നോയിഡയിലെ ആദ്യ വനിതാ കളക്ടർ മേധ രൂപം ഐ.എ.എസ്: നേട്ടങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും വഴിയിലൂടെയുള്ള യാത്രയിലാണ്. എന്നാലിപ്പോഴിതാ മതിയായ തെളിവുകളില്ലാതെ ഇവർ നടത്തിയ അധികാര ദുർവിനിയോഗത്തിന് മേധയും മറ്റ് ഉദ്യോഗസ്ഥരും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നു..!
ഉത്തർപ്രദേശിലെ പ്രമുഖ വ്യാവസായിക നഗരമായ ഗൗതം ബുദ്ധ നഗറിൽ (നോയിഡ) ആദ്യമായി ഒരു വനിതാ ജില്ലാ മജിസ്‌ട്രേറ്റും കളക്ടറുമായി ചുമതലയേറ്റ വ്യക്തിയാണ് മേധ രൂപം ഐ.എ.എസ്. തിളക്കമാർന്ന കരിയറും അഭിമാനകരമായ കുടുംബ പശ്ചാത്തലവുമുള്ളവരാണിവരെന്ന് അച്ചടി ദൃശ്യമാധ്യമങ്ങൾ ഇക്കണ്ട കാലമത്രയും കൊട്ടിഘോഷിച്ചിരുന്നു. ദേശീയതല ഷൂട്ടിംഗ് താരം എന്ന നിലയിൽ നിന്നും സിവിൽ സർവീസിലെ ഉന്നത പദവിയിലേക്കെത്തിയ ചരിത്രം ഏവർക്കും പ്രചോദനമാണെന്നു പ്രകീർത്തിച്ചവരും ഏറെ.
ആഗ്രയിൽ ജനിച്ച മേധയുടെ സ്‌കൂൾ വിദ്യാഭ്യാസം കേരളത്തിലായിരുന്നു. തുടർന്ന് ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. കായികരംഗത്തും മികവ് തെളിയിച്ച അവർ സംസ്ഥാന, ദേശീയ തലങ്ങളിൽ തിളങ്ങിയ ഒരു റൈഫിൾ ഷൂട്ടർ കൂടിയായിരുന്നുവെന്ന് വിസ്മരിക്കുന്നില്ല. ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണറായ ജ്ഞാനേഷ് കുമാർ ഐ.എ.എസിന്റെ മകളായ മേധ, 2014ൽ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ പത്താം റാങ്ക് കരസ്ഥമാക്കി.
ഉത്തർപ്രദേശ് കേഡറിലെ ഉദ്യോഗസ്ഥയായ മേധ രൂപം ബറേലി ജില്ലയിൽ അസിസ്റ്റന്റ് മജിസ്‌ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് മീററ്റ്, ഹാപ്പൂർ, കാസ്ഗഞ്ച് തുടങ്ങി യു.പിയിലെ നിരവധി ജില്ലകളിൽ ഉന്നത പദവികളിൽ സേവനമനുഷ്ഠിച്ചു.
2023 ഫെബ്രുവരി മുതൽ 2024 ജൂൺ വരെ ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ അഡീഷണൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും അവർ പ്രവർത്തിച്ചു. എന്നാൽ ഈ പദവികളിലെല്ലാം ഇരിക്കുമ്പോൾ ഇവർക്ക് ജനങ്ങളോട് യാതൊരു മമതയുമില്ലെന്നതാണ് വാസ്തവം..! ഭരണകൂടത്തെ എങ്ങിനേയും തൃപ്തിപ്പെടുത്തുക എന്നതിൽ മാത്രമാണ് ശ്രദ്ധ.
ആ വാസ്തവം അലഹാബാദ് ഹൈക്കോടതിയാണ് വിളിച്ചു പറഞ്ഞത്. ഔദ്യോഗിക ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇങ്ങനെ ചില കുറുക്കുവഴികളൊക്കെ വേണമായിരിക്കും. ഈയിടെ നോയിഡയിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്, ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വിദ്യാർത്ഥിനിയെ തടങ്കലിലാക്കാൻ ഉത്തരവിട്ട ഈ കളക്ടറുടെ നടപടിയെ അലഹാബാദ് ഹൈക്കോടതി അതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥിനി ആകൃതി ചൗധരിയെ എൻ.എസ്.എ ചുമത്തി തടവിലാക്കാൻ കളക്ടർ കാണിച്ച തിടുക്കം പരിഹാസ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ആവശ്യമായ പരിശോധനകളോ തെളിവുകളോ ഇല്ലാതെയാണ് ഇത്തരം ഗുരുതരമായ നിയമങ്ങൾ പ്രയോഗിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. വിദ്യാർത്ഥിനിയെ തടവിലിടാൻ ഉത്തരവിട്ട കളക്ടർ മേധ രൂപം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി വിദ്യാർത്ഥിനിക്ക് നൽകാനും കോടതി ഉത്തരവിടുകയുണ്ടായി.
രാജ്യത്തെ ഐ.എ.എസ് ബ്യൂറോക്രാറ്റുകൾ ജനധിപത്യത്തിന്റെ യജമാനന്മാരല്ല, മറിച്ച് ജനങ്ങളുടെ സേവകരാണെന്ന് ഭരണഘടന നമ്മെ ഓർമ്മിപ്പിക്കുന്നു. ഉദ്യോഗസ്ഥർ മാനുഷിക മുഖത്തോടെ പെരുമാറാത്തപക്ഷം ജനാധിപത്യത്തിന്റെ യഥാർത്ഥ ലക്ഷ്യം തന്നെ വഴിമാറിപ്പോകും. മേധ രൂപവും അവരുടെ അച്ഛനുമായ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ ഐ.എ.എസും ജനപക്ഷത്തുനിന്നു ചിന്തിക്കാൻ ഒരിക്കലും തയ്യാറാകുന്നില്ലെന്നാണ് ജനസംസാരം..!
യുപിയിലെ നോയിഡയിൽ കഴിഞ്ഞ ഏപ്രിലിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരത്തിന്റെ വീഡിയോ എടുത്തതിനാണ് ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയും ആക്ടിവിസ്റ്റുമായ ആകൃതി ചൗധരിയെ ദേശ സുരക്ഷാ നിയമം ചുമത്തി ജയിലിൽ അടച്ചത് ഈ സ്ത്രീയുടെ ഉത്തരവ് പ്രകാരമായിരുന്നു. ആ ഉത്തരവാണ് ഇപ്പോൾ അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്.
ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ മേധയുടെ ആ നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മതിയായ തെളിവുകളില്ലാതെ ഉദ്യോഗസ്ഥർ നടത്തിയ അധികാര ദുർവിനിയോഗത്തിന് മേധയും മറ്റ് ഉദ്യോഗസ്ഥരും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.
അർണാബ് ഗോസാമിക്ക് ജാമ്യം കൊടുക്കാൻ അർദ്ധരാത്രിയിലും കോടതി ഇടപെടും; എന്നാൽ നിരപരാധികളായ യുവതിക്ക് മാസങ്ങളും വർഷങ്ങളും ജയിലിൽ കഴിയേണ്ടി വരുമെന്നു ചുരുക്കം..!
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
