ആൾക്കൂട്ടത്തെ ആത്മബലമാക്കിയ ആ നേതാവ് ഇനിയില്ല

OCTOBER 2, 2025, 12:42 AM

ജനപ്രതിനിധി എന്നൊരു വാക്കിന് പുതിയ നിർവചനവും അതോടൊപ്പം ജനഹൃദയങ്ങളിൽ പുതിയ ചരിത്രവും സൃഷ്ടിച്ച പച്ചയായ മനുഷ്യനാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെന്നാൽ ആൾക്കൂട്ടമായിരുന്നു. തനിച്ചാകാൻ ഇഷ്ടപ്പെടാത്ത, എന്നും എപ്പോഴും ജനങ്ങൾക്ക് നടുവിൽ ജനത്തിന്റെ കൈപിടിച്ചുനിന്ന നേതാവ്. ലോകത്ത് തന്നെ ഇത്രയധികം ജനങ്ങളോട് നേരിട്ട് സംവദിച്ച മറ്റൊരു ജനനേതാവ് ഉണ്ടാകുമോ എന്നത് സംശയമാണ്. നിത്യതയിലേക്ക് എടുക്കപ്പെട്ട ആ നേതാവിന് പ്രണാമം അർപ്പിച്ചുകൊണ്ട് ഈ പരമ്പര ഇവിടെ അവസാനിക്കുകയാണ്.

2015 ലാണ് ഉമ്മൻചാണ്ടിയുടെ കുടുംബവും ഒപ്പമുള്ളവരും അതു ശ്രദ്ധിച്ചു തുടങ്ങിയത്. വാർത്താസമ്മേളനങ്ങളിലും പൊതുപരിപാടികളിലെ പ്രസംഗങ്ങളിലും ആ ശബ്ദം നേർത്തു വരുന്നു. സോളർ കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ അദ്ദേഹത്തെ മാനസികമായി ഉലച്ചതാകാം മാറ്റത്തിനു കാരണമെന്നു കരുതി ആരും ആദ്യം സാരമാക്കിയില്ല. തിരക്കുകൾക്കിടയിൽ ചികിത്സയ്ക്കായി സമയം കണ്ടെത്താൻ ഉമ്മൻചാണ്ടി മെനക്കെട്ടുമില്ല.

എന്നാൽ, ശബ്ദ വ്യത്യാസം കൂടുതൽ പ്രകടമായതോടെ അദ്ദേഹം ചികിത്സയ്ക്കു വഴങ്ങി. തന്റെ മുന്നിലെത്തിയ രോഗിയോട് സുഹൃത്തായ ഇഎൻടി സർജൻ ഡോ. ജോൺ പണിക്കർ പറഞ്ഞു. ''ശബ്ദവ്യത്യാസത്തിനു പല കാരണങ്ങളുണ്ടാകാം. എൻഡോസ്‌കോപ്പി ചെയ്തു നോക്കണം.'' ഉമ്മൻചാണ്ടി സമ്മതിച്ചു. പരിശോധിച്ചപ്പോൾ, തൊണ്ടയ്ക്കുള്ളിൽ വലത്തേ ശബ്ദനാളിയിൽ പൂപ്പൽ പോലെ തോന്നിക്കുന്ന സംശയകരമായ ഒരു വളർച്ച. മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പരിശോധിച്ചു. ആ വളർച്ച അപ്രത്യക്ഷമായിരിക്കുന്നു. ആദ്യത്തെയും രണ്ടാമത്തെയും പരിശോധനയ്ക്കിടയിൽ കഴിച്ച ഒറ്റമൂലിയുടെ ഫലമാണതെന്ന് ഉമ്മൻചാണ്ടിയും കുടുംബാംഗങ്ങളും വിശ്വസിച്ചു.

vachakam
vachakam
vachakam


പ്രമേഹരോഗികളിൽ കാണുന്ന ഫംഗൽ ഇൻഫെക്ഷനായിരുന്നിരിക്കാം ആദ്യം കണ്ടതും പിന്നെ കാണാതായതുമെന്ന് ഡോക്ടറും ആശ്വസിച്ചു. പിന്നെ ലക്ഷണങ്ങളൊന്നുമില്ലാതെ 4 വർഷം. യു.ഡി.എഫ് പ്രതിപക്ഷത്ത്. വീണ്ടും ശബ്ദത്തിൽ കാര്യമായി വ്യത്യാസം കണ്ടപ്പോൾ ഉമ്മൻചാണ്ടി വീണ്ടും ഡോ.ജോൺ പണിക്കർക്കു മുന്നിലെത്തി. തൊണ്ടയിൽ ചെറിയ വളർച്ച ശ്രദ്ധയിൽപെട്ട ഡോക്ടർ എത്രയും വേഗം ബയോപ്‌സി പരിശോധനയ്ക്കു നിർദേശിച്ചു. തിരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കാനുണ്ടെന്നും അത് കഴിഞ്ഞ് വരാമെന്നും ഡോക്ടറോടു പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങി.

പിന്നെ നാം കാണുന്നത് കോൺഗ്രസിന്റെ ഏറ്റവും വലിയ ക്രൗഡ്പുള്ളർ ആയ ഉമ്മൻചാണ്ടി തിരുവനന്തപുരം മുതൽ കാസർകോടു വരെ യു.ഡി.എഫ് സ്ഥാനാർഥികൾക്കു വേണ്ടി ഓടിനടന്ന് പ്രസംഗിക്കുന്നതാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു. സെപ്തംബറിലും ഒക്ടോബറിലുമായി തിരുവനന്തപുരത്തും ദുബായിലും വിശദമായ പരിശോധനകൾ നടത്തി. ഇത് സംശയകരമായ വളർച്ചയാണെന്നു കണ്ടതോടെ 2019 നവംബറിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ബയോപ്‌സി പരിശോധനയ്ക്ക് വിധേയനാക്കി. ഇതിങ്ങനെ പോയാൽ ശരിയാകില്ലെന്നു ഡോക്ടർമാർ തീർത്തു പറഞ്ഞു.

vachakam
vachakam
vachakam

ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കു പടരാനിടയുള്ള കാൻസർ വളർച്ചയാണെന്നായിരുന്നു റിപ്പോർട്ട്. ഇനി വേണ്ടത് കീമോതെറപ്പിയാണെന്നു ഡോക്ടർമാർ നിർദേശിച്ചു. ഉമ്മൻചാണ്ടിയും കുടുംബവും തിരുവനന്തപുരത്തേക്കു മടങ്ങി. റീജനൽ കാൻസർ സെന്ററിൽ തുടർചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിനു പിന്നാലെ വില്ലനായി ഡെങ്കിപ്പനിയെത്തി. ശാരീരിക അവശത കാരണം കീമോതെറപ്പി ഉടൻ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയായി. ആ ഇടവേളയിൽ അദ്ദേഹം അലോപ്പതി ചികിത്സ മാറ്റിവച്ച ആയുർവേദ മരുന്നുകൾ പരീക്ഷിക്കാൻ തീരുമാനിച്ചു. അതുകഴിഞ്ഞ് ഉമ്മൻചാണ്ടിയും കുടുംബവും വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്കു പോയി. അവിടെ നടത്തിയ പരിശോധനകളിൽ കാൻസർ വളർച്ച കാണാനില്ലെന്നായിരുന്നു റിപ്പോർട്ട്. തിരിച്ചെത്തി കോട്ടയത്തെ ചെറിയാൻ ആശ്രമം ഹോളിസ്റ്റിക് സെന്ററിൽ നടത്തിയ എൻഡോസ്‌കോപ്പിയിലും വളർച്ച കണ്ടെത്താനായില്ല. ചികിത്സകളൊന്നുമില്ലാതെ 2020 ൽ ഉമ്മൻചാണ്ടി താരതമ്യേന ഉന്മേഷവാനായി. 2021 ഏപ്രിലിൽ കോവിഡ് പിടി
കൂടി. പിന്നാലെ വീണ്ടും വില്ലനായി ശബ്ദതടസ്സമെത്തി.

2022 ഫെബ്രുവരിയിൽ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ വലത്തേ ശബ്ദനാളിയിൽ വീണ്ടും വളർച്ച തിരിച്ചറിഞ്ഞു. കീമോതെറപ്പിയിലേക്കു കടക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്കു പോയി. കീമോതെറപ്പിക്കു പകരം ലേസർ രശ്മികൾ കൊണ്ടു കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സയ്ക്കു (ലേസർ സർജിക്കൽ ഡീബൾക്കിങ്) ശേഷം ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലെത്തിച്ചു.

2021 ഡിസംബറിൽ നടത്തിയ പരിശോധനയിൽ വലത്തേ ശബ്ദനാളിയിൽ നിന്നു തൊണ്ടയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് കാൻസർ പടരുന്നതു കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത്. പിന്നാലെ ഭക്ഷണം പൂർണമായി കുഴലിലൂടെയാക്കി. കീമോതെറപ്പി താങ്ങാനാകുമോ എന്ന ആശങ്ക കാരണം അത് ഒഴിവാക്കി. പകരം പോഷകങ്ങൾ നൽകി ആരോഗ്യം നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ. ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച ആ അദ്ഭുതമനുഷ്യനെ നിണ്ട എട്ടു വർഷം കാൻസർ എന്ന ദുർഭൂതം തട്ടിക്കളിച്ചുകൊണ്ടിരുന്നു. ഇതാ ആ ദുരിതത്തിന് അറുതിയാകാൻ പോകുന്ന നിമിഷം അടുത്തെത്തി.

vachakam
vachakam
vachakam

2023 ജൂലൈ 18 ചോവ്വ. ബംഗ്‌ളൂരു ചിന്മയ മിഷൻ ഹോസ്പിറ്റലിലെ ക്ലോക്കിൽ സമയം രാവിലെ നാലുമണിയായെന്നറിയിച്ചുകൊണ്ട് നാഴിക മണി നാലുവട്ടം ശബ്ദിച്ചു. തന്റെ പ്രിയതമന്റെ ചാരത്ത് മറിയാമ്മ ചങ്കുപറിയുന്ന വേദനയോടെ മഹിമയുടെ ദിവ്യരഹസ്യത്തിൽ, വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ടിരുന്നു. തൊട്ടടുത്തു തന്നെ മക്കളായ ചാണ്ടിഉമ്മൻ, മറിയ, അച്ചു എന്നിർ എന്തുചെയ്യണമെന്നറിയാതെ വീർപ്പുമുട്ടി നിൽക്കുന്നു.  തീവ്രവേദനയക്കും ഗാഢമായ മയക്കത്തിനുമിടയിൽ കൃപയുടെ സാന്ദ്രപ്രകാശത്തിൽ, ഓക്‌സിജൻ മാസ്‌കിനുമുകളിൽ ഇമകൾ വിറപൂണ്ടു. ഇ.സി.ജി മോണിട്ടർ റെഗുലർ പറ്റേണിൽ നിന്നും ഫ്‌ളാറ്റ് പറ്റേണിലേക്ക് മെല്ലെ നിരങ്ങി നീങ്ങി നിശ്ചലമായി..!

അപ്പോൾ സമയം രാവിലെ 4.25. ആരവങ്ങൾക്കൊപ്പം ഒഴുകിനടന്ന്, ആൾക്കൂട്ടങ്ങൾ പകർന്നുനൽകിയ ഊർജമാവാഹിച്ച് ജനഹൃദയത്തിൽ ഇടം നേടിയ ഉമ്മൻചാണ്ടി എന്ന മഹാസ്‌നേഹപ്രവാഹം എന്നന്നേക്കുമായി നിലച്ചു..! ആ സ്‌നേഹസാഗരത്തിന്റെ അലയടികൾ ഇനി ജനഹൃദയങ്ങളിൽ തരംഗമായി നിലനിൽക്കും. അനേകായിരങ്ങൾക്കിടയിൽ രാവെന്നോ, പകലെന്നോ ഇല്ലാതെ, അവരിലൊരാളായി ഒഴുകിയ ആ അത്ഭുത മനുഷ്യൻ ആൾക്കൂട്ടത്തിൽ നിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമാവുകയണ്.

ആദ്യത്തെ അങ്കലാപ്പിൽ നിന്നും തെല്ല് മോചിതനായ ഉടനെ ചാണ്ടി ഉമ്മൻ തന്റെ ഫേസ് ബുക്കിൽ 'അപ്പ പോയി..!' എന്ന ഒറ്റവരി എഴുതിയിട്ടു. അപ്പോൾ കേരളം ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല.

(അവസാനിച്ചു)

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam