ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് ബൂത്തുകളിലായി 223 വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കേന്ദ്രീകൃതമായി വ്യാപക വോട്ട് കൊള്ള നടക്കുന്ന ഒരു രാജ്യത്ത് കോടികൾ മുടക്കി എന്തിനിങ്ങനെയൊരു തെരഞ്ഞെടുപ്പു മാമാങ്കം നടത്തുന്നു..?
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളിലും ഒരു തരം മരവിപ്പ് അനുഭവപ്പെടുന്ന തരംകൊള്ള!, പകൽക്കൊള്ള..!, തീവെട്ടിക്കൊള്ള..! നീതിമാനും നിഷ്പക്ഷമതിയുമായിരിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ, ഭരിക്കുന്ന പാർട്ടിക്കുവേണ്ടി ചുടുചോറ് മാന്തുന്ന കുട്ടിക്കുരങ്ങനായിമാറുന്ന കാഴ്ച എത്രമാത്രം അപലപനീയമാണ്. പ്രതിപക്ഷനേതാവ് 'രാഹുൽ ഗാന്ധിയുടെ ഈ ഗുരുതരമായ ആരോപണങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ പട്ടികയിലെ എണ്ണിയെണ്ണി പറയുന്ന കാര്യങ്ങൾ അടിസ്ഥാനമില്ലാത്തതെന്നു പറഞ്ഞ് തള്ളിക്കളയാൻ കമ്മിഷനു സാധിക്കില്ല.
അല്പമെങ്കിലും അഭിമാനമുണ്ടെങ്കിൽ, ജനാധിപത്യത്തിന്റെ ഒരു കണികയെങ്കിലും ഈ മനുഷ്യനിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ഈ വിഴിപ്പുകെട്ട് വലിച്ചെറിഞ്ഞ് രാജിവെച്ചൊഴിയുകയാണ്. അതുണ്ടാകുമെന്ന് ആരും കരുതുന്നില്ല. പിന്നിലെ ബി.ജെ.പി എന്ന ആലിന്റെ തണലിലാണല്ലോ വാസം. 25 ലക്ഷം വോട്ടുകളുടെ അട്ടിമറിയാണ് ഹരിയാനയിൽ നടന്നിരിക്കുന്നത്. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ തന്നെ മൊത്തമായി അട്ടിമറിക്കുകയാണ് ചെയ്തത്.
ഒന്നോർക്കുക, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് എക്‌സിറ്റ് പോളുകൾ ഒന്നടങ്കം പ്രവചിച്ചിരുന്നു. ആകെയുള്ള 90 സീറ്റിൽ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. 50-60 സീറ്റുകളാണ് കോൺഗ്രസിന് മിക്ക സർവേകളും പ്രവചിച്ചത്. എൻ.ഡി.ടി.വി, ടൈംസ് നൗ, ന്യൂസ് 24 ചാണക്യ, റിപ്പബ്ലിക് ടി.വി പി മാർക്, ന്യൂസ് 18 തുടങ്ങീ എല്ലാ പ്രധാന സർവേകളും കോൺഗ്രസിന് വിജയമാണ് പ്രവചിച്ചിരുന്നത്.
പത്ത് വർഷം തുടർച്ചയായി ഭരിച്ച എൻ.ഡി.എക്കെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്നായിരുന്നു എന്നത് തികച്ചും വാസ്തവമായിരുന്നു..! കർഷകസമരവും ഗുസ്തിതാരങ്ങളുടെ സമരവും ദലിതരടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയായിരുന്നു. ഇതെല്ലാം ബി.ജെ.പിക്ക് എതിരായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ വരെ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്നു.
മിക്ക മാധ്യമങ്ങളും കോൺഗ്രസ് വിജയത്തിലേക്ക് എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ വാർത്തകളും പുറത്ത് വിട്ടിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിയുന്ന കാഴ്ചയാണ് കണ്ടത്. 90ൽ 48 സീറ്റ് നേടിയാണ് എൻ.ഡി.എ അധികാരം പിടിച്ചത്. കോൺഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്.
അവിടെ കോൺഗ്രസിന്റെ വിജയം തടയാൻ ബി.ജെ.പി അട്ടിമറി നടത്തിയെന്നത് പകൽ പോലെ വ്യക്തമായിരിക്കുന്നു. രാഹുൽ ഗാന്ധി ഈ പുതിയ വെളിപ്പെടുത്തലുകളെ ഹരിയാന ഹൈഡ്രജൻ ബോംബെന്നാണ് വിശേഷിപ്പിച്ചത്. അക്ഷരാർത്ഥത്തിൽ അത് സത്യവുമാണ്.
ഒരേ ആളുടെ ചിത്രം ഉപയോഗിച്ച് നിരവധി പേരുകളിലും വിലാസങ്ങളിലുമായി വോട്ട് ചെയ്തുവെന്ന് രാഹുൽ പറയുമ്പോൾ നമുക്ക് മരവിച്ചിരിക്കാനേ കഴിയു..! ഇതിന്റെ തെളിവുകളും അദ്ദേഹം നിരത്തി. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്‌തെന്ന് രാഹുൽ പറയുമ്പോൾ ആ ബൂത്തിൽ ബി.ജെ.പിയുടെ പ്രവർത്തകരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലേ എന്നൊരു ചോദ്യം ഉയർന്നേക്കാം. അതിലും തട്ടിപ്പു നടന്നിട്ടുണെങ്കിൽ അതും അന്വേഷിക്കേണ്ട കാര്യമാണ്. മറ്റൊരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 100 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തെളിവുകൾ നൽകിക്കൊണ്ട് വിശദീകരിക്കുമ്പോഴാണ് ഈ സംശയം ബലപ്പെടുന്നത്.
ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് ബൂത്തുകളിലായി 223 വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കേന്ദ്രീകൃതമായി വ്യാപക വോട്ട് കൊള്ള നടക്കുന്ന ഒരു രാജ്യത്ത് കോടികൾ മുടക്കി എന്തിനിങ്ങനെയൊരു തെരഞ്ഞെടുപ്പു മാമാങ്കം നടത്തുന്നു..?
കർണാടകയിലും മറ്റും വോട്ടുചേർക്കലിലും നീക്കം ചെയ്യലിലും കണ്ടെത്തിയ ക്രമക്കേടുകൾ മുൻപു ചൂണ്ടിക്കാട്ടിയതോടെ ഹരിയാനയിൽ സമാന വിവരങ്ങൾ കമ്മിഷൻ ലഭ്യമല്ലാതാക്കിയിരിക്കുകയാണെന്നും ആ കണക്കുകൾകൂടി കിട്ടിയിരുന്നെങ്കിൽ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും ഇതിലുമേറെയാകുമായിരുന്നെന്നും രാഹുൽ ഗാന്ധി പറയുന്നുണ്ട്. സ്വദേശികൾക്കു മാത്രമല്ല, വിദേശികൾക്കു പോലും ഒരു വോട്ട് അല്ല, എത്രതവണ വേണമെങ്കിലും വോട്ടു ചെയ്യാവുന്ന അവസ്ഥയുണ്ടാക്കിവച്ചിരിക്കുന്നു.
തിരഞ്ഞെടുപ്പു കമ്മിഷന്റെ തന്നെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ.
തെളിവുകൾ നിസ്സാരമല്ലെന്നിരിക്കെ, അവ അന്വേഷിക്കാൻ ധാർമികമായി ബാധ്യതയുള്ള തിരഞ്ഞെടുപ്പു കമ്മിഷൻ, എന്തുകൊണ്ടു നേരത്തേ പരാതി ഉന്നയിച്ചില്ലെന്ന തികച്ചും ദുർബലമായ വാദമാണ് ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ ഒരേ തൂവൽപക്ഷികളായ ബി.ജെ.പിയും കക്ഷിചേർന്ന് പതിവുപോലെ, രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ശക്തികളുമായി ഒത്തുകളിക്കുന്നു എന്ന പഴകിതുരുമ്പിച്ച ആരോപണം ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെയും ഭരണകക്ഷിയുടെയും പ്രതികരണങ്ങൾ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കു തെല്ലും വിശ്വസനീയമായ മറുപടി ആകുന്നതേയില്ല.
നീതിയുക്തവും സുതാര്യവുമായി തിരഞ്ഞെടുപ്പുകൾ നടത്തുകയും അതു രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതു തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കർത്തവ്യമാണ്. തെളിവുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങളോടു കമ്മിഷൻ പുലർത്തുന്ന നിലപാട് തീർച്ചയായും അപലപനീയമാണ്, ജനാധിപത്യവിരുദ്ധവുമാണ്. പ്രിയ പൗരന്മാരെ ഇത്തരത്തിലുണ്ടാക്കിയെടുത്ത ഭരണത്തിൻ കീഴിലാണല്ലോ നാം ജീവിക്കുന്നത് എന്നത് മറക്കാതിരിക്കുക.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
