സിദ്ധന്റെ കുടുമയ്ക്കുള്ളിൽ ഒരു ഗണപതി വിഗ്രഹം ഇരിക്കുന്നു!
അതിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കെ ലാലിൽ പുതിയൊരു ചൈതന്യവും ഊർജ്ജവും നിറഞ്ഞു. ഹൃദയത്തിൽ അടിഞ്ഞുകൂടിയിരുന്ന കോപവും ശ്വാസംമുട്ടലുമെല്ലാം അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നി. കുറച്ചു ദിവസത്തേക്ക് എങ്ങനെയെങ്കിലും ഒരു സിദ്ധനാകണം എന്ന ഒരൊറ്റ ചിന്ത മാത്രമേ ലാലിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
കാര്യങ്ങൾ അറിഞ്ഞ അമ്മാവൻ ലാലിനെ ഉപദേശിച്ചു:
''സിദ്ധിയുള്ളവനാകണമെങ്കിൽ ആദ്യം നല്ല വിദ്യാഭ്യാസം വേണം. അതുകൊണ്ട് മോൻ ഇപ്പോൾ പഠനകാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക.''
അങ്ങനെ ഒരു പുതിയ മനുഷ്യനായാണ് ലാൽ ആലപ്പുഴയിൽ നിന്നും തിരികെ എത്തിയത്. പ്രിയദർശനോടുള്ള ശത്രുത പോലും മനസ്സിൽ നിന്നും എവിടെയോ പോയ്മറഞ്ഞിരുന്നു. എന്നാൽ, സ്‌കൂൾ തുറന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ ലാലും പ്രിയനും വീണ്ടും ഉടക്കാൻ തുടങ്ങി. അതോടെ പഴയ ശത്രുത പണ്ടത്തേക്കാൾ ശക്തമായി ഇരുവരിലും തിരിച്ചെത്തി. ഇതിനിടയിലാണ് മോഹൻലാലിന് പ്രദീപ് എന്നൊരു പുതിയ കൂട്ടുകാരനെ ലഭിക്കുന്നത്. അവർ രണ്ടുപേരും ഒന്നിച്ച് ഒരു ജിംനേഷ്യത്തിൽ ചേർന്നു.
ആ ശാരീരിക ബലത്തിന്റെ ധൈര്യത്തിൽ പ്രിയദർശനെ വിരട്ടാൻ ലാൽ പലതവണ ശ്രമിച്ചു. ഇവരുടെ വഴക്ക് ഏതാണ്ട് ഒരു കുടിപ്പക പോലെയാണ് വളർന്നത്. പ്രിയദർശൻ പത്താം ക്ലാസ് പാസായി. തുടർന്ന് പ്രീഡിഗ്രി (ഇന്റർമീഡിയറ്റ്) പഠനത്തിനായി യൂണിവേഴ്‌സിറ്റി കോളേജിൽ ചേർന്നു. അതോടെ മോഹൻലാലും പ്രിയദർശനും തമ്മിലുള്ള വഴക്കുകളെല്ലാം അവസാനിച്ചുവെന്നാണ് പലരും കരുതിയത്.
എന്നാൽ തൊട്ടടുത്ത വർഷം എസ്.എസ്.എൽ.സി പാസായ മോഹൻലാൽ എം.ജി. കോളേജിലാണ് ചേർന്നത്. പഠനം രണ്ടു വ്യത്യസ്ത കോളേജുകളിലായിരുന്നെങ്കിലും, ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇവർക്ക് ഒരുമിച്ചു കൂടേണ്ടി വന്നു. അവിടെയും രണ്ടുപേരും രണ്ടു ടീമുകളിലായിരുന്നു!
പണ്ട് സ്‌കൂൾ ബസ്സിൽ ഉണ്ടായിരുന്ന ശത്രുത ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയപ്പോൾ പതിന്മങ്ങ് ശക്തിപ്പെട്ടു. കളിയിൽ മാത്രമല്ല, വാക്‌പോരിലും ഇരുവരും കരുത്തു കാട്ടി. കോഴിക്കൂട്ടിലെ പോരുകോഴികളെപ്പോലെയായിരുന്നു അവരുടെ വീര്യം. തികച്ചും നിസ്സാരമായ കാര്യങ്ങളിൽ പിടിച്ചായിരിക്കും പലപ്പോഴും വഴക്ക് തുടങ്ങുക .എം.ജി. കോളേജിലെ ഓപ്പൺ എയർ തിയേറ്ററായിരുന്നു മോഹൻലാലിന്റെയും ചങ്ങാതിമാരുടെയും പ്രധാന താവളം.
അതിനടുത്തായി ഒരു വലിയ മരമുണ്ടായിരുന്നു. കുട്ടികൾ ആ മരത്തെ ''വേതാളമരം'' എന്നാണ് വിളിച്ചിരുന്നത്. വിക്രമാദിത്യൻ കഥകളിലെ വേതാളം തലകീഴായി തൂങ്ങിക്കിടക്കുന്നതപോലെ, പത്തുപതിനെട്ട് ''വേതാളങ്ങൾ'' (വിദ്യാർത്ഥികൾ) എപ്പോഴും ആ മരത്തിൽ കാണും.
ക്ലാസിൽ അധ്യാപകർ സജീവമായി ലക്ചർ നടത്തിക്കൊണ്ടിരിക്കമ്പോൾ പോലും, ഈ അഭിനവ വേതാളങ്ങൾ ക്ലാസ് കട്ട് ചെയ്ത് മരക്കൊമ്പുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ടാകും. മരത്തിനു സമീപത്തുകൂടി ആരുപോയാലും ഈ വേതാളക്കൂട്ടം വെറുതെ വിടാറില്ലായിരുന്നു. പോകുന്നവർക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്, അവർ കേൾക്കെ പല കമന്റുകളും പാസാക്കും.
മാന്യമായ രീതിയിൽ പറയാൻ ശ്രമിക്കുമെങ്കിലും ചിലപ്പോഴൊക്കെ അത് വഴിമാറിപ്പോകാറുണ്ട്. എങ്കിലും, പെൺകുട്ടികൾക്കോ ആൺകുട്ടികൾക്കോ ഈ വേതാളങ്ങളെക്കുറിച്ച് യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ ഇവരുടെ രസകരമായ കമന്റുകൾ കേൾക്കാൻ വേണ്ടിത്തന്നെ താറാവുകൂട്ടങ്ങളെപ്പോലെ ആ വേതാളമരത്തിനു ചുറ്റും പലതവണ കറങ്ങി നടക്കുമായിരുന്നു.
വേതാളവൃക്ഷത്തിന്റെ പരിസരത്തുകൂടി പോകുന്നവർക്കെല്ലാം മനോഹരമായ ഇരട്ടപ്പേരുകൾ ഇടുക എന്നത് ഈ കൂട്ടത്തിന്റെ ഒരു പ്രധാന വിനോദമായിരുന്നു. ഓരോരുത്തരുടെയും പ്രത്യേകതകൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമേ അവർ ഇരട്ടപ്പേര് നൽകാറുള്ളൂ. ഹൗസിംഗ് ബോർഡ് ചെയർപേഴ്‌സൺ, ഡൺലപ്, മീശശ്രീ, കുറുമാ, കുറന്തോട്ടി, കുറിഞ്ഞിപ്പൂച്ച, തൊട്ടാവാടി... എന്നിങ്ങനെ നീളുന്നു ആ പേരുകൾ.
ഇതിന് വേതാളങ്ങളുടേതായ ചില യോഗ്യതാ മാനദണ്ഡങ്ങളുമുണ്ടായിരുന്നു. ശരീരത്തിന്റെ പ്രത്യേകത, നടപ്പ്, എടുപ്പ്, നോട്ടം എന്നിവയെല്ലാം നോക്കിയാണ് ഇരട്ടപ്പേരുകൾ നിശ്ചയിച്ചിരുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, പരിധി വിട്ട് ആരെയും കളിയാക്കുന്ന കാര്യത്തിൽ മോഹൻലാൽ ഒട്ടും കൂട്ടുനിൽക്കാറില്ലായിരുന്നു. എന്ന് മാത്രമല്ല, ആരെങ്കിലും അതിരുവിട്ടാൽ അവരെ ശാസിക്കാനും ലാൽ മടിച്ചില്ല. എന്തുകൊണ്ടാണ് ലാൽ ഇങ്ങനെ പെരുമാറുന്നതെന്ന് ചില വേതാള സുഹൃത്തുക്കൾ അവനോട് ചോദിച്ചു.
ലാൽ അവരോട് പറഞ്ഞു: ''എടേയ്... യഥാർത്ഥ ജീവിതത്തിൽ എനിക്ക് ഒരു സഹോദരൻ മാത്രമാണുള്ളത്, സഹോദരിമാരില്ല. അതുകൊണ്ടുതന്നെ പല പെൺകുട്ടികളെയും കാണുമ്പോൾ, അവർ എന്റെ ചേച്ചിയോ അനിയത്തിയോ ആയിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിപ്പോകും...!''
ചെറുപ്പം മുതൽക്കേ എല്ലാ പെൺകുട്ടികളോടും ഒരുതരം സഹോദരതുല്യമായ അടുപ്പമാണ് ലാലിനുണ്ടായിരുന്നത്. വെറുമൊരു അടുപ്പമല്ല, ഒരു പ്രത്യേകതരം മമത. ഒരു കാര്യത്തിൽ ആ വേതാളക്കൂട്ടത്തെ സമ്മതിച്ചു കൊടുക്കണം. പെൺകുട്ടികളുടെ കാര്യത്തിൽ ആ പതിനെട്ടംഗ സംഘത്തിന്റെ പൊതുസ്വഭാവം ഏതാണ്ട് ഒരുപോലെയായിരുന്നു. പ്രണയം, പ്രേമാഭ്യർത്ഥന, ലൗ ലെറ്റർ കൊടുക്കൽ തുടങ്ങിയ വിലകുറഞ്ഞ ഏർപ്പാടുകളൊന്നും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. എന്നാൽ പ്രണയിക്കുന്നവരോട് ഈ വേതാളക്കൂട്ടത്തിന് യാതൊരു വിരോധവുമില്ലായിരുന്നു.
കോളേജിലെ പ്രേമലോലുപരായ പെൺകുട്ടികളും പ്രണയ ജോഡികളും അല്പം സംസാരിച്ചിരിക്കാനും സമയം ചെലവഴിക്കാനും ഇടം തേടി എത്തിയിരുന്നത് പലപ്പോഴും ഈ വേതാളമരത്തിന്റെ തണലിലായിരുന്നു. പക്ഷേ, ആ പ്രണയ ജോഡികൾ ആദ്യമേ തന്നെ ഈ വേതാളക്കൂട്ടത്തിൽ നിന്ന് ഒരു ''നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്'' വാങ്ങിയിരിക്കണം! അതില്ലെങ്കിൽ ഈ വേതാളങ്ങൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പുകളല്ല, കാട്ടുമാക്കാനുകൾ തന്നെയായി മാറും. അതുകൊണ്ട് പ്രണയിക്കാൻ ലേണേഴ്‌സ് ലൈസൻസിനുള്ള അപേക്ഷയുമായി കന്നിക്കാർ ഈ വേതാളക്കൂട്ടത്തെയാണ് ആദ്യം സമീപിച്ചിരുന്നത്.
ഒട്ടുമിക്ക പേർക്കും പ്രണയത്തിന്റെ പ്രഥമാക്ഷരങ്ങളും പ്രണയമന്ത്രങ്ങളും പഠിപ്പിച്ചു കൊടുത്തിരുന്നതും ഈ സംഘം തന്നെയായിരുന്നു. ഇത്തരം വിനോദങ്ങൾക്കിടയിലും പ്രണയവും പ്രതികാരവും ലാലിന്റെയും പ്രിയദർശന്റെയും ഇടയിൽ ഒരു ചുഴലിക്കാറ്റായി രൂപംകൊള്ളുന്നുണ്ടായിരുന്നു. പ്രിയദർശന് എങ്ങനെയെങ്കിലും നല്ലൊരു പണി കൊടുക്കണം എന്ന് ലാൽ തീരുമാനിച്ചു. പതിനെട്ടംഗ വേതാളസംഘത്തെ അതിനായി ഉപയോഗിക്കാനായിരുന്നു ലാലിന്റെ പദ്ധതി. ഒടുവിൽ ലാൽ തന്റെ ആഗ്രഹം ചങ്ങാതിക്കൂട്ടത്തോട് തുറന്നുപറഞ്ഞു. വേതാളക്കൂട്ടം പ്രിയന്റെ വിഷയം ദീർഘമായി ചർച്ച ചെയ്തു.
പ്രിയനെതിരെ ഒരു യുദ്ധപ്രതീതി തന്നെ സൃഷ്ടിച്ച്, എങ്ങനെയൊക്കെ അവനെ പൂട്ടാൻ സാധിക്കുമോ ആ വഴികളിലെല്ലാം ആഞ്ഞടിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ കാര്യങ്ങൾ ഗൗരവമായി നീങ്ങുന്നത് അറിഞ്ഞപ്പോൾ വേതാളക്കൂട്ടത്തിലെ ചില വമ്പന്മാർ തടിയൂരി മുങ്ങി. ഒടുവിൽ കാര്യത്തോട് അടുത്തപ്പോൾ പതിനെട്ട് പേരുണ്ടായിരുന്ന സംഘത്തിൽ വെറും രണ്ടുപേർ മാത്രമായി അവശേഷിച്ചു! ഒന്ന് മോഹൻലാലും, മറ്റേയാൾ സനലും. ലാൽ എന്തുപറയുന്നോ അത് അക്ഷരംപ്രതി ചെയ്യാൻ തയ്യാറായി സനൽ ഉറച്ചുനിന്നു.
മറ്റുള്ളവർ ലാലും പ്രിയനും തമ്മിലുള്ള കടുത്ത ശത്രുതയുടെ കഥ കേട്ടപ്പോൾ, തങ്ങൾക്ക് പണി കിട്ടാൻ സാധ്യതയുള്ള ഈ പരിപാടിയിൽ നിന്ന് പിന്മാറുന്നതാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. അവരെല്ലാവരും ചേർന്ന് സനലിനെ ബ്രെയിൻവാഷ് ചെയ്തതോടെ ഒടുവിൽ സനലും ആ ദൗത്യത്തിൽ നിന്ന് പിന്മാറി. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു; സനൽ പ്രിയദർശന്റെ ഒരു ബന്ധു കൂടിയായിരുന്നു. അതോടെ, പ്രിയദർശനെ പൂട്ടാനുള്ള ലാലിന്റെ ആ പദ്ധതി പാളിപ്പോയി.
അങ്ങനെയിരിക്കമ്പോഴാണ് പ്രിയദർശന് ഒരു പ്രണയമുണ്ടെന്ന കാര്യം ലാൽ അറിയുന്നത്. ഒരുനാൾ ലാൽ തന്നെ അതിന് നേരിട്ട് സാക്ഷിയാവുകയും ചെയ്തു. പ്രിയദർശനും മോഹൻലാലും ഒരേ ബസ്സിലായിരുന്നു കോളേജിൽ പോയിരുന്നത്. ആ ബസ്സിൽ തന്നെയാണ് പ്രിയന്റെ പ്രേമഭാജനവും കയറിയിരുന്നത്, കൃത്യമായി പറഞ്ഞാൽ ജഗതി ഡി.പി.ഐ ജങ്ഷനിൽ നിന്ന്. അവൾക്കായി പ്രിയൻ നേരത്തെ തന്നെ ബസ്സിൽ ഒരു സീറ്റ് ബുക്ക് ചെയ്ത് വെക്കുമായിരുന്നു. ഈ ഏർപ്പാട് അറിഞ്ഞതുമുതൽ ലാൽ എന്ത് ചെയ്തു എന്നോ? അവൾക്ക് ആ സീറ്റിൽ ഇരിക്കാൻ പറ്റാത്ത വിധം പ്രശ്‌നങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു ലാലിന്റെ പണി.
അതിനുവേണ്ടി ലാൽ തന്റെ ചങ്ങാതിയായ പ്രദീപിനെ കൂട്ടുപിടിക്കും. പ്രദീപ് എന്തെങ്കിലും കാരണം ഉണ്ടാക്കി പ്രിയദർശനുമായി ബസ്സിൽ വെച്ച് വാക്കു തർക്കത്തിൽ ഏർപ്പെടും. പിന്നീട് അത് വലിയൊരു വഴക്കായി കലാശിക്കും. ഇതിനിടയിൽ ആ പെൺകുട്ടിക്ക് എങ്ങനെ പ്രിയൻ ബുക്ക് ചെയ്തിരിക്കുന്ന സീറ്റിൽ വന്നിരിക്കാൻ കഴിയും?
വൈകുന്നേരങ്ങളിൽ പ്രിയദർശനെ ഈ ബസ്സിൽ കയറ്റാൻ ലാലും കൂട്ടരും സമ്മതിക്കില്ലായിരുന്നു. പ്രിയൻ ബസ്സിന് കൈ കാണിക്കുമ്പോഴേക്കും മോഹൻലാലിന്റെ കൂട്ടുകാർ ആരെങ്കിലും ബസ് നിർത്താതെ പോകാനായി ''ഡബിൾ ബെൽ'' അടിക്കും. അങ്ങനെ ബസ് നിർത്താതെ പോകും. ഈ കളി കുറച്ചുദിവസം തുടർന്നപ്പോൾ, പ്രിയൻ തന്റെ സുഹൃത്തുക്കളെ കൂട്ടി ബസ് തടഞ്ഞുനിർത്തി അകത്തുകയറി. പ്രിയൻ ബസ്സിലേക്ക് കാൽ എടുത്തു വെക്കുമ്പോഴേക്കും ലാലും കൂട്ടരും വലിയ രീതിയിൽ കൂക്കിവിളിക്കാൻ തുടങ്ങും.
അടുത്ത പടിയായി പ്രിയന്റെ കാമുകിയെ എങ്ങനെയെങ്കിലും നാണംകെടുത്താനുള്ള വഴികളെക്കുറിച്ചായി ആലോചന. പ്രിയനോട് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നെങ്കിലും, അവന്റെ കാമുകിയോട് അതിരുവിട്ട് പെരുമാറാൻ ലാലിന്റെ ആത്മാഭിമാനവും അന്തസ്സും അനുവദിച്ചില്ല.
(തുടരും)
ജോഷി ജോർജ്
വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ
https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal
വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
